ചെങ്കല്പ്പാറയില് ഡ്രാഗണ് ഫ്രൂട്ട് കൃഷിയുമായി അമല്
text_fieldsനീലേശ്വരം : ചെങ്കല് പാറകള്ക്കിടയില് ചെങ്കടലായി പടര്ന്നു പന്തലിക്കുന്ന ഡ്രാഗണ് ഫ്രൂട്ട് ചെടികളുടെ ലോകത്തേക്ക് ഒരു യുവ അധ്യാപകൻ. പാറക്കെട്ടുകളെ ഹരിതാഭമാക്കി ചുവന്ന പഴങ്ങളുടെ വിസ്മയക്കാഴ്ച തീര്ക്കുകയാണ് കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി. സ്കൂളിലെ താല്കാലിക അധ്യാപകനായ ഭീമനടി സ്വദേശി അമൽജോസ്. പള്ളപ്പാറയിലെ ഒന്നര ഏക്കറോളം വരുന്ന ചെങ്കല്പ്പാറയിൽ 'മലേഷ്യന് റെഡ്' ഇനത്തില്പ്പെട്ട ഡ്രാഗണ് ഫ്രൂട്ട് കൃഷിയാണ് ചെയ്യുന്നത്.
ചെങ്കല്ലുകൊണ്ട് ഏഴടി ഉയരമുള്ള 400 തൂണുകള് നിര്മിച്ച് ഓരോന്നിലും നാലു വീതമായി 1600 ചെടികൾ നട്ടു ആദ്യവര്ഷം മുതല് കായ്ക്കുന്ന ഡ്രാഗണ് ഫ്രൂട്ടില് മൂന്നോ നാലോ വര്ഷമാകുമ്പോഴാണ് മികച്ച വിളവ് ലഭിക്കുന്നത്. ആറുവര്ഷം പൂര്ത്തിയായ ചെടികളില്നിന്ന് ഒരേക്കറില് ഏകദേശം 7000 കിലോ വരെ വിളവ് ലഭിക്കാമെന്നാണ് അമലിന്റെ അനുഭവം. ശരിയായ പരിചരണം നല്കിയാല് 15 വര്ഷം വരെ ചെടികള് ഫലം നല്കും. ജൂണ്, ജൂലൈ മാസങ്ങളാണ് പ്രധാന വിളവുകാലം.
എം.എസ്.സി കെമിസ്ട്രി ബിരുദധാരിയായ ഭാര്യ റിതു മാത്യു, പിതാവ് എസ്.കെ.ജി.എം.എ. സ്കൂളിലെ റിട്ട: അധ്യാപകന് വി.ജെ. ജോസഫ്, മാതാവ് റിട്ട. പ്രധാനാധ്യാപിക ബ്രിജിത് എന്നിവര്ക്കൊപ്പമാണ് അമല് കൃഷിപ്പണികള് നടത്തുന്നത്. ചാണകം, കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിന്പിണ്ണാക്ക് എന്നിവയാണ് പ്രധാന വളങ്ങള്. രാസവളങ്ങള് ഒഴിവാക്കി പൂര്ണമായും ജൈവവളങ്ങള് ഉപയോഗിച്ചാണ് കൃഷി. അധ്യാപനവും കൃഷിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അമല് ജോസിന്റെ ജീവിതം പുതിയ തലമുറക്ക് പകരുന്നത് വ്യക്തമായ സന്ദേശമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

