‘ഏതു വിളയും വീട്ടില്‍ കൃഷി ചെയ്യാം’; മണ്ണിന്റെ പോഷണ പാഠങ്ങൾ തിരിച്ചറിഞ്ഞ കുട്ടികൾ പറയുന്നു
text_fieldsമണ്ണറിവു നേടുന്ന കിനാലൂര്‍ ഗവണ്‍മെന്റ് യു.പി സ്കൂളിലെ കുട്ടികള്‍
ഉത്തരേന്ത്യയിലെ ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടില്‍ വിളയുമോ? വിളയും, ഉരുളക്കിഴങ്ങിന് വേണ്ട പോഷകങ്ങള്‍ നിറഞ്ഞ മണ്ണ് നമ്മള്‍ ഒരുക്കിക്കൊടുത്താല്‍ മതിയെന്നാണ് പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ കൃഷി പരിശീലിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ പറയുന്നത്.
മണ്ണിന്റെ ഘടനയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഏതു വിളയും വീട്ടില്‍ കൃഷി ചെയ്യാമെന്ന ആത്മവിശ്വാസത്തിലാണ് കിനാലൂര്‍ ഗവണ്‍മെന്റ് യു.പി സ്കൂളിലെ കുട്ടികള്‍. പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവർ മാലിന്യ നിര്‍മാര്‍ജനത്തോടൊപ്പം കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോക മണ്ണു ദിനത്തിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കാം.
സർവ്വശിക്ഷാ അഭിയാന്റെ ‘വേനൽപ്പച്ച’ പ്രവർത്തന പുസ്തകത്തിൽ ഉൾപ്പെടുത്തിയ ആദ്യ പാഠമാണ് ‘നെറ്റ്യൂകോ’. കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള സമഗ്ര പരിഹാര പദ്ധതിയായി ഈ കൃഷി രീതിയെ സുഗതകുമാരി ടീച്ചർ നേരത്തെ മുന്നോട്ടു വെച്ചിരുന്നു.
പദ്ധതിയുടെ ആദ്യഘട്ടമായി ഇരുപത്തിയഞ്ചോളം കുട്ടികളുടെ വീടുകളിൽ നിന്നും വിവിധയിനം മണ്ണുകൾ ശേഖരിച്ചു. ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിലെ റിപ്പോർട്ട് പ്രകാരം അമ്ല ക്ഷാര അനുപാതവും, ലവണങ്ങളുടെ അളവും, മൂലകങ്ങളുടെ അപര്യാപ്തതയും അവർ മനസ്സിലാക്കി.അതിന്റെ അടിസ്ഥാനത്തിൽ മണ്ണിനെ അവർ തികവുറ്റതാക്കി.
മള്‍ബറിയാണ് കുട്ടികൾ ആദ്യം നട്ടത്. മള്‍ബറിയിലകളും തണ്ടുമൊക്കെ കംപോസ്റ്റ് ചെയ്താല്‍ ഉരുളക്കിഴങ്ങിനുള്ള മൂലക പോഷണം ലഭ്യമാക്കാൻ കഴിയും എന്നതുകൊണ്ടാണിത്.
ഒരു കിലോ ഉരുളക്കിഴങ്ങിന് മണ്ണില്‍നിന്നും ആറ് ഗ്രാം നൈട്രജനും രണ്ട് ഗ്രാം ഫോസ്ഫറസ് പെന്റോക്സൈഡും ഒമ്പതു ഗ്രാം പൊട്ടാസ്യം ഓക്സൈഡും ചെടി വലിച്ചെടുക്കണമെന്നാണ് ശാസ്ത്രീയപഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനർഥം വിത്ത് വിതക്കാൻ ഉദ്ദേശിക്കുന്ന മണ്ണില്‍ ഇത്രയും മൂലക പോഷണം ഉണ്ടായിരിക്കണമെന്നാണ്.
ഉരുളക്കിഴങ്ങു മാത്രമല്ല, വെണ്ണപ്പഴവും മുസംബിയും കരിമ്പും കാച്ചിലും വെണ്ടയും വേലിച്ചീരയും ഈ രീതിയില്‍ കൃഷി ചെയ്യാനുള്ള മണ്ണ് നിര്‍മാണമാണ് കുട്ടികൾ പരിശീലിക്കുന്നത്. കാലാവസ്ഥാവ്യതിയാനം കാരണം കീടബാധ കൂടുന്നതും വിളവ് കുറയുന്നതുമായ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ മണ്ണ് സംരക്ഷണത്തിലൂടെ കഴിയും.
തെങ്ങിനും വാഴക്കും മരച്ചീനിക്കുമൊക്കെ വേണ്ട രീതിയില്‍ പോഷകസമ്പുഷ്ടമായ മണ്ണൊരുക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് ജൂണിൽ തുടങ്ങി മാർച്ച് വരെ നീണ്ടുനിൽക്കുന്ന ഈ ഗവേഷണാത്മക പ്രൊജക്ടിലൂടെ കുട്ടികള്‍ തെളിയിക്കുന്നത്.
‘കൃഷി ചെയ്യുമ്പോൾ ഓരോ വിളക്കും വേണ്ട പോഷകങ്ങളും പ്രാദേശികമായ മണ്ണിന്റെ വൈവിധ്യവും നാം വേണ്ടത്ര പരിഗണിക്കാറില്ല. സുസ്ഥിര കൃഷിക്ക് മണ്ണറിവ് അത്യന്താപേക്ഷിതമാണെന്ന് ഈ പ്രോജക്ടിലൂടെ കുട്ടികൾ തിരിച്ചറിയുന്നു’വെന്ന് പരിസ്ഥിതി ക്ലബ് കണ്‍വീനറായ സുമിത ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു.
‘നെറ്റ്യുകോ’ മണ്ണ് നിർമാണത്തിന് ദീപക് സച് ദേയുടെ ‘പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ കൃഷി’ റഫറൻസ് പുസ്തകമായി സർവ്വശിക്ഷാ അഭിയാൻ നിർദേശിക്കുന്നു. ‘പെർഫ് ബുക്സ്’ ആണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

