കാർഷിക പ്രതിസന്ധി: പ്രധാനമന്ത്രിയെ കാണാൻ കർഷകരുടെ സംഘത്തിൽ മുതലമട സ്വദേശിയും
text_fieldsകാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക്
പുറപ്പെട്ട കേരളത്തിലെ കർഷക പ്രതിനിധികൾ
കൊല്ലങ്കോട്: കേരളത്തിന്റെ കാർഷിക മേഖലയിലെ പ്രതിസന്ധി പ്രധാനമന്ത്രിയോട് അവതരിപ്പിക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ട 14 അംഗ കർഷക സംഘത്തിൽ പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം പ്രതിനിധിയായി മുതലമട സ്വദേശി സുരേഷും. ബഫർസോൺ വിഷയം, നെല്ല്, റബർ, കുരുമുളക്, നാളികേരം, മാങ്ങ തുടങ്ങിയ വിളകളുടെ സംഭരണം, വിലത്തകർച്ച എന്നിവയിലൂടെ കർഷകർ നേരിടുന്ന വിഷമതകൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്ന പ്രത്യേക അഭിമുഖത്തിനാണ് കർഷകർ ഡൽഹിയിലേക്ക് യാത്രയായത്. 14 ജില്ലകളിൽ നിന്നും 14 കർഷകരാണ് കൃഷി വിജ്ഞാൻ കേന്ദ്രയുടെ സഹായത്തോടെ ഡൽഹിയിലേക്ക് പുറപ്പെട്ടത്. മാവ് കൃഷിയുടെ വ്യാപനം, സാങ്കേതിക സഹായം എന്നിവ സംബന്ധിച്ച് വിശദാംശങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് സുരേഷ് പറഞ്ഞു.
ഈമാസം 17, 18 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന അഗ്രികൾച്ചറൽ കോൺക്ലേവിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ ഒരു ജില്ലയിൽ നിന്നും ഒരു കർഷകൻ എന്ന നിലയിൽ ചർച്ചയിൽ പങ്കെടുക്കും. ഒരു കർഷകന് അഞ്ച് മിനിറ്റെങ്കിലും വിഷയം അവതരിപ്പിക്കാനാകും. ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങൾ സമഗ്രമായി അവതരിപ്പിക്കാൻ ശ്രമിക്കുമെന്ന് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, പാല ക്കാട് ഫാംഫെഡ് എന്നിവയുടെ ഡയറക്ടറായ സുരേഷ് ഓന്നൂർ പള്ളം പറഞ്ഞു.