14 സെന്റിലെ പത്തരമാറ്റ് വിജയം
text_fieldsചാക്കോ കൃഷിയിടത്തിൽ
തൊടുപുഴ: പച്ചക്കറികൾ, പലതരം പഴവർഗങ്ങൾ, മത്സ്യം, മുട്ട, മാംസം... ഒരു കുടുംബത്തിന് കഴിയാനുള്ളതെല്ലാം ചാക്കോയുടെ കൊച്ചുകൃഷിയിടത്തിൽനിന്ന് കിട്ടും. സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് വിപണിയിലെത്തിച്ചും വരുമാനമുണ്ടാക്കുന്നു 58കാരനായ ഈ കർഷകൻ. ഉടുമ്പൻചോല കല്ലുപാലം കല്ലുവെച്ചേൽ കെ.സി. ചാക്കോ തന്റെ 14 സെന്റ് മാത്രമുള്ള പുരയിടത്തിൽ ജൈവകൃഷിയിലൂടെ ശരിക്കും അത്ഭുതം സൃഷ്ടിക്കുകയാണ്.
മൂവാറ്റുപുഴയിൽ സ്കൂളിൽ ക്ലർക്കായിരുന്നു ചാക്കോ. ജോലിയിൽനിന്ന് വിരമിച്ചതോടെ ഉടുമ്പൻചോലയിലേക്ക് കുടിയേറി. നേരമ്പോക്കും മനസ്സിന് സന്തോഷവും കണ്ടെത്താനാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ചെറിയ രീതിയിലായിരുന്നു തുടക്കം.
കുടുംബത്തിന് വേണ്ടതെല്ലാം സ്വന്തം മണ്ണിൽനിന്ന് കണ്ടെത്തുക എന്ന ആശയത്തിനൊപ്പം കൃഷിയും വിപുലമായി. ഇന്ന് ചാക്കോയുടെ കൃഷിയിടത്തിൽ എന്തൊക്കെ ഇല്ല എന്ന് ചോദിക്കുന്നതാകും നല്ലത്. 14 സെന്റിൽ ഇത്രയൊക്കെ സാധ്യമാകുമോ എന്ന് അതിശയപ്പെടുന്നവർക്ക് ചാക്കോയുടെ കൃഷിയിടം മറുപടി നൽകും.
അവക്കോഡ, വിവിധയിനം പേരകൾ, മാവ്, വാഴ, പപ്പായ, ഓറഞ്ച്, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങൾ, പയർ, ചീര, കാബേജ്, പച്ചമുളക്, കാന്താരി, ചേന, ചേമ്പ്, നെല്ലി തുടങ്ങിയ പച്ചക്കറികൾ എന്നിവയെല്ലാം കൃഷിയിടത്തിൽ സമൃദ്ധമായി വളരുന്നു. ഇവക്ക് പുറമെ വ്യത്യസ്തയിനം കോഴികൾ, താറാവ്, മുയൽ, കൾഗം, വാത്ത, കിവി, മത്സ്യം എന്നിവയും വളർത്തുന്നുണ്ട്. മൂന്ന് വർഷമായി പച്ചക്കറിയും മുട്ടയും മത്സ്യവും മാംസവുമൊന്നും ചാക്കോക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവന്നിട്ടില്ല.
പൂർണമായും ജൈവരീതിയിലാണ് കൃഷി. മുയൽ കാഷ്ഠവും കമ്പോസ്റ്റും കോഴിവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് പച്ചക്കറി വൻതോതിൽ നശിച്ചു. പുതിയ തൈകൾ വളർന്നുതുടങ്ങി. വാർഡിലെ മികച്ച കർഷകനുള്ള പഞ്ചായത്തിന്റെ പുരസ്കാരവും ഇതിനകം ചാക്കോയെ തേടിയെത്തി. ഇദ്ദേഹത്തിന്റെ ജൈവ കൃഷിത്തോട്ടം കാണാനും കൃഷിരീതികൾ ചോദിച്ചറിയാനും പലരും ഇവിടം സന്ദർശിക്കാറുണ്ട്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കൃഷിയിലേക്കിറങ്ങി വിജയം കണ്ടവരുമുണ്ട്. വളർത്തുജീവികളെയും ചെടികളെയും പരിപാലിച്ച് സദാസമയവും ചാക്കോ കൃഷിയിടത്തിലുണ്ടാകും. ഇതിലൂടെ കിട്ടുന്ന ആത്മസംതൃപ്തിയാണ് സാമ്പത്തികനേട്ടത്തെക്കാൾ വലുതെന്നും കഴിയുന്നത്രകാലം വിജയകരമായി കൃഷി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ചാക്കോ പറയുന്നു. ഏലിയാമ്മയാണ് ഭാര്യ. മക്കൾ: ജയിംസ്, ജെറിൻ, ജെമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

