വയനാടി​െൻറ പരിസ്ഥിതി നാശത്തിലേക്ക് വിരല്‍ചൂണ്ടി ‘ബേണിംഗ് പാരഡൈസ്’  

12:19 PM
24/12/2016

മഴയുടെ ഗണ്യമായ കുറവും നിരന്തരമായി ഭുമിക്കുമേല്‍ നടക്കുന്ന ബലാല്‍ക്കരങ്ങളുംമൂലം പശ്ചിമഘട്ട മേഖലയില്‍ ഉണ്ടാവുന്ന വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ‘ബേണിംഗ് പാരഡൈസ്’  ഡോക്യുമെന്‍്ററിയുടെ ചിത്രീകരണം വയനാടില്‍ ആരംഭിച്ചു.പശ്ചിമഘട്ട മലനിരകളില്‍ സ്വര്‍ഗതുല്ല്യമായ സൗന്ദര്യവും സസ്യ-ജൈവ വൈവിധ്യവുമുള്ള പ്രദേശമാണ് വയനാട്. ഒരുകാലത്ത് 75ശതമാനത്തോളം വനമായിരുന്ന വയനാട്ടില്‍ ഇന്ന് മരങ്ങളൊഴിഞ്ഞുതീര്‍ന്നു. വിദേശികളെപ്പോലും കൊതിപ്പിച്ചിരുന്ന കുളിര് പോയി കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും വയനാട് മാറി.

അനിയന്ത്രിത മരംമുറിയും പ്രകൃതിവിരുദ്ധമായ നിര്‍മാണപ്രവര്‍ത്തനങ്ങളും കൃഷിരീതികളുമാണ് പ്രധാനമായും വയനാടിന്‍്റെ നാശത്തിന് കാരണമായത്. ക്വാറി- ക്രഷര്‍ വ്യവസായം തഴച്ചുവളരുകകൂടി ചെയ്തപ്പോള്‍ ആസന്ന മരണത്തിലേക്ക് കണ്ണുനട്ടിരിക്കയല്ലാതെ മറ്റു മാര്‍ഗമില്ലാതെയായി വയനാടിന്. മഴക്കുറവുമൂലം വയനാട്ടില്‍ ഈയിടെ സംഭവിച്ച വന്‍ദുരന്തമാണ് ആയിരക്കണക്കിന് ഏക്കര്‍ വയലുകളിലുണ്ടായ നെല്‍കൃഷിനാശം. പനമരം പഞ്ചായത്തിലെ രണ്ടു പാടശേഖരങ്ങളിലായി 400ലേറെ കൊയ്യാന്‍ പ്രായമായ നെല്ലാണ് കരിഞ്ഞുണങ്ങിപ്പോയത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, തിരുനെല്ലി തുടങ്ങിയ മേഖലകളിലും വന്‍തോതില്‍ നെല്‍കൃഷി ഉണങ്ങിപ്പോയി.

വയല്‍ പാട്ടത്തിനെടുത്താണ് നിര്‍ധനകര്‍ഷകര്‍ ഇവിടെ കൃഷി ഇറക്കുന്നത്. പുറമെ ബാങ്ക് വായ്പയും. ഒരു ഏക്കര്‍ കൃഷി ഇറക്കാന്‍ 35000രൂപയോളം ചെലവു വരും. ഇത്തവണ ഏക്കറില്‍നിന്ന് 2000രൂപയുടെ നെല്ലുപോലും കിട്ടുകയില്ളെന്ന് കര്‍ഷകര്‍ പറയുന്നു. ഭീതിദമായ ഇത്തരം വിഷയങ്ങളാണ് ഇങ്ങനെയൊരു ഡോക്യൂമെന്‍്ററിക്കുള്ള പ്രചോദനമെന്ന് ചിത്രത്തിന്‍്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി പറഞ്ഞു.2015 ആഗസ്ത് 31വരെ വയനാട്ടില്‍ ലഭിച്ച മഴയുടെ 59ശതമാനം കുറവാണ് ഈ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായത്. കടുത്ത വേനല്‍മൂലം കബനി മെലിഞ്ഞുണങ്ങി ഊര്‍ദ്ധശ്വാസം വലിക്കുന്നു. വയനാടിന്‍്റെ ഭൂവിസ്ത്രൃതിയുടെ 76ശതമാനവും കബനിയുടെ വൃസ്ഷ്ടിപ്രദേശമാണ്.

അന്തരീക്ഷ ഊഷ്മാവിന്‍്റെ ആധിക്യം ആഗോളപ്രതിഭാസമാണ്. ഇതിന്‍്റെ ഭീകരമായ ഭവിഷ്യത്ത് തടയുന്നതിന് അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍ മുന്‍കരുതല്‍ എന്നോ ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ രാജ്യം ഈ കാര്യത്തില്‍ നിസംഗത തുടരുന്നു എന്നുമാത്രമല്ല പരിസ്ഥിതിനാശത്തിന് ആക്കം കൂട്ടുന്നതരത്തിലുള്ള ‘വികസനപ്രവര്‍ത്തനങ്ങള്‍’ കൊട്ടിഘോഷിച്ച് നടപ്പാക്കുകയും ചെയ്യുന്നു.പശ്ചിമഘട്ട മേഘലയായ വയനാട്, ഇടുക്കി തുടങ്ങിയവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ്. സൂക്ഷ്മാണുക്കളുള്‍പ്പടെ കോടിക്കണക്കിന് അപൂര്‍വ ജീവജാലങ്ങളുടെ അഭയഭൂമിയാണിത്. അതുകൊണ്ടുതന്നെ വരാന്‍പോകുന്ന, പ്രാണവായുവിനും കുടിവെള്ളത്തിനുപോലും അലയേണ്ടിവരുന്ന അപകടകരമായ വരുംകാല ഭാവിയെ തടയാന്‍ പ്രവര്‍ത്തനം ശക്തമാക്കേണ്ടതും ഇവിടെതന്നെ.

ഈ വിഷയത്തിന്‍്റെ ഗൗരവം വിദ്യാര്‍ഥികളടക്കം സമൂഹത്തിലെ എല്ലാവര്‍ക്കും ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ‘ബേണിംഗ് പാരഡൈസ്’ എന്ന 45 മിനുട്ട് ഡോക്യൂമെന്‍്ററി. കബനി, കവേരി നദികളെയും വയനാടിനെയും പ്രധാനമായി കേന്ദ്രീകരിക്കുന്നുവെങ്കിലും ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട തുടങ്ങിയ പശ്ചിമഘട്ട ജില്ലകളിലെ പ്രശ്നങ്ങളും ചര്‍ച്ചയാക്കുന്നുണ്ട്.
കേരളത്തിലെ പ്രമുഖ ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഉപദേശ നിര്‍ദേശങ്ങളോടെയാണ് ഡോക്യൂമെന്‍്ററിയുടെ സാക്ഷാത്ക്കാരം നിര്‍വഹിക്കുന്നത്. 

COMMENTS