മഴ തോർന്നിട്ടും കോടാലി പാടത്തെ കര്‍ഷക കണ്ണീര്‍ തോര്‍ന്നില്ല
text_fieldsകോടാലി പാടശേഖരത്ത് രണ്ടാംതവണ വിതച്ച വിരിപ്പു കൃഷി നശിച്ച നിലയിൽ
കോടാലി: മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും മറ്റത്തൂരിലെ കോടാലി പാടശേഖരത്തില്‍ കര്‍ഷകരുടെ കണ്ണീരടങ്ങുന്നില്ല. ഒരു മാസത്തിനിടെ രണ്ടു തവണ കൃഷി നാശമുണ്ടായതാണ് കര്‍ഷകരെ കണ്ണീരിലാക്കുന്നത്. പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിലൊന്നായ കോടാലി പാടശേഖരത്ത് ഇറക്കിയ വിരിപ്പുകൃഷി ജൂലൈ ആദ്യം ദിവസങ്ങളോളം കനത്തുപെയ്ത മഴയില്‍ നശിച്ചുപോയിരുന്നു. 120 ദിവസം മൂപ്പുള്ള ജ്യോതി വിത്തുപയോഗിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. മറ്റ് പാടശേഖര സമിതികള്‍ വെള്ളക്കെട്ട് ഭയന്ന് വിരിപ്പു കൃഷിയില്‍നിന്ന് വിട്ടുനിന്നപ്പോഴും കോടാലി പാടത്തെ കര്‍ഷകര്‍ പ്രതീക്ഷയോടെ കൃഷിയിറക്കുകയായിരുന്നു. വിത കഴിഞ്ഞ് രണ്ടാഴ്ചയിലേറെ വളര്‍ച്ചയെത്തിയ നെല്‍ച്ചെടികള്‍ പത്തുദിവസത്തിലേറെ വെള്ളത്തില്‍ മുങ്ങികിടന്നതാണ് കൃഷി നശിക്കാനിടയാക്കിയത്.
പാടശേഖരത്തിന്റെ പകുതിയോളം സ്ഥലത്തെ വിരിപ്പു കൃഷി ഇങ്ങനെ നശിച്ചുപോയി. എട്ട് ഹെക്ടറിലെ കൃഷിയാണ് ഇങ്ങനെ പൂര്‍ണമായി നശിച്ചത്. മഴ വെള്ളവും ചാലക്കുടി പുഴയിലെ പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറന്നപ്പോള്‍ വലതുകര മെയിന്‍ കനാല്‍ വഴി വെള്ളിക്കുളം വലിയ തോട്ടിലേക്ക് ഒഴുകിയെത്തിയ വെള്ളവുമാണ് കോടാലി പാടശേഖരത്തിന് വിനയായത്. കൃഷി നാശം സംഭവിച്ച എട്ട് ഹെക്ടര്‍ സ്ഥലത്ത് മൂപ്പു കുറഞ്ഞ മനുരത്‌ന വിത്ത് ഉപയോഗിച്ച് കര്‍ഷകര്‍ വീണ്ടും കൃഷിയിറക്കി.
മുണ്ടകന്‍ കൃഷിയെ ബാധിക്കാത്ത വിധം കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് 90 ദിവസത്തെ മൂപ്പുള്ള മനുരത്‌ന വിത്ത് കൃഷി ഭവന്‍ മുഖേന ലഭ്യമാക്കി വീണ്ടും കൃഷിയിറക്കിയത്. നിലമൊരുക്കാനും വിതക്കാനുമായി നല്ലൊരു തുക ഓരോ കര്‍ഷകനും ഇവിടെ ആവര്‍ത്തന ചെലവ് വന്നു. എന്നാല്‍ വിത പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ വീണ്ടും മഴ ശക്തമാകുകയും രണ്ടാം വട്ടം ഇറക്കിയ എട്ട് ഹെക്ടറിലെ കൃഷി വീണ്ടും നശിച്ചു.
ഇത്തവണ ഇനി വീണ്ടും വിരിപ്പ് കൃഷിയിറക്കേണ്ട എന്ന തീരുമാനത്തിലാണ് കൃഷിനാശം നേരിട്ട കര്‍ഷകര്‍. വിള ഇന്‍ഷൂറന്‍സ് പപദ്ധതി പ്രകാരം കൃഷി ഇന്‍ഷൂര്‍ ചെയ്തിരുന്നെങ്കിലും നെല്‍ച്ചെടികള്‍ വളര്‍ച്ച പ്രാപിക്കും മുമ്പ് നശിച്ചതിനാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് പാടശേഖര സമിതി സെക്രട്ടറി ടി.ഡി. ശ്രീധരന്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.