Begin typing your search above and press return to search.
exit_to_app
exit_to_app
അറിവിന്‍െറ  ഇ -കാര്‍ഷികം
cancel


 കേരളത്തിലെ വിളകളെയും കൃഷിയെയും കുറിച്ച് ഇന്‍റര്‍നെറ്റില്‍ വിവരങ്ങള്‍ തേടുന്നവര്‍ക്ക് പച്ചമലയാളത്തില്‍ അറിവുകള്‍ നല്‍കുന്ന www.karshikarangam.com ഹരിതകേരളത്തിന്‍െറ മേല്‍വിലാസമായി മാറുന്നു. ഇവിടെ ആര്‍ക്കും സംശയങ്ങള്‍ ചോദിക്കാം, ഏതളവിലും ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വെക്കാം, സമാനമനസ്കരുമായി ചങ്ങാത്തം കൂടാം, ആശയങ്ങള്‍ പങ്കുവെക്കാം... 
ടീം ചേതന എന്ന ഒമ്പതംഗ ടീമിന്‍െറ ഒരു വര്‍ഷത്തെ അധ്വാനത്തിന്‍െറ ഫലമാണ് ഈ വെബ്സൈറ്റ്. സാങ്കേതിക-കാര്‍ഷിക വിദഗ്ധര്‍ അടങ്ങിയ ടീം ആയിരത്തിലധികം എ4 പേജുകളിലുള്ള കാര്‍ഷിക വിജ്ഞാനമാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൊല്ലം ചിങ്ങം ഒന്നിന് നിലവില്‍വന്ന സൈറ്റിന് ഫേസ്ബുക് ലിങ്കുമുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കര്‍ഷകര്‍ പേജ് ലൈക് ചെയ്തിട്ടുണ്ട്. സന്ദര്‍ശകരില്‍നിന്ന് ലഭിച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ച് നവംബര്‍ ആദ്യവാരം വിസിറ്റേഴ്സ് കൗണ്ടറുംവെച്ചു. ഇതിനകം സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണം 30,000 കവിഞ്ഞു. സന്ദര്‍ശകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് മാത്രമായി ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. 
വിജ്ഞാനം, സേവനം, കാഴ്ചപ്പാട് എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളാണ് ഈ സൈറ്റിനുള്ളത്. ഒന്നാമത്തെ വിഭാഗത്തില്‍ കേരളത്തില്‍ ഇന്ന് കൃഷി ചെയ്തിരിക്കുന്ന എല്ലാ വിളകളെയും കാര്‍ഷിക സമ്പ്രദായങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണുള്ളത്. ഹൈടെക് കൃഷി, അടുക്കളത്തോട്ടം, പൂന്തോട്ടം, ജൈവകൃഷി, ജീവാണുവളങ്ങള്‍, ജീവാണുമിശ്രിതങ്ങള്‍, ശീതകാല പച്ചക്കറികള്‍, ലഘുയന്ത്രങ്ങള്‍ എന്നിങ്ങനെ ഇന്നത്തെ കാലത്ത് പ്രചാരത്തിലുള്ള കാര്‍ഷിക വിഭാഗങ്ങള്‍ മുതല്‍ നെല്ല്, തെങ്ങ്, സുഗന്ധവിളകള്‍, വാണിജ്യവിളകള്‍, കിഴങ്ങുവിളകള്‍ തുടങ്ങിയ പരമ്പരാഗത കാര്‍ഷിക വിഭാഗങ്ങള്‍വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും സാധ്യമാകുന്നത്ര ഉപവിഭാഗങ്ങള്‍ തിരിച്ചിട്ടുമുണ്ട്. 
ഉദാഹരണത്തിന് അടുക്കളത്തോട്ടം എന്ന വിഭാഗത്തില്‍ പ്ളാനിങ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടെറസിലെ പച്ചക്കറികൃഷി, ഫാമിലി വെജിറ്റബ്ള്‍ ബാഗ്, തടമൊരുക്കല്‍, നടീല്‍ മിശ്രിതം തയാറാക്കല്‍ തുടങ്ങിയ പൊതുവിവരങ്ങള്‍ മുതല്‍ ഓരോ പച്ചക്കറിയിനം തിരിച്ചുള്ള കാര്‍ഷിക പാഠങ്ങള്‍ വരെയാണുള്ളത്. ഹൈടെക് കൃഷി എന്ന വിഭാഗത്തിലാകട്ടെ പോളിഹൗസിലെ കൃഷി, ഗ്രീന്‍ഹൗസിലെ കൃഷി, മഴമറക്കുള്ളിലെ കൃഷി, ഫെര്‍ട്ടിഗേഷന്‍ തുടങ്ങിയ സാങ്കേതിക സ്വഭാവമുള്ള അറിവുകളെല്ലാം ലളിതഭാഷയിലാണ് ചേര്‍ത്തിരിക്കുന്നത്.


സേവന വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് നാടന്‍ചന്ത എന്ന വിഭാഗത്തിനാണ്. പൂര്‍ണമായും ഇടനിലക്കാരെ ഒഴിവാക്കുക, അടുക്കളത്തോട്ടത്തിലെ അധികമുള്ള ഉല്‍പന്നങ്ങള്‍ ഏതു ചെറിയ അളവിലും വിപണനം നടത്തുന്നതിന് അവസരമൊരുക്കുക എന്നിവയാണ് ഈ വിഭാഗത്തിന്‍െറ ലക്ഷ്യം. 
നൂറുശതമാനം സൗജന്യമായ സേവനമാണ് നാടന്‍ചന്തയില്‍ ലഭിക്കുന്നത്. കേരളത്തില്‍ എവിടെയുമുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ വില്‍ക്കാന്‍ വെക്കാം. ഒപ്പം സ്വന്തം ഫോണ്‍നമ്പറും നല്‍കുക. ആവശ്യക്കാര്‍ക്ക് ഇവരെ നേരിട്ടു ബന്ധപ്പെടാം.  സേവന വിഭാഗത്തിലെ മറ്റു വിഭാഗങ്ങളും കാര്‍ഷിക മേഖലയുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ളതുതന്നെ. ഉദാഹരണം പ്ളാന്‍റ് ക്ളിനിക്ക്. കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുള്ള വേദിയാണിത്. ഫോട്ടോകളും വിഡിയോകളും സഹിതം സംശയം ഉന്നയിക്കാമെന്നതാണ് ഈ പംക്തിയുടെ സവിശേഷത. 
കാര്‍ഷിക സര്‍വകലാശാല മുന്‍ ഗവേഷണ വിഭാഗം മേധാവി ഡോ. ആര്‍.ആര്‍. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്. വിജയകഥകള്‍, നാട്ടറിവുകള്‍, ഓണ്‍ലൈന്‍ പാഠം-വിപണി, കാര്‍ഷിക കൗതുകം, കാര്‍ഷിക കടകളുടെ ജില്ലതിരിച്ചുള്ള പട്ടിക, ധനസഹായം കിട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍, സംരംഭങ്ങള്‍, വിഡിയോ ഗാലറി എന്നിവയും ശ്രദ്ധേയമാണ്. സേവനങ്ങളിലെ ഏറെ വ്യത്യസ്തമായ വിഭാഗമാണ് ടെലിഫോണ്‍ ഡയറക്ടറി. കൃഷി സംബന്ധമായി സംസ്ഥാനത്തുള്ള എല്ലാ ഓഫിസുകളുടെയും ഫോണ്‍ നമ്പറുകള്‍ ജില്ല തിരിച്ച് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്നുള്ള മുഴുവന്‍ സസ്യങ്ങളുടെയും ശാസ്ത്രീയ നാമം വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക്  ഉപയോഗപ്രദമാകും. േ
കാര്‍ഷിക രംഗം ക്ളബ് എന്നത് ഫേസ്ബുക് പോലെയുള്ള സാമൂഹിക മാധ്യമങ്ങളുടെ അതേരീതിയില്‍ തയാറാക്കിയിരിക്കുന്നതാണ്. ഇവിടെ അംഗമായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് സമാനമനസ്കരായ കര്‍ഷകരെ കണ്ടത്തൊനും കൂട്ടുകൂടാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള സൗകര്യമുണ്ട്. ആശയങ്ങള്‍ മാത്രമല്ല കൃഷി സംബന്ധിച്ച് മനസ്സിലുള്ളതെന്തും സന്തോഷകരമായ അനുഭവങ്ങളും ദു$ഖകരമായ അനുഭവങ്ങളുമൊക്കെ പങ്കുവെക്കാം. 
ഈ സൈറ്റിന്‍െറ സ്വീകാര്യത ഇനിയും വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ടീം ചേതന. കേരളത്തിലെ കാര്‍ഷിക വിജ്ഞാന വ്യാപനത്തെ സമൂലം പരിഷ്കരിക്കുന്നവയാകും ഇവയില്‍ പല കാര്യങ്ങളുമെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ഷികരംഗം ഡോട്ട് കോമിന്‍െറ മാതൃകയില്‍ ജീവലോകം ഡോട്ട് കോം എന്ന രണ്ടാമതൊരു വെബ്സൈറ്റും തയാറായിക്കൊണ്ടിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങള്‍, ഓമന മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, ഓമനപ്പക്ഷികള്‍, വളര്‍ത്ത് മീനുകള്‍, അക്വേറിയം മത്സ്യങ്ങള്‍, തേനീച്ചകള്‍ തുടങ്ങി ജീവജാലങ്ങളുടെ സമഗ്ര പഠനമാണ് ഈ സൈറ്റില്‍ ഉദ്ദേശിക്കുന്നത്. 
അതുപോലെ ടീം ചേതനയുടെ തനതു ടച്ചുള്ള വിഭാഗങ്ങളും ഇതിലുണ്ടാകും. 22 വര്‍ഷത്തെ സജീവ കാര്‍ഷിക പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള നെമി ജോര്‍ജാണ് ടീം ചേതനക്ക് നേതൃത്വം കൊടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447001122. 

Show Full Article
TAGS:
Next Story