നെൽകർഷകർക്ക് ഭീഷണിയായി മുഞ്ഞ ബാധ; ഏക്കർകണക്കിന് നെൽകൃഷി നശിച്ചു
text_fieldsമീനങ്ങാടി: ജില്ലയിലെ നെൽകർഷകർക്ക് ഭീഷണിയായി നെൽവയലുകളിൽ മുഞ്ഞ ബാധ വ്യാപിക്കുന്നു. മുഞ്ഞ എന്ന കീടം പടർന്നുപിടിച്ചതോടെ ഏക്കർ കണക്കിന് നെൽകൃഷിയാണ് നശിച്ചത്. കീട ബാധ സ്ഥിരീകരിച്ചതോടെ കർഷകർക്ക് മുന്നറിയിപ്പുമായി കൃഷി വകുപ്പ് അധികൃതരും രംഗത്തെത്തി.
വിലത്തകർച്ചയും ഉൽപാദനച്ചെലവിലെ വർധനയും വന്യമൃഗശല്യവുമെല്ലാം കാരണം ദുരിതത്തിലായ നെൽകർഷകർക്ക് ഇരുട്ടടിയായാണ് മുഞ്ഞ ബാധ
നെൽവയലുകളിൽ പടർന്നുപിടിക്കുന്നത്.
ബ്രൗൺ പ്ലാന്റ് ഹോപ്പർ ബി.പി.എച്ച് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ കീടബാധയുണ്ടായാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഏക്കർ കണക്കിന് സ്ഥലത്തെ നെൽകൃഷി പൂർണമായും നശിച്ചു പോകും.
മീനങ്ങാടി ഗ്രാമപഞ്ചായത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി പാടശേഖരങ്ങളിൽ വിളവെടുപ്പിന് പാകമായതടക്കം ഏക്കർ കണക്കിന് നെൽകൃഷിയാണ് ഇതിനോടകം നശിച്ചത്. കൃഷിയാരംഭത്തിലെ മുന്നൊരുക്കം നടത്തണമെന്നും കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
എന്നാൽ, അതിര, ജ്യോതി, ഭാരതി, ഐശ്വര്യ തുടങ്ങി പ്രതിരോധശേഷികൂടിയ നെല്ലിനങ്ങളെ കീടബാധ കാര്യമായി ബാധിച്ചിട്ടില്ല. കീടബാധ ബാധിച്ചാൽ ആ ഭാഗത്തെ കൃഷി പൂർണമായും കരിഞ്ഞുണങ്ങും.
അമ്പലവയൽ കാർഷിക കേന്ദ്രത്തിലെ ഗവേഷകരും കൃഷി വകുപ്പ് അധികൃതരും കീടബാധയുണ്ടായ പാടശേഖരങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്. കീടബാധ ശ്രദ്ധയിൽപെട്ടാൽ ഉടനെ അതത് സ്ഥലത്തെ കൃഷി ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ കീനാശിനി പ്രയോഗിച്ച് വ്യാപനം തടയണമെന്നാണ് കൃഷി വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. വെള്ളം കെട്ടിനിൽക്കുന്ന പാടശേഖരങ്ങളിൽ അതൊഴിവാക്കിയ ശേഷം രണ്ട് പ്രാവശ്യം വെള്ളം നിർത്തി ഒഴിവാക്കുന്നതും ഒരു പരിധി വരെ കീടബാധ ഒഴിവാക്കാൻ സഹായകരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. നമ്മുടെ ജില്ലയിലെ കാലാവസ്ഥയിൽ നൈട്രജൻ വളങ്ങളുടെ ഉപയോഗം കുറച്ച് പൊട്ടാഷ് ആവശ്യാനുസരണം ഉപയോഗിക്കുന്നതും ഗുണകരമാകും. വിവിധയിനം അരികളുടെ വില കുത്തനെ വർധിച്ച സാഹചര്യത്തിൽ സ്വന്തം ആവശ്യത്തിനായി നെൽകൃഷിയിറക്കിയവരടക്കമുള്ളവരാണ് കീടബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.