നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലം
text_fieldsഭാരതത്തിൽ പ്രത്യേകിച്ച് കേരളം, കർണടാക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ധാരാളമായി വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ഞാറമരം). വളരെയധികം ഔഷധയോഗ്യമായ ഞാവൽ വൃക്ഷം ഇരുപതു മീറ്റർ ഉയരത്തിൽ വളരുന്നു. ആരോഗ്യഗുണങ്ങളിൽ നിസ്സാരനല്ലാത്ത ഞാവൽപഴം ആയുർവേദ, യുനാനി മരുന്നുകളിൽ ചേർക്കുന്നുണ്ട്.
ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽനിന്ന് വിനാഗിരി ഉണ്ടാക്കാം. നിറയെ തേനുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവും
ഞാവൽപഴത്തിൽ പ്രോട്ടീൻ, ധാതുക്കൾ, ഇരുമ്പ്, വിറ്റാമിനുകൾ (എ, ബി, സി), അന്നജം, തൊലിയിൽ ബെറ്റുലിനിക് അമ്ലം, ഹൈലിക് അമ്ലം എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതിസാരം, കഫപിത്തം, പൊള്ളൽ എന്നിവയെ ഞാവൽ ശമിപ്പിക്കും. ഞാവൽമരത്തിന്റെ തൊലി, ഞാവൽപഴം എന്നിവ വയറിളക്കം, വിരശല്യം എന്നിവക്ക് ഉത്തമ ഔഷധമാണ്.
ഞാവൽപഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്ന ഞാവൽപഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാൽ തേടിപ്പിടിച്ച് കഴിക്കും. ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ പലയിടത്തും തെരുവോര വിൽപനക്കുണ്ട്. കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപഴമാണ് കേരളത്തിൽ വിൽപനക്കെത്തിക്കുന്നത്.
ചില ഞാവൽപഴ വിഭവങ്ങൾ:
ഞാവൽപഴ സർബത്ത്
ചേരുവകൾ: ഞാവൽപഴം- ഒരു കപ്പ്, വെള്ളം- രണ്ട് കപ്പ്, പഞ്ചസാര- നാല് ടീസ്പൂണ്, കുരുമുളകുപൊടി- അര ടീസ്പൂണ്, ജീരകപ്പൊടി- ഒരു ടീസ്പൂണ്, നാരങ്ങ-1, ഐസ് - 3 എണ്ണം, ഉപ്പ്- പാകത്തിന്
രീതി: ഞാവൽപഴം ഒരു കപ്പ് വെള്ളത്തിൽ വേവിച്ച് കുരു കളഞ്ഞ് മിക്സിയിലടിച്ച് പൾപ് എടുക്കുക. ഒരു കപ്പ് വെള്ളത്തിൽ കുരുമുളക്, നാരങ്ങാനീര്, പഞ്ചസാര, ജീരകപ്പൊടി എന്നിയിട്ട് ഞാവൽപഴത്തിന്റെ പൾപ്പും ഒഴിച്ച് നന്നായി ഇളക്കി ഗ്ലാസിലൊഴിച്ച് ഐസ് ക്യൂബിട്ട് ഉപയോഗിക്കുക.
ഞാവൽപഴ ഐസ്ക്രീം
ചേരുവകൾ: ഞാവൽപഴം ഒന്നര കപ്പ്, ചോളം മാവ്- രണ്ട് ടീസ്പൂണ്, പഞ്ചസാര നാല് ടീസ്പൂണ്, കൊഴുപ്പില്ലാത്ത തണുത്ത പാൽ- അര ലിറ്റർ.
രീതി: കാൽ ലിറ്റർ പാലിൽ ചോളമാവ് കലക്കിവയ്ക്കുക. ബാക്കി പാൽ തിളപ്പിച്ച് ചോളം- മാവ് മിശ്രിതം ചേർത്ത് ഇളക്കി കുറുക്കുക. ചെറിയ തീയിൽ കുറുക്കി എടുക്കുക. അതിൽ പഞ്ചസാരയും ഞാവൽപഴ കുഴമ്പും ചേർത്ത് നന്നായി ഇളക്കി വായു കയറാത്ത ഒരു പാത്രത്തിൽ വച്ച് അഞ്ചു മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക. പിന്നീട് അത് വീണ്ടും മിക്സിയിൽ അടിച്ച് വീണ്ടും പാത്രത്തിലാക്കി കട്ടിയാവുന്നതുവരെ ഫ്രീസറിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഞാവൽ ഐസ്ക്രീം ഉപയോഗിക്കാം.
ഞാവൽപഴം ജ്യൂസ്
ചേരുവകൾ: ഞാവൽപഴം- 6 കപ്പ്, വെള്ളം- ആറ് കപ്പ്, സർവസുഗന്ധിപൊടി- ഒരു ടീസ്പൂണ്, കറുവപ്പട്ട- ഒരു ചെറിയ കഷണം, ഗ്രാമ്പു- 3 എണ്ണം.
രീതി: കഴുകി വൃത്തിയാക്കി അരിമാറ്റിയ ഞാവൽപഴത്തിൽ ആറു കപ്പ് വെള്ളം ഒഴിക്കുക. സർവസുഗന്ധി, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക. ഒരു രാത്രി മൂടിവച്ച് തണുപ്പിക്കുക. പിറ്റേദിവസം അരിച്ച് കുപ്പികളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

