‘തരിശ് ഭൂമി’യിലെ ഭക്ഷ്യ സുരക്ഷാ ‘പാഠങ്ങള്‍’
text_fieldsആരോഗ്യം,വിദ്യാഭ്യാസം,വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്കൊപ്പം കാര്‍ഷിക മേഖലയെയും ഗൗരവത്തോടെ സമീപിച്ച ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് യു.എ.ഇയുടെ കാര്‍ഷിക ഭൂപടത്തെ സമൃദ്ധമാക്കിയത്.
സുഖകരമായ കാലാവസ്ഥയില്‍ സുഭിക്ഷതയുടെ നറുമണത്തിലേക്ക് രാജ്യത്തെ മരുഭൂ കൃഷി നിലങ്ങള്‍. തരിശായി തോന്നുന്ന മണ്ണില്‍ നിന്ന് വിളകള്‍ ഉല്‍പ്പാദിപ്പിച്ച് ഉപജീവനത്തിന് വഴിവെട്ടിയ പൂര്‍വ്വികരുടെ അതിജീവന മാര്‍ഗങ്ങളില്‍ സവിശേഷ സ്ഥാനമുണ്ട് യു.എ.ഇയിലെ കൃഷി നിലങ്ങള്‍ക്ക്. കഠിനമായ കാലാവസ്ഥക്കും ചാഞ്ചാടുന്ന ഋതുക്കള്ക്കുമിടയില് ഒരു ജനതയുടെ അതിജീവനത്തിന്‍െറയും സുസ്ഥിരതയുടെയും സമൃദ്ധിയുടെയും പാഠപുസ്തകമാണ് മരുഭൂമിയിലെ കാര്‍ഷിക രീതികള്‍.
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി രാജ്യവ്യാപകമായി നിലവില്‍ വ്യത്യസ്ത വിളകളുടെ ഉല്‍പ്പാദനം നടക്കുന്നുണ്ട്. എന്നാല്‍, പരമ്പരാഗത കൃഷി രീതികള്‍ പിന്തുടരുന്നത് വിസ്തൃതിയേറിയ കൃഷി നിലങ്ങളുള്ള ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, മസാഫി, ദിബ്ബ തുടങ്ങിയിടങ്ങളാണ്. ജൂലെ മധ്യത്തോടെയാണ് വിത്തിറക്കുന്നതിന് ഇവിടെ കൃഷി നിലങ്ങള്‍ ഒരുക്കുക. സെപ്റ്റംബറില്‍ വിത്തിറക്കും. ഡിസംബര്‍-ഫെബ്രുവരി മാസങ്ങളിലായി ആദ്യ ഘട്ട വിളവെടുപ്പ്. തക്കാളി, കൂസ തുടങ്ങിയവയുടെ രണ്ടാം ഘട്ട വിളവെടുപ്പ് ജൂണിലും തുടരും. ചോളം, വഴുതനങ്ങ, കീഴാര്‍, വിവിധ ഇലകള്‍, മള്‍ബറി, തക്കാളി, കൂസ, സവാള, ഉരുളക്കിഴങ്ങ്, പീച്ചിങ്ങ, വെണ്ടക്ക, ചുരങ്ങ തുടങ്ങിയവയെല്ലാം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമാവശ്യമായ ജത്ത്, ഹശീശ്, ദുര, സീബല്‍, അലഫ്, ശേദി തുടങ്ങിയ പുല്ലിനങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. ജലത്തിനായി
കുഴല്‍ കിണറുകളാണ് ആശ്രയം. വലിയ സംഭരണികളില്‍ വെള്ളം ശേഖരിച്ച് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് രീതി. വിളകളില്‍ നല്ല ശതമാനവും യു.എ.ഇയിലെ പ്രാദേശിക വിപണികളില്‍ വിറ്റഴിക്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്കൊപ്പം കാര്‍ഷിക മേഖലയെയും ഗൗരവത്തോടെ സമീപിച്ച ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് യു.എ.ഇയുടെ കാര്‍ഷിക ഭൂപടത്തെ സമൃദ്ധമാക്കിയത്. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്, അഞ്ച് പതിറ്റാണ്ട് കാലം റാസല്‍ഖൈമയുടെ ഭരണചക്രം തിരിച്ച ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ കര്‍ഷകര്‍ക്ക് നല്കിയ കരുതല്‍ അറബ് ഐക്യ നാടുകളുടെ കാര്‍ഷിക മേഖലക്ക് സുസ്ഥിരതയേകി.
കര്‍ഷകര്‍ക്കായി സാമ്പത്തിക സഹായം, തോട്ടങ്ങളിലേക്ക് ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് അണക്കെട്ടുകളുടെ നിര്‍മാണം, അല്‍ ഹംറാനിയയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത് തുടങ്ങിയവക്ക് തുടക്കമിട്ട ശൈഖ് സഖറിന്െറ നടപടികള്‍ക്ക് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖറിന്െറ നേതൃത്വത്തില്‍ കാര്യക്ഷമമായി പ്രയോഗവത്കരിച്ചത് റാസല്‍ഖൈമയുടെ വളക്കൂറുള്ള മണ്ണിന് കരുത്ത് നല്കി. അല്‍ ഹംറാനിയ, അദന്‍, മസാഫി, ദൈദ്, ദിഗ്ദാഗ, കറാന്, അല്‍ജീര്‍, ശാം തുടങ്ങിയടങ്ങളിലാണ് റാസല്‍ഖൈമയിലെ കൃഷി മേഖലകള്‍. അതേസമയം, മഴയുടെ ലഭ്യത കുറവ് കൃഷി മേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്. നിശ്ചിത സമയങ്ങളില്‍ കൃത്യമായ തോതില്‍ മഴ ലഭിക്കാത്തതും സ്വാഭാവികമായി ഉറവ് പൊട്ടി സമൃദ്ധമായി ജലം ലഭിച്ചിരുന്ന പ്രദേശങ്ങളിലെ നീരൊഴുക്ക് നിലച്ചതും കര്‍ഷകര്‍ക്ക് മുന്നിലെ വെല്ലുവിളിയാണ്. നല്ല തോതിലുള്ള മഴയിലൂടെ മാത്രം സാധ്യമാകുന്നതാണ് ഭൂമിക്കടിയിലെ ജലസംഭരണം. ഇത് നടക്കാത്തതിനാല്‍ ഉപ്പ് കയറി കൃഷി യോഗ്യമല്ലാതാകുന്ന പ്രദേശങ്ങള്‍ കര്‍ഷകരെ നിരാശപ്പെടുത്തുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

