നിമിഷക്ക് കൃഷി ബെസ്റ്റ് ഓപ്ഷൻ; മധുര ഗാഥയായി കാന്താരി
text_fieldsതൊടുപുഴ: വിളകൾക്ക് വിലയില്ല, അതല്ലെങ്കിൽ ചെയ്യുന്ന കൃഷിയൊക്കെ കീടങ്ങളും കാട്ടുമൃഗങ്ങളും നശിപ്പിക്കുന്നു തുടങ്ങിയ കയ്പേറിയ അനുഭവങ്ങളാണ് ഹൈറേഞ്ചിലെ കർഷകർക്ക് കൂടുതലും. എന്നാൽ, പരീക്ഷണാർഥം തന്റെ പറമ്പിൽ നട്ട കാന്താരി കൃഷിയുടെ 'മധുര' കഥയാണ് നിമിഷ എന്ന യുവകർഷകക്ക് പറയാനുള്ളത്.
ഇടുക്കി തങ്കമണി നെല്ലിപ്പാറ മഞ്ഞപ്പള്ളിൽ നിമിഷ ബി.കോം പഠനശേഷം അക്കൗണ്ടന്റായി ജോലിക്ക് കയറിയെങ്കിലും ഇത്രയൊക്കെ ടെൻഷൻ വേണോ എന്ന ചിന്തയിൽ അവിടെ നിന്ന് ബൈ പറഞ്ഞു. പാരമ്പര്യമായി കർഷക കുടുംബത്തിലെ അംഗമായതിനാൽ പറമ്പിൽ കൃഷി തുടങ്ങുക എന്ന ബെസ്റ്റ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ നമിഷക്ക് അധിക സമയവും വേണ്ടി വന്നില്ല.
ഒട്ടേറെ കൃഷികളെക്കുറിച്ച് ആലോചിച്ച ശേഷമാണ് കാന്താരി കൃഷിയെക്കുറിച്ച് കേൾക്കുന്നത്. അതേക്കുറിച്ച് പഠിക്കാൻ തുടങ്ങിയതോടെ കേട്ടതും അറിഞ്ഞതുമൊന്നുമല്ല കാന്താരിയെന്ന കുഞ്ഞൻ എന്ന് ബോധ്യമായി.
ഭർത്താവ് ലിജോയോട് വിവരം പറഞ്ഞതോടെ കട്ടസപ്പോർട്ടും നിർദേശങ്ങളുമായി അദ്ദേഹവും ഒപ്പം കൂടി. വീടിനോട് ചേർന്നുള്ള 60 സെന്റിൽ 1200 തൈകൾ നട്ടായിരുന്നു തുടക്കം. നട്ടാൽ മാത്രം പോരല്ലോ. വളം ചെയ്തു, നനച്ചു, കള പറിച്ചു. മാസങ്ങൾ പിന്നിട്ടതോടെ കൃഷിയുടെ വിജയഗാഥയാണ് നിമിഷയുടെ കാന്താരി തോട്ടത്തിൽനിന്ന് ഉയരുന്നത്. 1000 ചെടിയിൽനിന്ന് 200 കിലോവരെ ഒരു മാസം മുളക് ലഭിക്കും. കിലോക്ക് 280 രൂപ ഹോൾസെയിൽ വില ഇപ്പോൾ ലഭിക്കുന്നുണ്ട്.
വെള്ളത്തിന് ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം കൂടുമ്പോൾ ചെടികൾ നനച്ചുകൊടുക്കും. വെള്ള ഈച്ച പോലുള്ളവയുടെ ശല്യം, ഇല മുരടിപ്പ്, ചുരുളൽ എന്നിവയൊക്കെ വരാതെ സൂക്ഷിച്ചാണ് പരിചരണം. ചുവട് നനയുന്നതിനെക്കാൾ ഇല നനയണം എന്നതാണ് ചെടി നനക്കലിന്റെ ശാസ്ത്രമെന്ന് നിമിഷ പറയുന്നു. ദിവസേന നനക്കുന്നതാണ് നല്ലത്.
വീട്ടിൽ ആടുള്ളതിനാൽ അതിന്റെ കാഷ്ഠം വളമായി ഉപയോഗിക്കും. എല്ലുപൊടിയും ഇട്ട് കൊടുക്കും. കളകൾ ഇടക്ക് പറിച്ചുമാറ്റും. പരിപാലിച്ചാൽ ഏത് കൃഷിയും ആദായകരാകും എന്നാണ് അനുഭവപാഠം. 200 എണ്ണം വിത്തിനായി മാറ്റി നട്ടിട്ടുണ്ട്. ഓർഡറുകൾ കൂടുതലും കൊറിയർ വഴിയാണ്. മൂന്നാഴ്ച കൂടുമ്പോഴാണ് പ്രധാന വിളവെടുപ്പ്. ആഴ്ചയിലൊരിക്കലും വിളവെടുക്കുന്നുണ്ട്.ആവശ്യക്കാർ തേടിവരുന്നുണ്ട്. ശാസ്ത്രീയമായി കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നിമിഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.