നാല് പതിറ്റാണ്ട്​ പിന്നിട്ട് മരുഭൂമിയില്‍  സുരേന്ദ്ര​െൻറ പശു പരിപാലനം

സുരേന്ദ്രന്‍ റാസല്‍ഖൈമ ദിഗ്ദാഗ ഡയറി ഫാമില്‍

റാസല്‍ഖൈമ: പുരുഷായുസ്സ് നീണ്ട മരുഭൂ ജീവിത യാത്രയില്‍ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളേറെയുണ്ടെങ്കിലും പശുക്കളോടുള്ള സൗഹൃദത്തില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ആല വാക്കാട്ട് വീട്ടില്‍ സുരേന്ദ്രന്‍ നിര്‍വൃതിയിലാണ്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കൊപ്പം യു.എ.ഇയില്‍ എത്തിയവരില്‍ ഏറെ പേരും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയും നാടണയുകയും ചെയ്തപ്പോഴും റാസല്‍ഖൈമയിലെ പശുപരിപാലന കേന്ദ്രത്തില്‍ തന്നെ ജീവിതം തുടരുകയായിരുന്നു സുരേന്ദ്രന്‍. 1975ല്‍ മുംബൈയില്‍ നിന്നാണ് റാസല്‍ഖൈമയിലത്തെിയത്.

ദീര്‍ഘ നാളത്തെ പ്രവാസം സമ്പാദ്യത്തില്‍ നീക്കിയിരുപ്പ് നല്‍കിയില്ലെങ്കിലും കൂടപ്പിറപ്പുകള്‍ക്ക് താങ്ങാനാകാന്‍ കഴിഞ്ഞു. കമ്പനിയുടെ സഹായത്തോടെ ബാങ്ക് വായ്പ സംഘടിപ്പിച്ചിരുന്നു സഹായങ്ങൾ. പക്ഷേ, 15 വര്‍ഷത്തെ സമ്പാദ്യം വേണ്ടി വന്നു കടം തീര്‍ക്കാന്‍. റാസല്‍ഖൈമ ദിഗ്ദാഗയിലെ അറബ് കമ്പനി ഫോര്‍ ആനിമല്‍ പ്രൊഡക്ഷന് കീഴിലുള്ള ക്ഷീര കേന്ദ്രത്തിലെത്തhh​മ്പോള്‍ 90 ഓളം പശുക്കള്‍ മാത്രമാണുണ്ടായിരുന്നത്. പാലിന് പകരം പാല്‍പ്പൊടിയായിരുന്നു അന്ന് ജനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. കൈകൊണ്ടുള്ള കറവയായിരുന്നു ആദ്യ കാലങ്ങളില്‍. പിന്നീട് യന്ത്രത്തി​​െൻറ സഹായത്തോടെയുള്ള കറവ തുടങ്ങി.

സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് മാത്രമായിരുന്നു ആദ്യ ഘട്ടങ്ങളില്‍ പാല്‍ വിതരണം. ഇപ്പോള്‍ 2000ലേറെ പശുക്കള്‍ ഉള്ള കേന്ദ്രമായി ദിഗ്ദാഗ ഡയറി ഫാം വളര്‍ന്നു. 1969ലാണ് ദിഗ്ദാഗയില്‍ സര്‍ക്കാര്‍ ഡയറി ഫാം സ്ഥാപിച്ചത്. 1979ല്‍ സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് കമ്പനി ഫോര്‍ ആനിമല്‍ പ്രൊഡക്ഷന്‍ ഫാം ഏറ്റെടുത്തതോടെ വിപുലീകരണം നടന്നു. പാല് കൂടാതെ തൈര്, മോര്, മറ്റ്​ പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. വിപണിയില്‍ കടുത്ത മല്‍സരമുണ്ടെങ്കിലും ദിഗ്ദാഗ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേകം ഉപഭോക്താക്കളുള്ളതിനാല്‍ ഭീഷണിയില്ല. പശു പരിപാലനത്തിനും കറവക്കുമെല്ലാം കൂടുതലും മലയാളികളായിരുന്നു ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ പേരിന് മാത്രമാണ് മലയാളി സാന്നിധ്യം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ തൊഴിലാളികള്‍ ഇപ്പോള്‍ തൊഴിലെടുക്കുന്നു. ഇതിലേറെ പേര്‍ പുറം ജോലിയും ചെയ്യുന്നു. രാധയാണ് ഭാര്യ. മക്കള്‍: സൂര്യ, സൂരജ് (അജ്മാന്‍), സൂരഗ്. മരുമകന്‍: അനീഷ്കുമാര്‍.

Loading...
COMMENTS