Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightഓണാട്ടുകരയിലെ...

ഓണാട്ടുകരയിലെ എള്ളുപാടങ്ങൾ

text_fields
bookmark_border
ഓണാട്ടുകരയിലെ എള്ളുപാടങ്ങൾ
cancel

ഓണാട്ടുകര. ഒരുകാലത്ത്​ മധ്യകേരളത്തിെൻറ സമ്പൽസമൃദ്ധിയുടെ പര്യായമായ ദേശം. നെല്ലും തേങ്ങയും വെളിച്ചെണ്ണയും പഴങ്ങളും പച്ചക്കറികളും മീനും പാലും കിഴങ്ങുവർഗങ്ങളും വാഴക്കുലകളുമെല്ലാം സുലഭമായി ഉൽപാദിപ്പിച്ച്​ സ്വന്തം ജനതക്കിടയിൽ വിറ്റഴിച്ച്​ അല്ലലില്ലാതെ ജീവിച്ചിരുന്ന ജനതയുടെ നാട്. പരമ്പരാഗത നാടൻ പണി ഉപകരണങ്ങളായ മൺവെട്ടിയും മൺകോരിയും തനിതൂമ്പയും മാത്രമല്ല, ചങ്ങഴിയും നാഴിയും നിറപറയും ചിക്കുപായും പന്തിപ്പായും മെത്തപ്പായും തഴപ്പായും കാളയും കലപ്പയുമെല്ലാം ഉപയോഗിച്ച്​ കേരളത്തനിമയുടെ അംശങ്ങൾ കാത്തുസൂക്ഷിച്ച്​ ഒരുമനസ്സായി ഇപ്പോഴും ജീവിക്കുന്നവരുടെ നാട്. കൊച്ചുണ്ണിയുടെ കായംകുളവും തഴപ്പായ നിർമാണത്തിന്​ പേരുകേട്ട തഴവായും സാംസ്കാരികത്തനിമ വിളിച്ചോതുന്ന കുംഭഭരണി കെട്ടുകാഴ്ചയുടെ നാടായ ചെട്ടിക്കുളങ്ങരയും മാത്രമല്ല, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്​പിൽവേ മുതൽ കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖം വരെ നീണ്ടുപരന്നു കിടക്കുന്ന, 43 പഞ്ചായത്തുകളും മൂന്ന്​ മുനിസിപ്പാലിറ്റികളും ഉൾപ്പെട്ട, കടൽനിരപ്പിൽനിന്ന്​ മൂന്ന്​ മീറ്റർ മാത്രം ഉയരമുള്ള ദേശം. ഇതെല്ലാമാണ് ഓണാട്ടുകരയെങ്കിലും ഈ നാടിനു മാത്രം സ്വന്തമെന്ന്​ അവകാശപ്പെടാവുന്ന മറ്റൊന്നുകൂടിയുണ്ട് ഇവിടെ. മലയാളിയുടെ മനസ്സിലും അടുക്കളയുടെ അകത്തളങ്ങളിലും തലമുറകളായി സ്ഥാനം പിടിച്ച അതിപ്രശസ്​തമായ 'ഒാണാട്ടുകര എള്ള്​'. പരന്നുകിടക്കുന്ന തെങ്ങിൻതോപ്പും പുരയിടങ്ങളോട്​ ഓരംചേർന്ന്​ അടുത്തടുത്തുകിടക്കുന്ന തൂവെള്ള മണ്ണുവിരിച്ച തുണ്ടുതുണ്ടു വിരിപ്പുപാടങ്ങൾ. അതിൽ തളിർത്തു പൂവിടർത്തി കാറ്റിലാടി നിൽക്കുന്ന എള്ളിൻ ചെടികൾ. മണ്ണിനോട് പടവെട്ടുന്ന കർഷകർ... ഒാണാട്ടുകരയുടെ അടയാളമാണ്​ ഇൗ കാഴ്​ചകൾ.


എള്ളും ഓണാട്ടുകരയും

സെസാമം ഇൻഡിക്കം (Sesamum indicum) എന്ന ശാസ്​ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആയുർവേദത്തിലെ സ്​നേഹവർഗത്തിൽപെട്ട സസ്യ എള്ള്് ലോകത്ത് 2.5 ദശലക്ഷം ഹെക്ടർ സ്ഥലത്ത്് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നത്​ (ആറു ലക്ഷം ടൺ) ഇന്ത്യയിലാണ്. പ്രത്യേകിച്ച്​ ഗുജറാത്ത്, ബംഗാൾ, മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ. എന്നാൽ, തനിനാടൻ രീതിയിൽ എണ്ണക്കുരുവായി വളർത്തിവരുന്നതും ഏറെ ഔഷധഗുണമുള്ളതും സംശുദ്ധമായതുമാണ്​ ഓണാട്ടുകരയിലേതെന്ന്​, കേരളകാർഷിക സർവകലാശാലയുടെ കീഴിലുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രവും സാക്ഷ്യപ്പെടുത്തുന്നു. തലമുറകളായി കൈമാറിവന്ന വിത്തിനത്തിൽനിന്ന്​ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കായംകുളം -വൺ, തിലോത്തമ, തിലക്, തിലറാണി, തിലതാര എന്നീ ഇനങ്ങളിൽപെട്ടതും ഇന്ന്​ ഏറെ കൃഷി ചെയ്യുന്നുണ്ട്്. ഇതിൽ വെള്ളായനി കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സൂര്യ എള്ളും ഉൾപ്പെടും. ഇവക്കെല്ലാം ഇതര സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്നതിനേക്കാൾ ഏറെ ഗുണമേന്മയുമുണ്ട്​. അതുകൊണ്ടുതന്നെ ഇതിനു കിലോക്ക്​ 300 രൂപവരെ വിലയും വരുന്നുണ്ട്. മലയാളികൾ മാത്രമല്ല, വിദേശരാജ്യങ്ങളിൽപോലും ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ച്​ ഗൾഫ്, പാശ്ചാത്യ നാടുകൾ. എള്ളിെൻറ മറ്റൊരു വകഭേദമായ ആയുർവേദമരുന്നുകൾക്കായി ഉപയോഗിക്കുന്ന ആയാളിയും (ആശാളി) ഇവിടെ കൃഷിചെയ്തുവരുന്നു.

ഇവിടത്തെ മണ്ണിെൻറ പ്രത്യേകതയും അനുകൂല കാലാവസ്ഥയുമാണ്​ ഗുണമേന്മ വർധിക്കാൻ കാരണമെന്ന്​ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഡിസംബറിൽ വിത ആരംഭിച്ച്​ ഏപ്രിലിൽ വിളവെടുപ്പു തുടങ്ങുന്നതോടെ കുട്ടനാട്ടിലെ ​െകായ്ത്തുത്സവത്തിനു സമാനമായി ഓണാട്ടുകരയാകെ ഉത്സവപ്രതീതിയാണ്. അക്കാലങ്ങളിൽ നാട്ടിലെങ്ങും സംസാരം എള്ളും എള്ളെണ്ണയും എള്ളിൻ പലഹാരങ്ങളുടെ കഥകളും മാത്രം.


കുടുംബം ഒന്നായി രംഗത്ത്

പാടങ്ങളിലും കരയിലുമായി ഒരുകാലത്ത് ആയിരക്കണക്കിന്​ ഏക്കർ എള്ള്​ കൃഷി ചെയ്തിരുന്നുവെങ്കിലും ജനസാ​ന്ദ്രത കൂടിയതോടെ കൃഷിഭൂമിയിലെല്ലാം വീടുകൾ ഉയർന്നു. വിരിപ്പുപാടങ്ങളിൽ പലതും നികത്തിയതും​ നീരൊഴുക്കു തടസ്സപ്പെട്ടതും​ ഈ കൃഷിയുടെ നിലനിൽപിനെ സാരമായി ബാധിച്ചു. എങ്കിലും തലമുറകളിൽനിന്ന്​ തലമുറകളിലേക്കു കൈമാറിപ്പോന്ന ഈ അപൂർവയിനം എള്ളുകൃഷി അന്യംനിന്നുപോകാതിരിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന ഒരുപറ്റം കർഷകർ ഇന്നും ഇവിടെയുണ്ട്. ​െതാഴിലാളികളെ കിട്ടാൻ ഏറെ ബുദ്ധിമുട്ടായിരുന്നിട്ടും ഭാര്യയും മക്കളും ചെറുമക്കളും കുടുംബവും എല്ലാം ഒത്തൊരുമിച്ച്​ ഈ കൃഷിയിൽ വ്യാപൃതരാകുന്ന അപൂർവ കാഴ്ച ഇന്നും ഓണാട്ടുകരയിൽ കാണാം. അറുന്നൂറോളം ഹെക്ടർ സ്ഥലത്ത്​ ഇത്തരത്തിൽ കൃഷിചെയ്തുവരുന്നു. ഇരുനൂറ്​ ടണിലധികം ഇവിടെ ഇപ്പോൾ ഉൽപാദിപ്പിക്കുന്നുമുണ്ട്. ഒരേക്കറിൽ കേവലം അയ്യായിരം രൂപയിൽ താഴെമാത്രം ചെലവഴിച്ചാൽ ഈ കൃഷി വിജയകരമായി ചെയ്യാനാകും. സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം കെട്ടിനിൽക്കാത്തതുമായ ഒന്നോ രണ്ടോ സെൻറ്​ സ്ഥലത്തു പോലും എള്ള്​ കൃഷി ചെയ്യാനുമാകും. ടെറസിനു മുകളിൽപോലും പരീക്ഷണ കൃഷി നടത്തുന്നവരുണ്ട്​.

ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും ഗുണനിലവാരം കുറഞ്ഞ എള്ളെണ്ണയും എള്ളും വലിയ പരസ്യങ്ങൾ നൽകി വിപണി കൈയടക്കുന്ന കാലത്തും ഒാണാട്ടുകര എള്ളിന്​ അതി​​േൻറതായ വിപണിമൂല്യമുണ്ട്​. കൃഷിയിറക്കുമ്പോൾതന്നെ വിളവ് തങ്ങൾക്കുതന്നെ തരണം എന്നു പറഞ്ഞ് ഏജൻറുമാരും വ്യക്തികളുമെല്ലാം ഇവിടത്തെ കർഷകരെ സമീപിക്കുന്നതും പതിവാണ്.


കുടുംബം ഒന്നായി രംഗത്ത്

മുണ്ടകൻ, പുഞ്ച പാടങ്ങളിലെ നെൽകൃഷിക്കുശേഷം മൂന്നാംവിള എന്ന നിലയിലാണ് എള്ള് ഇവിടെ കൃഷി ചെയ്യുന്നത്. തുലാവർഷം ശമിച്ചു വെള്ളം കെട്ടിക്കിടക്കാത്തയിടമായി വിരിപ്പുപാടങ്ങൾ മാറു​േമ്പാഴേക്കും പാടം ഒരുക്കലും വിത്തു വിതക്കലുമായി. തൊഴിലാളികളുടെ അഭാവത്താൽ കർഷകർതന്നെ കുടുംബസമേതം ഇതിനായി രംഗത്തിറങ്ങും. വെള്ളത്തെ അതിജീവിക്കാൻ ഇതിനു കഴിയാത്തതിനാൽ വെള്ളക്കെട്ട്​ അശേഷമില്ലാത്ത ഭൂമിയിൽ മാത്രമേ ഇതു കൃഷി ചെയ്യാനാവൂ. പ്രത്യേകിച്ച്​ വിരിപ്പുപാടങ്ങളിൽ. പുരയിടങ്ങളിൽ തെങ്ങുകൾക്കിടയിലാണ് ഇവ കൃഷിചെയ്യുന്നത്​. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലാണ് കരകൃഷി ആരംഭിക്കുക. വ്യത്യസ്​തയിനം എള്ളുകൾ ഉണ്ടെങ്കിലും കറുത്ത എള്ള്​ കൃഷിചെയ്യാനാണ് കർഷകർക്ക്​ ഏറെ താൽപര്യം. എണ്ണയും ഗുണനിലവാരവും ഏറെയുള്ളത്​ എന്നതാണ് ഇതിനു കാരണം. മറ്റു വിളകളെ അപേക്ഷിച്ച്​ രോഗബാധ തീരെ കുറവുള്ള ഒന്നാണ് എള്ള് കൃഷി.

രാവിലെ പത്തിനു മുമ്പോ വൈകീട്ട്​ മൂന്നിനു ശേഷമോ ആയിരിക്കും എള്ള് വിതക്കുന്നത്. വിളവെടുപ്പിന്​ 75 മുതൽ 85 ദിവസംവരെ മതിയാകും. വിളവെടുപ്പു സമയമായാൽ ആർക്കും അനായാസേന പിഴുതെടുക്കാം. ഇല മഞ്ഞനിറമായി കൊഴിഞ്ഞുതുടങ്ങുകയും തണ്ടിൽ കായ്ക്കുന്ന കായ്കൾ മഞ്ഞ നിറമാകുകയും ചെയ്യുന്നതോടെയാണ് വിളവെടുപ്പു നടക്കുക. വിളഞ്ഞ കായ​ 'കത്തിക്കാ' എന്ന പേരിലാണ്​ ഇവിടെ അറിയപ്പെടുക. വിതക്കുന്നതു​േപാലെത്തന്നെ വിളവെടുപ്പും രാവിലെയാണ്. പിഴുതെടുത്തശേഷം ചുവടുഭാഗം മുറിച്ചുമാറ്റി ചെറിയ കെട്ടുകളായി മൂന്നുനാലുദിവസം തണലത്ത് അടുക്കി​െവക്കും. പിന്നീട് ഇലകൾ പൂർണമായും ഉണങ്ങിയശേഷം വെയിലുകൊള്ളിച്ചു പായിൽ നിരത്തി കമ്പുകൊണ്ട് അടിച്ച്​ ഓരോദിവസവും വിത്തു പൊഴിച്ച്​ എടുക്കുകയാണ് ചെയ്യുന്നത്. ആദ്യത്തെ ദിവസം കിട്ടുന്ന എള്ളാണ് വിത്തിനായി സാധാരണ ഉപയോഗിക്കുന്നത്. പിന്നീട് ഇവ വൃത്തിയാക്കി തഴപ്പായിൽ ഉണക്കി മൺകുടം, പോളിത്തീൻകൂട്, തകര ടിൻ എന്നീ സംഭരണികളിൽ സൂക്ഷിച്ചാൽ കേടുകൂടാതെ കു​േ​റക്കാലം ഉപയോഗിക്കാം. എള്ളിനു ശേഷം പച്ചക്കറികളും പയറും ഇതേ ഭൂമിയിൽ കൃഷിചെയ്യും.



തറവില നിശ്ചയിക്കണം, സർക്കാർ ഇടപെടണം

അതിഗുണമേന്മയുള്ള അപൂർവയിനം എള്ള് ആയതിനാൽ ഇത്​ അന്യംനിന്നുപോകാതിരിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ്​ ഇന്നാട്ടിലെ കർഷകർ. ലാഭകരമായ കൃഷി ആയിട്ടും പുതുതലമുറ ഇൗ രംഗത്തേക്ക്​ കടന്നുവരുന്നില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന്​ മായംചേർത്തതും ഗുണനിലവാരമില്ലാത്തതുമായ എള്ളും എള്ളെണ്ണയും ഇവിടത്തെ വിപണി കീഴടക്കുമ്പോൾ സംശുദ്ധമായത്​ നൽകാൻ നമുക്കാകുമെങ്കിലും അതു വേണ്ടത്ര അളവിൽ ഉൽപാദിപ്പിക്കാനുള്ള ഒരു ശ്രമം സർക്കാറി​െൻറ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ല.

ഉൽപാദനച്ചെലവിനനുസൃതമായ വില എള്ളിനു ലഭിക്കുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്​. എള്ളിന്​ തറവില നിശ്ചയിക്കാനും ഉൽപാദിപ്പിക്കുന്ന എള്ള് ഏറ്റെടുക്കാനും സർക്കാർ തയാറാകണം. എങ്കിൽ മാത്രമേ ഇൗ കൃഷി സംരക്ഷിക്കാനാകൂവെന്ന്​ സമിതി പ്രസിഡൻറ്​ മുഹമ്മദുകുഞ്ഞും സെക്രട്ടറി ജേക്കബ് ഉമ്മനും വികസന ഏജൻസി ഭാരവാഹി സുകുമാരപിള്ളയും അഭിപ്രായപ്പെടുന്നു. തൊഴിലാളികളുടെ അഭാവത്തിനു പരിഹാരമായി തൊഴിലുറപ്പു തൊഴിലാളികളെ ഇതിനായി പ്രയോജനപ്പെടുത്താമെന്ന നിർദേശവും അവർ മുന്നോട്ടു​െവക്കുന്നു.


ഭൗമസൂചികയിലേക്കുള്ള പ്രയാണം

ഓണാട്ടുകരയിലെ കാർഷിക മേഖല േപ്രാത്സാഹിപ്പിക്കാൻ 1937ൽ തിരുവിതാംകൂർ യൂനിവേഴ്സിറ്റിയുടെ കീഴിൽ ആരംഭിച്ച ഗവേഷണ കേന്ദ്രം ഈ രംഗത്ത്​ ഒട്ടേറെ സംഭാവനകൾ ചെയ്തു. 1958ൽ സംസ്ഥാന കൃഷി വകുപ്പി​െൻറ കീഴിലായ സ്ഥാപനം 1972ൽ കേരള കാർഷിക യൂനിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലായി. 1981ൽ ഇത് മേഖല ഗവേഷണ കേന്ദ്രമായി മാറ്റി. 2000 ഏപ്രിൽ 12ന്​ ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെട്ടു. എങ്കിലും ഇപ്പോഴും പരാധീനതകളുടെ നടുവിലാണ് ഈ ഗവേഷണകേന്ദ്രം.

ഓണാട്ടുകരയിൽ ഉൽപാദിപ്പിക്കുന്ന എള്ളെണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അെക്രഡിറ്റഡ് ലാബും മെഷിനറികളും വളരെ അത്യാവശ്യമാണ്. ഇപ്പോൾ കർഷകർ നേരിട്ടാണ് ഇവ വിറ്റഴിക്കുന്നത്​. അവയുടെ ഗുണമേന്മ കുറെക്കൂടി ഉറപ്പുവരുത്താൻ ഇതു സഹായകമാകും. ഒപ്പം അ​േഗ്രാ െപ്രാസസിങ്​ യൂനിറ്റും ഇവിടെ അനിവാര്യമാണെന്നും ഓണാട്ടുകര കാർഷികഗവേഷണ കേന്ദ്രം മേധാവി കൂടിയായ ഡോ. ജി. സുജ അഭിപ്രായപ്പെടുന്നു. ''വളരെ കുറച്ചു സ്ഥലത്തുപോലും ലാഭകരമായി ചെയ്യാവുന്ന കൃഷി എന്ന നിലയിൽ ഇതിനെക്കുറിച്ച്​ അവബോധം സൃഷ്​ടിക്കാൻ സർക്കാറും ജനങ്ങളും മുന്നോട്ടുവരണ''മെന്ന അഭിപ്രായമാണ് കേന്ദ്രത്തിലെ അസി. പ്രഫസറായ ബി. ലൗലിക്കുള്ളത്. എണ്ണയിലും എള്ളുണ്ടയിലും മാത്രം ഒതുങ്ങി നിൽക്കാതെ എള്ളുകൊണ്ടുണ്ടാക്കാവുന്ന വിവിധയിനം വിഭവങ്ങളെക്കുറിച്ചുപോലും പുതുതലമുറയെ ബോധവാന്മാരാക്കണം. ഇതിലേക്ക്​ ആളുകളെ ആകർഷിക്കാൻ സംവിധാനം ഉണ്ടാകണമെന്നും അവർ അഭിപ്രായപ്പെടുന്നു. ഈ കൃഷി അന്യംനിന്നുപോകുന്നതിനുള്ള കാരണങ്ങളെക്കുറിച്ച്​ ശരിയായ പഠനം നടത്തി അതിനു പരിഹാരമുണ്ടാക്കണം എന്ന നിർദേശമാണ് കേന്ദ്രത്തിലെ ഫാം സൂപ്രണ്ട് മുരളീധരൻ മുന്നോട്ടുവെക്കുന്നത്​.

കൃഷിയോഗ്യമായ എത്രയോ ഭൂപ്രദേശങ്ങൾ ഇതിനകം നികത്തുകയോ വീടുകൾ ​െവക്കുകയോ ചെയ്തിട്ടുണ്ട്. ഇതു നീരൊഴുക്കു തടസ്സപ്പെടുത്തുകയും എള്ളുകൃഷിയുടെ വ്യാപനത്തെ സാരമായി ബാധിക്കുകയും ചെയ്​തു. ഇതിന്​ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

ഓണാട്ടുകരയിലെ തൂവെള്ള എള്ളിൻപാടങ്ങളും എള്ളും ഭൗമസൂചികയിൽ സ്ഥാനംപിടിക്കാനുള്ള കാത്തിരിപ്പിലാണ്​. അത്​ യാഥാർഥ്യമായാൽ ലോകവിപണിയിൽ ഒാണാട്ടുകര എള്ളി​െൻറ സ്ഥാനം അടയാളപ്പെടുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ്​ ഇന്നാട്ടിലെ കർഷകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sesame fields of Onattukaraelluseamsame seed
News Summary - Sesame fields of Onattukara
Next Story