മഴക്കെടുതി; കർഷകർക്ക് എല്ലാ സഹായവും നൽകും –കൃഷി മന്ത്രി
text_fieldsകൃഷിമന്ത്രി പി. പ്രസാദ് ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളി പ്രദേശം സന്ദർശിക്കുന്നു
കോട്ടയം: കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.
കൃഷിഭൂമി പൂർവനിലയിലാക്കാൻ അനുയോജ്യമായ പദ്ധതി ആവിഷ്കരിക്കും. തൊഴിലുറപ്പ് പദ്ധതിയെ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത സർക്കാർതലത്തിൽ ആലോചിച്ച് തീരുമാനിക്കും.
കൃഷിനാശത്തിെൻറ കൃത്യമായ കണക്കെടുപ്പ് നടത്താൻ നിർദേശിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയമിച്ചിട്ടുണ്ട്. കൃഷി മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
5742 ഹെക്ടർ സ്ഥലത്ത് നാശം
പ്രാഥമിക കണക്കുപ്രകാരം കോട്ടയം ജില്ലയിൽ 5742 ഹെക്ടർ സ്ഥലത്തായി 59.3 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. ഇടുക്കി ജില്ലയിൽ 281 ഹെക്ടർ കൃഷി ഭൂമിയാണ് നശിച്ചത്. 9.20 കോടിയുടെ നാശനഷ്ടവും കണക്കാക്കപ്പെട്ടിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളായ കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, ഇടയാർ, ഇളംകാട് എന്നിവയും ഇടുക്കി ജില്ലയിലെ അമലഗിരി, നിർമലഗിരി, നാരകംപുഴ, കൊടികുത്തി പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. കൊക്കയാറിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.