ഡ്രാഗണ്‍ ഫ്രൂട്ടാണ് ഇനി വിപണിയിലെ താരം
text_fieldsകേരളത്തിൽ പ്രചാരമേറി വരുന്ന ഒരു മെക്സിക്കൻ ഫലമാണ് ഡ്രാഗൺ ഫ്രൂട്ട്. അടുത്തകാലത്ത് കേരളത്തിന്റെ പഴവിപണികളില്‍ സുപരിചിതമായിക്കൊണ്ടിരിക്കുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട് എന്ന മധുരക്കള്ളി. പോഷകസമൃദ്ധിയും ഔഷധമേന്മയും ഒരുപോലെ ഒത്തിണങ്ങിയ പഴവര്‍ഗ്ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവയെ നിയന്ത്രിക്കാനും ഈ പഴത്തിന് കഴിയും. കണ്ണിന്റെയും ത്വക്കിന്റെയും ആരോഗ്യത്തിനും പ്രമേഹരോഗികള്‍ക്കും ഇത് നല്ലതാണ്. അമിതമായ ശരീരഭാരം കുറക്കാനുള്ള ശേഷിയും ഇതിനുണ്ട്. ജീവകം സിയുടെ കലവറയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതിലെ രാസഘടകങ്ങള്‍ക്ക് നിരോക്‌സീകരണ ശേഷിയുണ്ട്. ജീവകം ബി, ബി2, ബി3, റിവോഫ്‌ളാബിന്‍, നിയാസിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും നല്ല അളവിലുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട് സ്ഥിരായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ചുമ, ആസ്മ തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും.
പടര്‍ന്നുകയറുന്ന കള്ളിച്ചെടിയാണ് ഡ്രാഗണ് ഫ്രൂട്ട്. പഴത്തിന് 200 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കമുണ്ടാകും മധുരം മുതല്‍ ചെറിയ ചവര്‍പ്പുവരെയുള്ള രുചി ഭേദങ്ങളും പഴത്തിനുണ്ട്. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഈ ചെടി കള്ളിച്ചെടികളുടെ കുടുംബത്തില്‍ പെടുന്നതിനാല്‍ മഴകുറഞ്ഞ വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാം. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് ഇതിന്റെ ഏറ്റവും നല്ലത്. ചരല്‍ കലര്‍ന്ന മണ്ണിലും നന്നായി വളരും.
വിയറ്റ്‌നാം, ശ്രീലങ്ക, ഫിലീപീന്‍സ്, കമ്പോഡിയ, തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൂടുതലായും കൃഷി ചെയ്തുവരുന്നത്. പുറംതൊലിക്ക് ചുവപ്പും വെള്ളയും മഞ്ഞയും നിറങ്ങളുള്ള പിത്തായ ഇനങ്ങളുണ്ട്. ഉള്ളിലെ പള്‍പ്പിന്റെ നിറം വെള്ളയോ ചുവപ്പോ മഞ്ഞയോ പിങ്കോ ആയിരിക്കും. രാത്രിയില്‍ വിടരുന്ന ഇതിന്റെ പൂക്കള്‍ക്ക് തീഷ്ണമായ സുഗന്ധമുണ്ട്.
ഡ്രാഗൺ ഫ്രൂട്ടിന് 20 വർഷത്തോളം ആയുസ്സുണ്ട്. ഒരു സസ്യത്തിന് 100 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഇത് താങ്ങാൻ കഴിവുള്ള ഉറപ്പുള്ള കോൺക്രീറ്റ് താങ്ങുകാലുകൾ നൽകുന്നത് വളരെ ഗുണകരമാണ്. 10 സെന്റീമീറ്റർ വ്യാസവും 2 മീറ്റർ ഉയരവുമുള്ള താങ്ങു കാലുകളാണ് അനുയോജ്യം. ഇവക്ക് മുകളിൽ റബ്ബർ ടയറുകൾ കെട്ടി ഉറപ്പിക്കുന്നതും നല്ലതാണ്. എ ആകൃതിയിലുള്ള ഫ്രെയിമുകളിലും ഡ്രാഗൺ ഫ്രൂട്ട് വളർത്താറുണ്ട്.