ന്യൂഡല്‍ഹി: ആര്യസമാജം നേതാവും സാമൂഹിക പ്രവര്‍ത്തകനും ഹരിയാനയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. കരൾരോഗത്തെ തുടർന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനാരോഗ്യം മൂലം കരള്‍മാറ്റ ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ല.
രോഗം രൂക്ഷമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെൻറിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്ഥിതി വഷളാകുകയും ഹൃദയസ്തംഭനത്താല് മരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അറിയിച്ചു.
ആര്യസമാജത്തില്നിന്ന് വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത അഗ്നിവേശ് സംഘ്പരിവാറിെൻറ അപ്രീതിക്കും ആക്രമണത്തിനുമിരയായി.
2018ല്‍ ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിനിടയില്‍ ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചു. ആ ആക്രമണത്തിന് ശേഷമാണ് അഗ്നിവേശിെൻറ ആരോഗ്യസ്ഥിതി മോശമായത്.
മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് വരുന്നതിനിടയിലും സംഘ് പരിവാര്‍ പ്രവര്‍ത്തകർ അഗ്നിവേശിനെ ആക്രമിച്ചിരുന്നു.
ആന്ധ്രപ്രദേശിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച സ്വാമി അഗ്നിവേശ് സന്യാസജീവിതത്തോടൊപ്പം സാമൂഹികപ്രവര്ത്തനവും തെരഞ്ഞെടുത്തു. 2014 വരെ ആര്യസമാജത്തിെൻറ ലോക കൗണ്‍സില്‍ അംഗമായിരുന്നു.
1977ല്‍ ഹരിയാന നിയമസഭയിലേക്ക്് തെരഞ്ഞെടുക്കപ്പെട്ട സ്വാമി രണ്ട് വര്‍ഷം വിദ്യാഭ്യാസ മന്ത്രിയുമായി. കരാര്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പു നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതിെൻറ പേരില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.
മതങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദത്തിനും മതസൗഹാര്ദത്തിന്നും പ്രവര്‍ത്തിച്ച സ്വാമി കശ്മീരികള്‍ക്കിടയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാവോവാദികളുമായുള്ള സംഭാഷണത്തിന് 2010ല്‍ യു.പി.എ സര്‍ക്കാര്‍ അഗ്നിവേശിനെയാണ് മധ്യസ്ഥനാക്കിയത്.
പിന്നീട് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനത്തിെൻറയും ഭാഗമായിരുന്നുവെങ്കിലും യു.പി.എ സര്‍ക്കാറിലെ മന്ത്രിയോട് അഗ്നിവേശ് സംസാരിച്ചുവെന്ന വിവാദമുയര്‍ന്നപ്പോള്‍ ഹസാരെ സംഘവുമായി വഴിപിരിഞ്ഞു.