താമര ഇനങ്ങൾക്ക് അംഗീകാരം നേടി അജിത
text_fieldsകെ.വി. അജിത പുതിയ ഇനം താമരക്കൊപ്പം
പത്തനംതിട്ട: തിരുവല്ലക്ക് സ്വന്തമായി രണ്ട് താമര ഇനങ്ങൾ. തിരുവല്ല സ്വദേശിനി കെ.വി. അജിത വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഇനം താമരകളായ മയൂരി, പനിനീർ എന്നിവക്കാണ് കേന്ദ്ര സർക്കാറിന്റെ പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷൻ ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചത്. പുതിയ സസ്യ ഇനങ്ങള്‍ വികസിപ്പിക്കുന്നവർക്ക് അവകാശ സംരക്ഷണം നല്കുന്നതിനോടൊപ്പം കര്‍ഷകരുടെ പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് ഈ അംഗീകാരം. തിരുവല്ല തുകലശ്ശേരി ആലഞ്ചേരിൽ വീട്ടിൽ കെ.വി. അജിത വികസിപ്പിച്ച 'മയൂരി' ഇനം കടുംപിങ്ക് നിറത്തിലുള്ള പൂക്കൾ വലുപ്പം കൊണ്ടും പ്രത്യേകത നിറഞ്ഞതാണ്. മാത്രമല്ല, ചെറിയ കണ്ടെയ്നറുകളിലും കുളങ്ങളിലുമുള്ള താമരകൃഷിക്ക് അനുയോജ്യവുമാണ്. ‘പനിനീര്’ എന്ന ഇനം ധാരാളം ദളങ്ങളുള്ള മൃദുവായ പിങ്ക് നിറത്തിലുള്ള പൂക്കളും സുഗന്ധമുള്ളതുമാണ്. താമര പൂക്കളോടുള്ള ഇഷ്ടം കാരണം വീടിന്റെ മട്ടുപ്പാവിൽ എട്ടുവർഷം മുമ്പ് അജിത തുടങ്ങിയ താമരകൃഷി ഇന്ന് മികച്ച ഒരു വരുമാനമാർഗംകൂടിയാണ്. കേരളത്തിൽ ഇനിയും ധാരാളം പേർ ഈ കൃഷിയിലേക്ക് തിരിയണമെന്നാണ് തന്റെ ആഗ്രഹമെന്നും ഈ കർഷക പറയുന്നു.
പീച്ച് ലേഡി, വജ്ര, ബേബി ക്യൂൻ, മാരിഗോൾഡ്, സ്നോബൗൾ തുടങ്ങി സ്വന്തമായി നിർമിച്ച 15 തരം വെറൈറ്റികൾ ഉൾപ്പെടെ 75 തരം താമര ഇനങ്ങളാണ് പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പിന്തുണയോടെ അജിതയുടെ വീടിന്റെ മട്ടുപ്പാവിൽ കൃഷിചെയ്യുന്നത്. 5000 രൂപവരെ വിലയുള്ള വെറൈറ്റികളാണിവ. താമരകൃഷിക്കൊപ്പം സ്വന്തം വീട്ടിലേക്കവശ്യമായ പച്ചക്കറികൾ വിളയിക്കുന്ന ചെറിയൊരു അടുക്കളത്തോട്ടവുമുണ്ട് ടെറസിൽ. സ്ഥലപരിമിതി ഉണ്ടെങ്കിലും ചെറിയൊരു ഫലവൃക്ഷ തോട്ടവും പരിപാലിക്കുന്നുണ്ട്. കർഷകക്ക് പൂർണ പിന്തുണയുമായി ഭര്‍ത്താവ് പ്രദീപ് കുമാറും മകൻ പ്രജിത്തും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

