കാര്‍ഷിക സെന്‍സസ്: ജില്ലയില്‍ ആദ്യഘട്ട വിവരശേഖരണത്തിന് തുടക്കം
text_fieldsതിരുവനന്തപുരം: ജില്ലയില്‍ കാര്‍ഷിക സെന്‍സസിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഭൂമി കൈവശക്കാരുടെ പട്ടിക തയാറാക്കുകയാണ് ഒന്നാം ഘട്ടത്തില്‍ ചെയ്യുന്നത്. ഭൂമിയുടെ വിസ്തൃതി, ഉടമസ്ഥാവകാശം, കൃഷി ഇനം, സാമൂഹ്യ വിഭാഗം, ലിംഗം തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി താത്കാലികാടിസ്ഥാനത്തില്‍ എന്യൂമറേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്.
പഞ്ചായത്ത് തലത്തില്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരും ബ്ലോക്ക്, താലൂക്ക് തലത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരും ജില്ലാതലത്തില്‍ ഡെപ്യൂട്ടി ഡയറക്ടറും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഫെബ്രുവരി അവസാനത്തോടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ജലസേചനവും കൃഷി രീതികളും, മൂന്നാം ഘട്ടത്തില്‍ വളം, കീടനാശിനി എന്നിവയുടെ ഇന്‍പുട്ട് സര്‍വേയും നടക്കും. സര്‍വേ നടപടികളില്‍ വിവിധവകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍ ജയാജോസ് രാജ് സി.എല്ലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഏകോപനസമിതി യോഗം ചേര്‍ന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോകവ്യാപകമായി സംഘടിപ്പിക്കുന്ന കാര്‍ഷിക സെന്‍സസിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തുന്നത്. വിവരശേഖരണം ആദ്യമായി സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും നടത്തുന്നുവെന്ന പ്രത്യേകത ഈ സെന്‍സസിനുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുവാനും അവരെ ആദായകരമായ വിളകളിലേക്ക് ആകര്‍ഷിക്കുവാനും ആഗോള നിലവാരത്തിന് തുല്യമായി ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് സെന്‍സസ് വിവരങ്ങള്‍ സഹായകരമാകും.
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് കാര്‍ഷിക സെന്‍സസിന്റെ ചുമതല. ജില്ലയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി 758 എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുത്ത്, പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് കുമാര്‍. ബി, വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

