നടൻ ശിവകാർത്തികേയന്റെ ഹരിതഗൃഹം: തിരക്കുകൾക്കിടയിലും കൃഷിക്കായി സമയം കണ്ടെത്തുന്ന താരം
text_fieldsചെന്നൈ: തിരക്കുപിടിച്ച സിനിമാ ജീവിതത്തിന് അപ്പുറം ജൈവകൃഷിയിൽ മാതൃക തീർത്ത താരമാണ് ശിവകാർത്തികേയൻ. മുഴുനീള സമയം സ്ക്രീനുകൾക്കായി മാറ്റിവെക്കുന്ന നടൻ താൻ സ്വയം വളർത്തിയെടുത്ത കൃഷി പരിപാലിക്കാനും സമയം ചെലവഴിക്കാറുണ്ട്.
ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള വസതിയിൽ താരം ഒരുക്കിയ സ്വകാര്യ ഓർഗാനിക് ഹരിതഗൃഹവും അതിലെ പച്ചക്കറി വിളവെടുപ്പും സമൂഹമാധ്യമങ്ങളിൽ മുമ്പും വൈറലായിട്ടുണ്ട്. ലോക്ഡൗൺ കാലത്തായിരുന്നു ഈ ഹരിതഗൃഹത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി ആരാധകരുമായി താരം പങ്കുവെച്ചിരുന്നത്. മകൾ ആരാധനയോടൊപ്പം തോട്ടത്തിൽ ചെലവഴിക്കുന്ന നിമിഷങ്ങളും താരം പങ്കുവെച്ചിരുന്നു.
വിളയിക്കുന്നത് നിരവധി പച്ചക്കറികൾ
വെറുമൊരു അലങ്കാരത്തോട്ടത്തിനപ്പുറം കുടുംബത്തിന് ആവശ്യമായ പച്ചക്കറികളും നാടൻ ചീരവർഗങ്ങളും ഈ തോട്ടത്തിൽ ജൈവരീതിയിൽ നടൻ കൃഷി ചെയ്തുവരുന്നു. തനിക്കും കുടുംബത്തിനും ആവശ്യമായ പച്ചക്കറികളും ഇലക്കറികളും മുക്കാൽഭാഗവും വിളയിച്ചെടുക്കുന്നത് സ്വന്തം വളപ്പിൽനിന്നാണെന്ന് നടൻ പറയുന്നു. കടകളിൽനിന്ന് വാങ്ങേണ്ട ആവശ്യമേ വരുന്നില്ല. പാകംചെയ്യാൻ ഉദ്ദേശിക്കുമ്പോൾ വിളവെടുത്താൽ മാത്രം പറച്ചെടുത്താൽ മതി. അതുകൊണ്ട് അതിന്റെ തനതായ പോഷകഗുണങ്ങളും വിഷരഹിതമായ ഭക്ഷണം കഴിക്കാനാകുന്നുമെന്നാണ് താരം പറയുന്നത്.
കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് നിർമിച്ച ഈ ഹരിതഗൃഹം, അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോക്ഡൗൺ കാലത്ത് താരത്തിന് വലിയ മാനസിക ഉല്ലാസവും കൃത്യമായ ദിനചര്യയും നൽകിയിരുന്നു. തന്റെ തോട്ടം ഇനിയും വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായി ശിവകാർത്തികേയൻ വ്യക്തമാക്കിയിട്ടുണ്ട്. ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനൊപ്പം, സെലിബ്രിറ്റികൾക്കിടയിലും പച്ചക്കറി കൃഷി ഒരു ട്രെൻഡായി മാറുന്നതിന്റെ മികച്ച ഉദാഹരണമായി ഇത് മാറിക്കഴിഞ്ഞു.
സിനിമാലോകത്തെ തിരക്കുകളിൽനിന്നും ക്യാമറക്കണ്ണുകളിൽനിന്നും മാറി, മണ്ണുമായി ബന്ധപ്പെട്ട് ജീവിക്കാനുള്ള താരത്തിന്റെ താൽപര്യത്തെ നിരവധി ആരാധകരാണ് പ്രശംസിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

