ഒരു ചെടിയിൽ 1269 തക്കാളികൾ; ഗിന്നസ് ബുക്കിൽ ഇടം നേടി കർഷകൻ
text_fieldsഒരു ചെടിയിൽ എത്ര തക്കളി വിളയിച്ചെടുക്കാൻ കഴിയും? പത്തോ ഇരുപതോ കൂടിപ്പോയാൽ മുപ്പത് എന്നൊക്കെ കരുതിയെങ്കിൽ തെറ്റി. ഒറ്റച്ചെടിയില്‍ തന്നെ 1269 തക്കാളികൾ വിളയിച്ചെടുത്തിരിക്കുകയാണ് ബ്രിട്ടീഷുകാരനായ ഡഗ്ലസ് സ്മിത്ത്.
തന്‍റെ തന്നെ റെക്കോഡാണ് സ്മിത്ത് തിരുത്തിയത്. 2021ല്‍ ഒരു ചെടിയില്‍ 839 തക്കാളി വിളയിച്ചെടുത്ത് ലോകറെക്കോഡ് നേടിയിരുന്നു. പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു ചെടിയിൽ 488 തക്കാളി അദ്ദേഹം വളർത്തിയെടുത്തിരുന്നു. ഇതും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
2020ൽ ഏറ്റവും ഭാരമേറിയ തക്കാളി വിളയിച്ചെടുത്തുകൊണ്ട് മറ്റൊരു റെക്കോഡും സ്മിത്ത് സൃഷ്ടിച്ചിരുന്നു. 3.106 കി.ഗ്രാമായിരുന്നു തക്കാളിയുടെ ഭാരം.
ഇംഗ്ലണ്ടിലെ സ്റ്റാൻസ്റ്റെഡ് അബോട്ട്സ് സ്വദേശിയാണ് ഡഗ്ലസ് സ്മിത്ത്. ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന സ്മിത്ത് തന്‍റെ തോട്ടത്തെ കാര്‍ഷിക പരീക്ഷണങ്ങളുടെ ഒരിടമാക്കി മാറ്റുകയായിരുന്നു. ആഴ്ചയില്‍ മൂന്നോ നാലോ മണിക്കൂര്‍ അദ്ദേഹം തന്‍റെ തോട്ടത്തില്‍ ചെലവഴിക്കാറുണ്ട്. ആദ്യത്തെ ലോകറെക്കോഡ് നേടിയതിനു ശേഷം കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച വിളവെടുപ്പിനായി തന്‍റെ കൃഷിയെ ശാസ്ത്രീയ രീതിയിൽ സമീപിക്കുകയും ചെയ്തു.
നേരത്തെ, തന്‍റെ വീട്ടുമുറ്റത്ത് 21 അടി നീളമുള്ള കൂറ്റൻ സൂര്യകാന്തി നട്ടുവളർത്തി സ്മിത്ത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സൂര്യകാന്തിക്ക് അദ്ദേഹത്തിന്‍റെ വീടിന്‍റെ അത്ര ഉയരമുണ്ടായിരുന്നു.
ഈ വര്‍ഷം പയര്‍, വഴുതന, ഉരുളക്കിഴങ്ങ് എന്നിവ നട്ടുവളര്‍ത്തി റെക്കോഡിടാനുള്ള ശ്രമത്തിലാണ് സ്മിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

