തുലാവർഷത്തിൽ ജില്ലയിൽ നശിച്ചത് 27.24 ഹെക്ടർ കൃഷി
text_fieldsകൊല്ലം: തുലാവർഷത്തിൽ പെയ്ത കനത്തമഴയിൽ ജില്ലയിൽ 53.76 ലക്ഷം രൂപയുടെ കൃഷിനാശം. കഴിഞ്ഞ ഒരുമാസത്തോളമായി പെയ്ത തുലാവർഷ മഴയിലാണ് കർഷകൾക്ക് കൂടുതൽ ദുരിതം വിതച്ചത്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നശിച്ചത് 27.24 ഹെക്ടറിലെ കൃഷിയാണ്. ഏറെയും നാശനഷ്ടം ബാധിച്ചത് വാഴ കർഷകരെയാണ്. ജില്ലയിൽ കുലച്ചതും കുലക്കാത്തതുമായി വിപണി മുന്നിൽക്കണ്ട് കൃഷിചെയ്ത 6480 വാഴകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. കൃഷി ചെയ്തവയിൽ കുലച്ചത് 4890 എണ്ണവും കുലക്കാത്തത് 1590 എണ്ണവും നശിച്ചു. വാഴകർഷകർക്ക് മാത്രം 35.7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെട്ടു.
നെൽകൃഷി 10.6 ഹെക്ടറിൽ നശിച്ചു, ഏകദേശം 15.9 ലക്ഷം നഷ്ടം കണക്കാക്കുന്നുണ്ട്. കൂടാതെ റബർ, തെങ്ങ്, കശുവണ്ടി തുടങ്ങിയ വിളകളിലും ചെറിയ തോതിൽ നാശം രേഖപ്പെടുത്തി. തുലാവർഷക്കെടുതിയിൽ ജില്ലയിലെ 274 കർഷകരുടെ വിവിധ വിളകൾക്കാണ് നഷ്ടം സംഭവിച്ചത്. കാലവർഷവും പിന്നാലെയെത്തിയ തുലാവർഷവുമാണ് കാർഷികമേഖലയിൽ വൻനാശം വിതച്ചത്. തുലാവർഷ മഴക്ക് ഒപ്പമെത്തിയ ശക്തമായ കാറ്റും പതിവില്ലാത്ത പ്രാദേശിക ചുഴലികളുമാണ് കർഷകർക്ക് കണ്ണീർ സമ്മാനിച്ചത്. വൻ മരങ്ങളടക്കം കഴപുഴകിയ കാറ്റിൽ വൻതോതിൽ വാഴകളും ഒടിഞ്ഞു.
കാറ്റിൽ ഒടിയാതിരിക്കാൻ താങ്ങുനൽകിയിരുന്നവയടക്കം നശിച്ചു. അപ്രതീക്ഷിതമായി ശക്തിയേറിയ കാറ്റ് വീശിയതാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു. ജൂണിലെത്തിയ കാലവർഷം ജില്ലയിലെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതം ഏൽപിച്ചിരുന്നു. ബാങ്കിൽനിന്ന് വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശയ്ക്കെടുത്തുമൊക്കെ കൃഷിയിറക്കിയവർക്ക് വിളനാശം നേരിടുന്നതിനാൽ വലിയ സാമ്പത്തികബാദ്ധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്.
വിളവെടുക്കൽ പാതിയോളമായിട്ടും സാധാരണ ലഭിക്കുന്ന വിളവ് കാലാവസ്ഥ വ്യതിയാനംമൂലം കർഷകർക്ക് ലഭിച്ചതുമില്ല. ജില്ലയുടെ കിഴക്കൻ മേഖലകളെയാണ് പ്രധാനമായും മഴ കൂടുതലായും ബാധിച്ചിരിക്കുന്നത്. വിപണി മുന്നിൽകണ്ട് കൃഷിചെയ്ത പച്ചക്കറി കർഷകരും വാഴ കർഷകരുമാണ് കെടുതിയിൽ ഏറെ വലഞ്ഞത്. ഒരുമാസത്തിനുള്ളിൽ വിളവെടുക്കൽ പാകമായ വാഴകളാണ് ഒടിഞ്ഞുവീണ് നശിച്ചത്. ശാസ്താംകോട്ട, അഞ്ചൽ, ചടയമംഗലം, വെട്ടിക്കാവല,പുനലൂർ എന്നീ ബേലാക്കുകളിലെ കർഷകർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. ശാസ്താംകോട്ടയിൽ 10.71 ഹെക്ടറുകളിലായി 85 കർഷകർക്കാണ് മഴക്കെടുതിയിൽ നഷ്ടം അനുഭവിച്ചത്. ഏകദേശം 23.05 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

