Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
വാടിയ പൂക്കളില്‍ കോടികളുടെ കിലുക്കം
cancel

വീണപൂവുകളെപ്പറ്റി വിലപിക്കുന്ന കാലത്തിന് വിട. പുതുകാലം ഉണക്കപ്പൂക്കള്‍ക്ക് നല്‍കുന്ന വിലയെത്രയെന്നോ? അമേരിക്ക, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഈ പൂക്കള്‍ കയറ്റി അയച്ച് നമ്മുടെ നാട്ടുകാര്‍ ഉണ്ടാക്കുന്നത് കോടികളാണ്.  പൂക്കളുടെ ഭാഗങ്ങള്‍ മാത്രമല്ല, തണ്ട്, വിത്ത്, ശിഖരം എന്നിവയും ഉള്‍പ്പെടും. പ്രതിവര്‍ഷം 100 കോടി രൂപയ്ക്കുള്ള ഉണങ്ങിയ പൂക്കളും ചെടികളുമാണ് ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നത്. ഈ വ്യവസായ മേഖലയില്‍ നിന്ന് 500 വിവിധയിനം പൂക്കള്‍ 20 രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നു. കൈകൊണ്ട് നിര്‍മ്മിക്കുന്ന പേപ്പര്‍, വിളക്ക് ഷേഡുകള്‍, മെഴുകുതിരി ഹോള്‍ഡറുകള്‍, ചണച്ചെടികള്‍, ഫോട്ടോ ഫ്രെയിമുകള്‍, പെട്ടികള്‍, പുസ്തകങ്ങള്‍, ചുവരിലെ കോസടികള്‍, ടോപ്പിയറി, കാര്‍ഡുകള്‍, നിരവധി സമ്മാനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ചുവരുന്നു. ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉണങ്ങിയ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നത് അവയുടെ കാഴ്ചയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. പ്രധാന ഉപഭോക്താവ് ഇംഗ്ളണ്ടാണ്. ഉണങ്ങിയ തണ്ടുകളും ചില്ലകളും ഉപയോഗിച്ചാണ് ഡ്രൈ ഫ്ളവര്‍ പോട്ടുകളുടെ നിര്‍മാണം.ഇതിന് വലിയ ഡിമാന്‍റ് ഇല്ളെങ്കിലും നല്ല വില ലഭിക്കും. സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉണങ്ങിയ പരുത്തി, പൈന്‍ പൂക്കള്‍, ഉണങ്ങിയ മുളക്, ഉണങ്ങിയ ചുരയ്ക്ക, പുല്ല്, മുല്ല, ശതാവരി ഇലകള്‍, ഫേണ്‍ ഇലകള്‍, മരച്ചില്ലകള്‍, ശാഖകള്‍ എന്നിവയാണ്.

 

കരകൗശല വസ്തുക്കള്‍

ഉണക്കപ്പൂകൊണ്ടുള്ള  ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെ പുതുമയാണ്. ചിത്രങ്ങള്‍ ഫ്രെയിം ചെയ്തത്, ആശംസാ കാര്‍ഡുകള്‍, കവറുകള്‍, ബൊക്കെകള്‍, മെഴുകുതിരി സ്റ്റാന്‍റുകള്‍, ഗ്ളാസ് ബൗളുകള്‍ എന്നിവ വിവിധ നിറത്തിലുള്ള ഉണങ്ങിയ പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ചുവരുന്നു. ഉണങ്ങിയ പുഷ്പനിര്‍മ്മാണത്തിന് രണ്ട് പ്രധാന ഘടകളുണ്ട്; ഉണക്കല്‍, ചായം പിടിപ്പിക്കല്‍ എന്നിവയാണവ.
ഉണക്കി വെക്കുന്നതിന് പൂക്കള്‍ മുറിച്ചെടുക്കാന്‍ പറ്റിയ സമയം ചെടികളില്‍ നിന്ന് മഞ്ഞുകണം വറ്റിയശേഷം ഉള്ള പ്രഭാതത്തിലെ സമയമാണ്. മുറിച്ചശേഷം തണ്ടുകളെ റബ്ബര്‍ബാന്‍ഡുകളുപയോഗിച്ച് കെട്ടുക, കഴിയുംവേഗം വെയിലത്തുനിന്ന് അവയെ മാറ്റുക. വെയിലത്ത് ഉണക്കുന്നത് എളുപ്പമുള്ളതും ചിലവില്ലാത്തതുമായ രീതിയാണ്. എന്നാല്‍ മഴക്കാലത്ത് ഇപ്രകാരം ഉണക്കിയെടുക്കാന്‍ പറ്റില്ല.
പൂക്കളുടെ കെട്ടുകള്‍ കയറിലോ മുള കീറിയതിലോ തലകീഴായി തൂക്കിയിടുക. രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. നല്ല വായു ലഭിക്കേണ്ടതുണ്ട്.ഈ രീതിയില്‍ ഫംഗസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഫ്രീസ് ഡ്രയിംഗ്:
വെയിലില്‍ ഉണക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട രീതിയാണിത്.ഇതിനുവേണ്ട ഉപകരണങ്ങള്‍ വിലയേറിയതാണ്. പക്ഷേ പൂക്കളുടെ മേന്‍മ ഉയര്‍ന്നതും നല്ല വില ലഭിക്കും.

പ്രസ്സിംഗ്:
ബ്ളോട്ടിംഗ് പേപ്പറോ, സാധാരണ പേപ്പറോ ഉപയോഗിക്കുന്നു.
പൂക്കള്‍ പരന്നുപോകുകയും കേടുപാടുകള്‍ ഏറെ ഉണ്ടാവുകയും ചെയ്യും.

ഗ്ളിസറിന്‍ രീതി
പൂക്കളില്‍ നിന്ന് ഈര്‍പ്പം മാറ്റി ഗ്ളിസറിന്‍ നിറയ്ക്കുന്നു. ഈ രീതിയിലൂടെ മേന്‍മ ഉയര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു.

പോളിസെറ്റ് പോളിമര്‍
പോളിസെറ്റ് പോളിമര്‍ സ്പ്രേ ചെയ്യുന്നതിലൂടെ പൂക്കളെ ഉണക്കിയെടുക്കാം.ഈരീതിയില്‍, ഉണങ്ങാനെടുക്കുന്ന സമയം കുറവാണ്.അവസാനം ലഭിക്കുന്ന ഉല്‍പ്പന്നത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നു.

സിലിക്ക ഡ്രയറുകള്‍
സിലിക്ക അഥവാ സിലിക്ക ജെല്‍ ഉപയോഗിക്കുന്നതിലൂടെ പൂക്കളുടെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കാം, പൂക്കള്‍ ഭദ്രമായിരിക്കയും ചെയ്യും.വളരെ മൃദുവും നേര്‍ത്തതുമായ പൂക്കള്‍ ഈ വിധത്തില്‍ ഉണക്കിയെടുക്കുന്നു.

 

ഡൈയിംഗ്
“പ്രോസിയന്‍” തരം നിറമാണ് പൂക്കള്‍ക്ക് നല്ലത്. 4 കിലോ ഡൈ ചെയ്യാനുള്ള പൊടി, 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഈ മിശ്രിതം 800 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിക്കുക.രണ്ടു ലിറ്റര്‍ അസെറ്റിക് ആസിഡ് ചേര്‍ക്കുക.വളരെ മൃദുലമായ പൂക്കള്‍ക്ക് മഗ്നീഷ്യം ക്ളോറൈഡ് ചേര്‍ക്കുന്നത് നിറം വര്‍ദ്ധിപ്പിക്കും.നിറം പിടിക്കുന്നതുവരെ പൂക്കള്‍ ഈ ലായനിയില്‍ മുക്കിവയ്ക്കുക. കൂടാതെ ഉണങ്ങിയ ഇലകള്‍, തണ്ട് എന്നിവ ഫില്ലറുകളായും ഉപയോഗിക്കുന്നു. ഇത്തരം വസ്തുക്കള്‍ 20 വര്‍ഷത്തിലേറെയായി ഇന്ത്യ കയറ്റി അയച്ചുകൊണ്ടിരിക്കുന്നു

പോട്ട് പൗരി
മണമുള്ള വിവിധതരം  ഉണങ്ങിയ പൂക്കള്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിക്കുന്നതാണിത്. സാധാരണയായി അലമാരി, മേശവലിപ്പ്, കുളിമുറി എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നു.300 ലധികം തരത്തിലുള്ള ചെടികള്‍ ഈ രീതിയില്‍ ഉപയോഗിക്കുന്നു.ബാച്ചിലേഴ്സ് ബട്ടണ്‍, കോക്ക്സ്കോം, മുല്ല, റോസായിതളുകള്‍, ബോഗന്‍വില്ല പൂക്കള്‍, വേപ്പില, പഴങ്ങളുടെ കുരു എന്നിവ പോട്ട് പൗരി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
 

Show Full Article
TAGS:
Next Story