കൃഷിയാണ് സന്തോഷിന്റെ സന്തോഷം
text_fieldsസന്തോഷ് പച്ചക്കറി കൃഷിയിടത്തിൽ
പയ്യന്നൂർ: 500 ഏത്തവാഴകൾ, നീണ്ടുപരന്നുകിടക്കുന്ന സ്ഥലത്ത് പച്ചക്കറികൾ... ഇത്തവണ നല്ല വിളവു കിട്ടി. മാർക്കറ്റിൽ നല്ല വിലയുമുണ്ട്. അതെ, സന്തോഷിന് ഈ ഓണക്കാലം സന്തോഷത്തിന്റേതാണ്. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് സ്വദേശിയും യുവകര്‍ഷകനുമായ സന്തോഷിന് കൃഷി ഹൃദയത്തിൽ ഇടംകണ്ട വികാരമാണ്.
ഓണം വിപണി മുന്നില്‍കണ്ട് പച്ചക്കറി കൃഷി ചെയ്ത സന്തോഷിന്റെ കൃഷിത്തോട്ടത്തിലിപ്പോള് വിളവെടുപ്പിന്റെ കാലമാണ്. കക്കിരിയും വെള്ളരിയും കുമ്പളവും മത്തനും പൂവിട്ടു വിരിഞ്ഞു പാകമായിക്കഴിഞ്ഞു. ഓണത്തിന് ഇനിയും ആഴ്ചകളുണ്ടെങ്കിലും വിളവെടുപ്പു തുടങ്ങിക്കഴിഞ്ഞു. സന്തോഷിന് ചപ്പാരപ്പടവ് പഞ്ചായത്തിലെ ഞണ്ടമ്പലത്തും പരിയാരം, കടന്നപ്പള്ളി പ്രദേശങ്ങളിലും പച്ചക്കറി കൃഷിയുണ്ട്.
സ്വന്തമായി കുറഞ്ഞ ഭൂമി മാത്രമുള്ള സന്തോഷ് കഴിഞ്ഞ പത്തു വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കുന്നത്. ഈ വര്‍ഷം വിവിധയിടങ്ങളിലായി ഏട്ട് ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്. പ്രധാനമായും പച്ചക്കറി കൃഷിയാണ് ചെയ്തുവരുന്നത്. ഈ വര്‍ഷമാണ് നേന്ത്ര വാഴകൂടി ഉൾപ്പെടുത്തിയത്.
കനത്ത മഴയും വന്യജീവികളും കൃഷിക്ക് ഭീഷണിയാണ്. ജൈവ കൃഷിരീതി അവലംബിക്കുന്നതിനാല്‍ കീടശല്യവും പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് സന്തോഷ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലക്ക് തിരിച്ചടിയാവുന്നുണ്ട്. ഇപ്പോള്‍ സാമാന്യം തരക്കേടില്ലാത്ത വില ലഭിക്കുന്നത് സന്തോഷകരമാണ്. കക്കിരിക്കും വെള്ളരിക്കും മോശമല്ലാത്ത വില മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ട്.
പയ്യന്നൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി ഭാഗത്തെ കച്ചവടക്കാര്‍ തോട്ടത്തില്‍ നേരിട്ടെത്തി ഉല്പന്നങ്ങള് വാങ്ങുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് നിലമൊരുക്കി കൃഷി തുടങ്ങുന്നത്. ഈ വര്‍ഷം ആദ്യം മുളച്ചുവന്ന ചെടികള്‍ പന്നികള്‍ നശിപ്പിച്ചതിനാല്‍ വീണ്ടും കൃഷിയിറക്കേണ്ടി വന്നു. ഇതിനാൽ വെള്ളരി വിളയുന്നത് വൈകി. വെള്ളരിക്കക്ക് നല്ല വിലയുണ്ടെങ്കിലും അതിന്റെ ഫലം കിട്ടാതായെന്ന് സന്തോഷ് സങ്കടപ്പെടുന്നു. ആറ് തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ, അധ്വാനത്തിന്റെ ഫലം വിളഞ്ഞുകിടക്കുന്ന കൃഷിയിടം കാണുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഏറ്റവും വലിയ നേട്ടം -സന്തോഷ് പറയുന്നു. കൃഷിവകുപ്പില്‍നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാറില്ലെങ്കിലും മികച്ച യുവ കര്‍ഷകനുള്ള അംഗീകാരം പഞ്ചായത്തുതലത്തില്‍ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

