You are here
വിത്തും തൈകളും വാങ്ങാം... ‘ജൈവിക’യിൽ നിന്ന്
കേരളമാകെ വിത്ത് നഴ്സറിയുമായി കുടുംബശ്രീ
കൊച്ചി: സംസ്ഥാനത്തുടനീളം ഗുണമേന്മയുള്ള വിത്തുകളും തൈകളും ന്യായ വിലയ്ക്ക് ലഭ്യമാക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ‘ജൈവിക’ എന്നപേരിൽ 140 ഓളം നഴ്സറികൾ ഓണത്തിന് മുമ്പ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും 10 നഴ്സറികളെങ്കിലും ആരംഭിക്കും. പച്ചക്കറികൾ, അലങ്കാരപ്പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ വിത്തുകളും ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങിങ് തുടങ്ങിയ രീതിയിൽ വികസിപ്പിച്ച തൈകളും നഴ്സറികളിൽ ലഭ്യമാക്കും. കുടുംബശ്രീ അംഗങ്ങൾക്ക് ഒറ്റക്കും ഗ്രൂപ്പുകളായും നഴ്സറികൾ ആരംഭിക്കാം.
50,000 രൂപയുടെ ലോണും വിദഗ്ധ പരിശീലനവും സംരംഭകർക്ക് നൽകും. അത്യാധുനിക രീതിയിലുള്ള പരിശീലനമാണ് അംഗങ്ങൾക്ക് നൽകുക. ഇതിെൻറ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ കുടുംബശ്രീയുടെ കീഴിലുള്ള എല്ലാ നഴ്സറികളും ജൈവികയുടെ കീഴിൽ കൊണ്ടുവരും. കാർഷിക രംഗത്തേക്ക് കൂടുതൽ പേർ കടന്നുവരുന്ന സമയമാണിത്.
വീട്ടമ്മമാർ മുതൽ സ്കൂൾ വിദ്യാർഥികൾ വരെ കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. എന്നാൽ, നല്ല ഇനം വിത്തുകളോ തൈകളോ ലഭിക്കുന്നില്ല എന്നതാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. കുടുംബശ്രീയുടെ മേളകളിൽ തന്നെ വിത്തുകൾക്കും തൈകൾക്കും വലിയ ആവശ്യക്കാരുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ ‘മാധ്യമ’ത്തോട് പറഞ്ഞു. കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ‘ജൈവിക’ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെവിടെനിന്നും ഒരേ വിലക്ക് മുന്തിയ ഇനം തൈകൾ വാങ്ങാൻ സാധിക്കും എന്നതാണ് ‘ജൈവിക’യുടെ പ്രധാന പ്രത്യേക എന്ന് കുടുംബശ്രീ അഗ്രികൾചറൽ േപ്രാജക്ട് ഓഫിസർ സി.എസ്. ദത്തൻ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ജൈവിക നഴ്സറികളിലെയും വിൽപന, സ്റ്റോക്കുകൾ എന്നിവയെ സംബന്ധിച്ച കാര്യങ്ങൾ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്ന നിരീക്ഷണ സംവിധാനവും നടപ്പാക്കും.