തണ്ടുതുരപ്പന്റെ ആക്രമണം; 200 ഏക്കർ നെൽകൃഷി നശിക്കുന്നു
text_fieldsതണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണം രൂക്ഷമായ നെടുമ്പാൾ ധനുകുളം പാടശേഖരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
നെടുമ്പാൾ ധനുകുളം, കോന്തിപുലം പാടശേഖരങ്ങളിലാണ് കൃഷിനാശം
ആമ്പല്ലൂർ: പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാൾ ധനുകുളം, കോന്തിപുലം പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണത്തിൽ 200 ഏക്കറോളം നെൽകൃഷി നശിക്കുന്നു. കൊയ്ത്തിന് പാകമായ നെല്ലാണ് നശിക്കുന്നത്.
15 ദിവസം മുമ്പാണ് തണ്ടുതുരപ്പന്റെ ആക്രമണം കണ്ടുതുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ രണ്ട് പാടശേഖരങ്ങളിലും ഇത് വ്യാപിച്ചു. തണ്ടിനുള്ളിൽ കയറുന്ന പുഴുക്കൾ കതിരുകളിലെ നീര് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം മൂപ്പെത്താതെ നെല്ല് നശിക്കുകയാണ്.
60 ശതമാനത്തോളം വിളവ് ലഭിച്ചിരുന്ന പാടത്ത് ഇത്തവണ പകുതിയിൽ താഴെ വിളവ് മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് കർഷകർ പറയുന്നത്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടിടത്തുമായി നൂറിലേറെ കർഷകരാണ് കൃഷിയിറക്കിയിരിക്കുന്നത്. തണ്ടുതുരപ്പൻ ആക്രമണത്തിൽ ഭൂരിഭാഗം കൃഷിയും നശിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ.
പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും പുഴുശല്യം വ്യാപിച്ചതിന്റെ കാരണം കണ്ടെത്താൻ കൃഷിവകുപ്പ് അധികൃതർക്കും കഴിഞ്ഞിട്ടില്ല. പറപ്പൂക്കര പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച പാടശേഖരം സന്ദർശിച്ചു. കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘത്തെ എത്തിച്ച് പരിശോധന നടത്തിയ ശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് പറഞ്ഞു. പ്രസിഡന്റിനോടൊപ്പം വാർഡ് മെമ്പർ ഐശ്വര്യ അനീഷ്, കർഷകസംഘം മേഖല സെക്രട്ടറി ഷാജു കൊമ്പാറ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവരും പാടശേഖരം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

