നീര പോര; ഇനി ഒരു കൈ നോക്കാന്‍ നാളികേരജ്യൂസ്
text_fieldsകേരകര്‍ഷകര്‍ക്ക് നേട്ടമാകുമെന്ന പ്രതീക്ഷയോടെ പുറത്തിറക്കിയ നീരയുടെ പരാജയം മറികടക്കാന്‍ നാളികേര ജ്യൂസ് വരുന്നു. നാളികേര വികസന ബോര്‍ഡ് ആണ് നാളികേരത്തിന്‍െറ മൂല്യവര്‍ധിത ഉല്‍പന്നമായി പല ഫ്ളേവറുകളില്‍ ജ്യൂസ് പുറത്തിറക്കാനൊരുങ്ങുന്നത്.
വിലയിടിവില്‍ നട്ടം തിരിഞ്ഞ കേര കര്‍ഷകര്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച നീരയെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍, വിപണിയില്‍ പരാജയപ്പെട്ടു. പലപ്പോഴും സര്‍ക്കാര്‍ നിലപാട് നീരയുടെ വിപണന സാധ്യതയെ പിറകോട്ടടിപ്പിച്ചു. 2013-14ലെ ബജറ്റില്‍ നീര യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ 15 കോടി വകയിരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉണ്ടായില്ല. പിന്നീട് ഇതില്‍ നിന്ന് 1.8 കോടി കാര്‍ഷിക സര്‍വകലാശാലക്കും ബാക്കി നീര സൊസൈറ്റികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. 2015-16 ബജറ്റില്‍ നീര ഉള്‍പ്പെടെ നാളികേര മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായി 25 ലക്ഷം വകയിരുത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തുക അനുവദിച്ചില്ല. നീര ലഹരി പാനീയമാണെന്ന പ്രചാരണം കൂടിയായതോടെ വിപണനം പേരിന് മാത്രമായി. ഇതിനിടെയാണ് നാളികേര ജ്യൂസിലെയും മുലപ്പാലിലെയും പോഷക ഘടകങ്ങള്‍ താരതമ്യം ചെയ്ത് അമേരിക്കയിലെ പോഷകാഹാര വിദഗ്ധന്‍ ഡോ. ആക്സ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ബോര്‍ഡിന്‍െറ ശ്രദ്ധയില്‍പെട്ടത്. 1.89 ലക്ഷം ഹെക്ടര്‍ മാത്രം തെങ്ങ് കൃഷിയുള്ള തായ്ലന്‍ഡാണ് ലോകത്ത് നാളികേര ജ്യൂസ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത്. 25,000 ഹെക്ടറിന് മേല്‍ തെങ്ങുകൃഷിയുള്ള 20ഉം 10,000 ഹെക്ടറിന് മേല്‍ തെങ്ങുകൃഷിയുള്ള 40ഉം ജില്ലകള്‍ ഇന്ത്യയിലുണ്ട്. കേരളത്തില്‍ തെങ്ങ് കൃഷി 7.66 ലക്ഷം ഹെക്ടറാണ്. രാജ്യത്തെ മൊത്തം തെങ്ങുകൃഷിയുടെ 37 ശതമാനമാണിത്. വാര്‍ഷിക ഉല്‍പാദനം 6,209 ദശലക്ഷം നാളികേരവും.
വാഴക്കുളത്തെ സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് ഫ്ളവേര്‍ഡ് നാളികേര ജ്യൂസ് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചത്. അഭിപ്രായമറിയാന്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് സാമ്പിള്‍ കൈമാറി. രണ്ടാഴ്ച സൂക്ഷിപ്പു കാലാവധിയുള്ള ജ്യൂസിന് മികച്ച പ്രതികരണം ലഭിച്ചതോടെ ആറുമാസം കാലാവധിയുള്ളത് വികസിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി നാളികേര വികസന ബോര്‍ഡചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു. കേരകര്‍ഷക കൂട്ടായ്മകള്‍, കമ്പനികള്‍, മറ്റ് സംരംഭകര്‍ എന്നിവ വഴിയാകും വിപണനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.