ച​ക്ക​ക്ക് മ​റു​നാ​ടു​ക​ളി​ൽ വ​ൻ​പ്രി​യം

13:01 PM
12/04/2017

അടൂർ: ഏറ്റവും വലിയ ഫലവും പോഷക ഗുണമേറിയതുമായ ചക്കക്ക് മറുനാടുകളിൽ പ്രിയമേറുന്നു. ചക്കപ്പഴത്തിനു തമിഴ്നാട്ടുകാരും കർണാടകക്കാരും നൽകുന്ന വരവേൽപ് വലുതാണ്. ഒക്ടോബർ അവസാനത്തോടെ വിളയാൻ തുടങ്ങിയ ചക്ക മധ്യതിരുവിതാംകൂറിലെ ഗ്രാമങ്ങളിൽനിന്ന് വൻതോതിൽ മറുനാട്ടിലേക്ക് കയറ്റി അയക്കുമ്പോൾ നല്ല വിലയാണ് ലഭിക്കുന്നത്.

തൂത്തുക്കുടി, മധുര, തിരുനെൽവേലി, ചിദംബരം, വിഴുപ്പുറം, വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ, ഈറോഡ്, സേലം ഭാഗങ്ങളിലേക്ക് നിരവധി ലോഡ് ചക്കയാണ് കയറ്റിപ്പോകുന്നത്. പത്തനംതിട്ട, കൊല്ലം ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് ചക്കവ്യാപാരം പ്രധാനമായും നടക്കുന്നത്. സീസണിൽ ഒരു ചക്കക്ക് 25 മുതൽ 75 രൂപവരെ വില നൽകിയാണ് കേരളത്തിൽനിന്ന് ചക്ക മറുനാട്ടിലേക്കു കൊണ്ടുപോകുന്നത്. പലതരം ചക്കകൾ ഇവിടെ പ്രചാരത്തിലുണ്ടെങ്കിലും കൂടുതൽ ദിവസം കേടുകൂടാതെയിരിക്കുന്ന വരിക്കച്ചക്കക്കാണ് ആവശ്യക്കാരേറെ.

തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കാലിയായി പോകുന്ന ലോറികളിലാണ് ചക്ക കയറ്റി അയക്കുന്നത്. ഇതിന് തുച്ഛമായ കൂലി നൽകിയാൽ മതി. പൊട്ടിക്കീറിയ ചക്കകൾക്ക് തുച്ഛമായ വില നൽകിയാണ് വ്യാപാരികൾ ഇവിടെ നിന്ന് വാങ്ങുന്നതെങ്കിലും മറുനാട്ടിൽ വിലയ്ക്ക് വലിയ വ്യത്യാസമില്ലാതെ തന്നെ വിൽക്കുന്നു. തമിഴ്നാട്ടിൽ ഒരു ചക്കക്ക് 150--250 രൂപ വില ലഭിക്കുമ്പോൾ കർണാടകയിൽ 160-300 രൂപയാണ് വില.

കോയമ്പത്തൂരിൽ ഒരു ഡസൻ ചുള ചക്കപ്പഴത്തിന് 25-60 രൂപ വില ഈടാക്കുമ്പോൾ പൊള്ളാച്ചിയിൽ ഒരു കിലോ ചക്കപ്പഴത്തിന് 50-100 രൂപ നൽകണം. റെയിൽവേ സ്റ്റേഷനുകളിൽ അഞ്ച് ചുള ചക്കപ്പഴം അടങ്ങുന്ന കവർ 20 രൂപക്കാണ് വിൽക്കുന്നത്. ചക്കമടൽ, ചക്കക്കുരു, കുരുവിെൻറ മേൽപാട, ചകിണി ഇവ മറുനാട്ടുകാർ നമ്മെ പോലെ കളയാറില്ല. ഇവ ഉപയോഗിച്ചുണ്ടാക്കിയ പലഹാരങ്ങളും അവിടങ്ങളിൽ ജനപ്രിയം തന്നെ.

COMMENTS