കേരളത്തിലെ മുഴുവൻ നാട്ടുമാവിനങ്ങളും ഒന്നിച്ച്; ആദ്യ സംരക്ഷണ ഗവേഷണ തോട്ടം തൃശൂർ പൊലീസ് അക്കാദമിയിൽ
text_fieldsതൃശൂർ: നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണം എന്നിവ ലക്ഷ്യമിട്ട് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'നാട്ടുമാഞ്ചോട്ടിൽ' കൂട്ടായ്മയുടെ സഹകരണത്തോടെ തൃശൂർ കേരള പൊലീസ് അക്കാദമിയിൽ കേരളത്തിലെ മുഴുവൻ നാട്ടുമാവിനങ്ങൾക്കുമായി സംരക്ഷണ ഗവേഷണ തോട്ടം ഒരുക്കുന്നു. കേരളത്തിലെ പേരുള്ള മുഴുവൻ നാട്ടുമാവിനങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയ പേരില്ലാത്ത വളരെ മികച്ച നാട്ടുമാവിനങ്ങളും നട്ടുപിടിപ്പിച്ച് സംരക്ഷിത തോട്ടം തയ്യാറാക്കും.
തിരുവനന്തപുരം ജില്ലയിൽ നിന്ന് കോട്ടൂർക്കോണം മാങ്ങ, താളി മാങ്ങ, പഞ്ചാര വരിക, ചാമ്പ വരിക, കപ്പ മാങ്ങ, ചെമ്പഴന്തി മാങ്ങ, ഉണ്ട വരിക്ക തുടങ്ങിയ ഇനങ്ങളും, കൊല്ലം ജില്ലയിൽ നിന്ന് മൈലാപ്പ്, പോളച്ചിറ കർപ്പൂരം തുടങ്ങിയവയും, കോട്ടയത്തുനിന്ന് അട്ടനാറിയും, ഇടുക്കിയിൽ നിന്ന് പ്ലാത്തി മാങ്ങയും, എറണാകുളത്തുനിന്ന് കല്ലു കെട്ടിയും, ചുങ്കിരിയും, മൂവാണ്ടനും, വലിയ കിളിച്ചുണ്ടനും ചെറിയ കിളിച്ചുണ്ടനും, മല്ലുശ്ശേരിയും, തൃശ്ശൂരിൽനിന്ന് പ്രിയൂരും, കോട്ടപ്പറമ്പനും, തൊലി കൈപ്പനും, മുതല മൂക്കനും, മലപ്പുറത്തുനിന്ന് മയിൽപീലിയും, പാലക്കാട് നിന്ന് ചിറ്റൂരും, ചീരിയും, കോഴിക്കോട് നിന്ന് പണ്ടാരക്കണ്ടിയും, നീലപ്പറങ്കിയും, ഒളോറും, ചേലനും, കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരും, കുണ്ടനും, കണ്ടമ്പേത്തും, ബപ്പക്കായിയും, കാസർകോട് നിന്ന് കുറുക്കൻ മാവുമടക്കം പേരുള്ളതും, പേരില്ലാത്തതുമായ കേരളത്തിന്റെ സ്വന്തം മാവിനങ്ങൾ ഇവിടെ നടും.
തൃശൂരിലെ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് (എൻ.ബി.പി.ജി.ആർ) ഈ പ്രവൃത്തിക്ക് സാങ്കേതിക സഹായം നൽകും. ഒക്ടോബർ മാസത്തിന് മുമ്പായി പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ മുഴുവൻ നാട്ടുമാവുകളെയും കുറിച്ചുള്ള റഫറൻസ് ഗ്രന്ഥം “നാട്ടുമാവുകൾ മിണ്ടിത്തുടങ്ങുന്നു” എന്ന പേരിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. പുസ്തകം പുറത്തിറങ്ങുമ്പോൾ തന്നെ അതിൽ പരാമർശിക്കുന്ന മുഴുവൻ മാവിനങ്ങളും ഒറ്റ കേന്ദ്രത്തിൽ നട്ടു പരിപാലിക്കുക എന്ന തീരുമാനത്തിന്റെ കൂടി ഭാഗമായാണ് കേരള പൊലീസ് അക്കാദമിയിൽ ഇത്തരത്തിൽ തോട്ടം തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

