മഴക്കാലമാണ്, കൃഷിയെ സംരക്ഷിക്കാം; വിളകൾക്ക് കരുതൽ വേണമെന്ന് കാർഷിക സർവകലാശാല
text_fieldsകൽപറ്റ: തുടർച്ചയായി ലഭിക്കുന്ന അതിശക്തമായ മഴയിൽ കൃഷിയെ സംരക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന് കേരള കാർഷിക സർവകലാശാല അറിയിച്ചു. മഴയിൽ കൃഷിയിടങ്ങളിൽ വെള്ളക്കെട്ടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടുന്നുണ്ട്. ഇതിനാൽ വിവിധ കാർഷികവിളകളിൽ രോഗങ്ങൾ വ്യാപിക്കാൻ സാധ്യത കൂടുതലാണ്. മഴ മാറിയ ഉടൻ കൃഷിയിടങ്ങളിൽനിന്നുള്ള അധികജലം ഒഴുക്കിക്കളയുകയും ശാസ്ത്രീയ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. കീടനാശിനിയടക്കം കരുതലോടെ ഉപയോഗിക്കണം. മഴ പെയ്യുന്ന സമയത്ത് കീടനാശിനികളും കുമിൾനാശിനികളും പ്രയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. മഴ അവസാനിച്ച് ഇലകൾ നന്നായി ഉണങ്ങിയ ശേഷം മാത്രമേ സസ്യസംരക്ഷണ നടപടികൾ സ്വീകരിക്കാവൂ.
നെൽപ്പാടങ്ങൾ
നിലവിലെ കാലാവസ്ഥയിൽ നെൽപ്പാടങ്ങളിൽ ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ് (ഇല കരിച്ചിൽ രോഗം) വ്യാപിക്കാൻ സാധ്യത കൂടുതലാണ്. രോഗം വരുന്നതിനു മുമ്പ് തന്നെ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസും 20 മില്ലി പച്ചചാണക തളി ചേർത്ത് ഇലകളിൽ നന്നായി തളിക്കണം. കൂടാതെ, ഏക്കറിന് രണ്ട് കിലോഗ്രാം ബ്ലീച്ചിങ് പൗഡർ 20 തുണിസഞ്ചികളിലായി (ഓരോ സഞ്ചിയിലും 100 ഗ്രാം വീതം) നിറച്ച് വയലിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിൽ ഇടുക. ബ്ലീച്ചിങ് പൗഡർ നേരിട്ട് വയലിൽ വിതറരുത്.
വാഴകൃഷി
മഴക്കാലത്ത് വാഴകൃഷിയിൽ റൈസോം റോട്ട് (മാണം അഴുകൽ) രോഗം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ ചാലുകൾ തുറന്ന് നീർവാർച്ച ഉറപ്പാക്കണം. രോഗപ്രതിരോധത്തിനായി ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ഓരോ വാഴയുടെയും ചുവട്ടിൽ അഞ്ച് ലിറ്റർ വീതം ഒഴിച്ചുകൊടുക്കണം. രോഗലക്ഷണമുള്ള ചെടികൾ പ്രത്യേകം നിരീക്ഷിച്ച് ഗുരുതരമായി ബാധിച്ചവ ഉടനടി നീക്കം ചെയ്യണം.
കുരുമുളക്, കവുങ്ങ്, ജാതി
കുരുമുളകിൽ ദ്രുതവാട്ടവും കവുങ്ങിൽ മഹാളിയും ജാതിയിൽ ഇലകൊഴിച്ചിൽ രോഗവും പടരാൻ സാധ്യതയേറെയാണ്. തോട്ടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുകയും രോഗം ബാധിച്ച ഇലകളും ഉണങ്ങിയ കൊമ്പുകളും ശേഖരിച്ച് കത്തിച്ചുനശിപ്പിക്കുകയും വേണം. മഴ മാറി ഇലകൾ ഉണങ്ങിയ ശേഷം ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.
പച്ചക്കറി
തക്കാളി, മുളക്, വഴുതന, വെണ്ട, പയർ, പാവൽ, പടവലം, വെള്ളരി തുടങ്ങിയവയിൽ വേര് അഴുകൽ, വാട്ടം, ഇലപ്പുള്ളി, കായ ചീയൽ തുടങ്ങിയ രോഗങ്ങൾ വർധിക്കാം. തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ ചാലുകൾ ഒരുക്കുകയും രോഗം ബാധിച്ച ഇലകളും കായ്കളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചെടികളുടെ ചുവട്ടിലും ഇലകളിലും തളിക്കുന്നത് രോഗപ്രതിരോധത്തിന് ഉത്തമമാണ്. പടരുന്ന വിളകൾക്ക് താങ്ങ് ഉറപ്പാക്കി കായ്കൾ മണ്ണിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

