കണ്ണീർപ്പാടങ്ങൾ; കരിനിലങ്ങളിലെ പുഞ്ചകൃഷി പാഴായി
text_fieldsപുറക്കാട് നാലുചിറ വടക്ക് പാടശേഖരത്തിലെ കരിഞ്ഞനെല്ല് കൃഷിവകുപ്പ് ഉദ്യോഗസ്ഥയെ കാണിക്കുന്ന കര്ഷകന്
അമ്പലപ്പുഴ: ഏറെ പ്രതീക്ഷയോടെ നെൽപാടങ്ങളിൽ കർഷകർ പുഞ്ചകൃഷിക്ക് വിത്തെറിഞ്ഞെങ്കിലും വിളഞ്ഞത് കണ്ണീർ മുകുളങ്ങൾ. പുറക്കാട്, കരുവാറ്റ കരിനിലങ്ങളിലെ നെല്ല് കൊയ്ത് കരക്കെത്തിച്ചെങ്കിലും നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് കർഷകർക്ക് ‘പാറ്റി’യെടുക്കാനായത്. കർഷകരിൽ നാമ്പിട്ട പ്രതീക്ഷകൾ ഓരുവെള്ളത്തിൽ കരിഞ്ഞമരുകയായിരുന്നു.
പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി നാലുചിറ വടക്ക് പാടശേഖരം, ചാലിങ്കൽ, കരുവാറ്റ കൃഷിഭവനിലെ ഈഴങ്കരി എന്നിവിടങ്ങളിലെ വിളവാണ് ഓരുവെളളത്തിൽ നശിച്ചത്. ഇതിൽ നാലുചിറ വടക്ക് പാടത്തെ ചില കർഷകർക്ക് മാത്രം കൊയ്യാനായി. ബാക്കി പലരും കൊയ്യാതെ ഉപേക്ഷിക്കേണ്ടിവന്നു. 140 ഏക്കർ വരുന്ന പാടത്ത് 61 ചെറുകിട കർഷകരാണുള്ളത്. പുഞ്ചകൃഷിയും രണ്ടാംകൃഷിയും സ്ഥിരമായി നടത്തിവന്ന ഇവിടെ ഇത്തവണ കൃഷിയിറക്കാൻ ഏക്കറിന് 30,000 രൂപ വരെ ചെലവഴിക്കേണ്ടി വന്നു. പാട്ടകൃഷിക്കാർക്ക് ചെലവ് അധികം വരും.
450 ഏക്കറോളം വരുന്ന ഈഴങ്കരി, 120 ഏക്കറോളം വരുന്ന ചാലിങ്കൽ പാടശേഖരങ്ങൾ കൊയ്യാൻ പരുവമായെങ്കിലും കൊയ്ത്ത് ചെലവ് കുറക്കാമെന്ന് കരുതി പലരും ഉപേക്ഷിക്കാനുളള ശ്രമത്തിലാണ്. ഏക്കർ ഒന്നിന് രണ്ടര ക്വിൻറൽ വരെ നെല്ല് കിട്ടിയിരുന്ന പാടത്ത് ഓരുവെള്ളം കയറിയതോടെ അര ക്വിൻറൽ തന്നെ കഷ്ടിച്ചാണ് ലഭിച്ചത്.
മൈനർ ഇറിഗേഷൻ വിഭാഗം വരുത്തിയ വീഴ്ചയാണ് കൃഷി നശിക്കാൻ കാരണമെന്നാണ് കർഷകരുടെ ആരോപണം. സമയബന്ധിതമായി ഓരുമുട്ട് ഇടാതിരുന്നതാണ് കർഷകരെ ദുരിതത്തിലാക്കിയത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലേക്ക് വെള്ളം കയറുന്ന മാന്തറ മുട്ട് ഇതേവരെ അടച്ചിട്ടില്ല. ഇറിഗേഷൻ വകുപ്പ് മന്ത്രിക്ക് പലതവണ നിവേദനം നൽകിയെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.
കൃഷിനാശം വിലയിരുത്തി അടിയന്തരമായി നഷ്ടപരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.