റെക്കോഡിലെത്തി കുരുമുളക് വില; ഉൽപാദനം കുറഞ്ഞത് വിനയാകുന്നു
text_fieldsകൊച്ചി: സംസ്ഥാനത്തെ വിപണിയിൽ റെക്കോഡിലേക്ക് കുതിച്ച് കുരുമുളക് വില. പത്തുവർഷത്തിന് ശേഷമാണ് കുരുമുളക് ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. നിലവിൽ 705 രൂപ വരെയാണ് കിലോയ്ക്ക് ചില്ലറ വില. ഒരു ക്വിന്റലിന് 67,500 രൂപ മുതൽ 75,000 രൂപ വരെയാണ് വിവിധ മാർക്കറ്റുകളിലെ നിരക്ക്. പലപ്പോഴായി കുത്തനെ ഇടിഞ്ഞ കുരുമുളക് വില കഴിഞ്ഞ ഒമ്പതുവർഷത്തിനിടയിൽ 700 രൂപയിലെത്തിയതാണ് ഏറ്റവും ഉയർന്ന വില നിരക്ക്.
ഉത്പാദനത്തിലെ കുറവ്, ഉത്സവകാലമായതിനാൽ വർധിച്ച ആവശ്യകത എന്നിവയാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വില ഉയരുന്നുണ്ടെങ്കിലും, കൃഷിയിലൂടെയുള്ള കുരുമുളക് ഉൽപാദനം കേരളത്തിൽ കുത്തനെ ഇടിയുകയാണെന്നാണ് കണക്കുകൾ. ഏറ്റവുമധികം കൃഷിയുണ്ടായിരുന്ന ഇടുക്കിയിൽ ഇപ്പോൾ കർഷകർ മറ്റ് ലാഭകരമായ കൃഷികളിലേക്ക് തിരിഞ്ഞതും തിരിച്ചടിയായി.
2023ലായിരുന്നു അവസാനമായി വില ഉയർന്നിരുന്നത്. 2023 ജൂലായ് രണ്ടാംവാരം വിപണികളിൽ 490 രൂപയ്ക്ക് ശേഖരിച്ചിരുന്ന കുരുമുളക് ജൂലായ് 26 ആയപ്പോഴേക്കും 560 രൂപയ്ക്ക് വ്യാപാരികൾ ശേഖരിച്ചിരുന്നു. പിന്നീട് കുരുമുളകുവില നേരിയതോതിൽ ഉയർന്നിരുന്നെങ്കിലും വലിയ മാറ്റങ്ങലൊന്നും ഉണ്ടായിരുന്നില്ല.
കുരുമുളക് ക്ഷാമത്തിനിടെ വൻകിട വ്യവസായികൾ വിപണി വിലയേക്കാൾ ഉയർന്ന വില വാഗ്ദാനം ചെയ്ത് ചരക്ക് സംഭരണത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. ദീപാവലി വേളയിലെ ബംബർ വിൽപന മുന്നിൽക്കണ്ട് കിലോയ്ക്ക് അഞ്ച് മുതൽ എട്ട് രൂപ വരെ അധികം വില വാഗ്ദാനം വ്യാപാരികൾ നൽകിയിട്ടും കർഷകർ മുന്നിട്ടുവരുന്നില്ലെന്നും പറയപ്പെടുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

