വിദേശ പഴങ്ങളുടെ പറുദീസയൊരുക്കി ഷംസുദ്ദീൻ
text_fieldsചിനക്കലിലെ വീട്ടുവളപ്പിൽ ഒമാൻ സ്വദേശിക്ക് റമ്പുട്ടാൻ പഴം കൈമാറുന്ന ഷംസുദ്ദീൻ
കോട്ടക്കൽ: വിവിധ വിദേശ പഴവർഗങ്ങളുടെ പറുദീസയൊരുക്കി വീടും പരിസരവും പച്ചപ്പണിയിച്ചിരിക്കുകയാണ് കോട്ടക്കൽ ചിനക്കൽ സ്വദേശിയായ ചങ്ങരംചോല ഷംസുദ്ദീൻ. 28 വർഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ഓരോ തവണയും നാട്ടിലേക്ക് വരുമ്പോൾ ശേഖരിച്ച വിത്തുകൾ വീട്ടുവളപ്പിൽ പാകുമായിരുന്നു. വർഷങ്ങൾക്കിപ്പുറം വീടും പരിസരവും വിവിധ ഫലവൃക്ഷങ്ങളുടെയും വ്യത്യസ്തമായ ചെടികളുടേയും പൂങ്കാവനമായി മാറി.
40ലധികം വ്യത്യസ്ത ഇനങ്ങളിലുള്ള ജബോട്ടിക, അറുപതോളം ഡ്രാഗൺ ഫ്രൂട്ട്സ്, മധുരമുള്ള ചെറുതും വലുതുമായ ഇനത്തിൽപ്പെട്ട ഒമ്പതോളം റമ്പുട്ടാൻ പഴം തുടങ്ങി നിരവധി കായ്ക്കനികളാണ് ഇവിടെയുള്ളത്. മനോഹരമായ ചെടികളും വീടിനെ മനോഹരമാക്കുന്നു.
റമ്പുട്ടാൻ യഥേഷ്ടം വിളഞ്ഞതോടെ കഴിഞ്ഞ കോവിഡ് കാലത്താണ് വിൽപനക്ക് തീരുമാനമെടുക്കുന്നത്. ഭാര്യയും മക്കളും പിന്തുണ നൽകിയതോടെ സി.എച്ച്.എസ് ട്രോപിക്കൽ ഫ്രൂട്ട് ഫാം എന്ന ബോർഡും വീടിന് മുമ്പിൽ സ്ഥാപിച്ചു. ഇതോടെ കാണാനും വാങ്ങാനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.
ആയുർവേദ ചികിത്സക്കെത്തുന്ന അറബികൾ ഉൾപ്പെടെയുള്ളവരുടെ സന്ദർശന കേന്ദ്രം കൂടിയായി ഫാം മാറിക്കഴിഞ്ഞു.
പരിസ്ഥിതി ദിനമായ ഞായറാഴ്ച ഒമാൻ സ്വദേശിയായ അബ്ദുൾ അസീസ് ആയിരുന്നു സൈനുദ്ദീന്റെ മുഖ്യാതിഥി.