കിടപ്പ് രോഗിയെ തെരുവ് നായ വീട്ടിൽ കയറി കടിച്ച് കൊന്നു
text_fieldsഎരുമപ്പെട്ടി (തൃശൂർ): കിടപ്പ് രോഗിയായ വയോധികയെ തെരുവ് നായ വീട്ടിനുള്ളിൽ കയറി കടിച്ച് കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള മകനെയും കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. വെള്ളറക്കാട് കൊല്ലംപടി പോസ്റ്റ് ഓഫിസ് റോഡിൽ കിഴക്കേപുരയ്ക്കൽ വീട്ടിൽ കാർത്ത്യായനിയാണ് (84) മരിച്ചത്. പരിക്കേറ്റ മകൻ ദേവദാസനെയും (56) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. തുറന്ന് കിടന്ന മുൻവാതിലിലൂടെ വീടിനകത്ത് കയറി നായ കാർത്ത്യായനിയെയും മകനെയും അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചു. മുഖം വികൃതമായ അവസ്ഥയിലാണ്.
രണ്ട് വർഷം മുമ്പ് വീണ് എല്ല് പൊട്ടിയതിനെ തുടർന്ന് കാർത്ത്യായനി കിടപ്പിലായിരുന്നു. ദേവദാസ് മനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ച് കിടപ്പിലായിരുന്നു. 6.45ഓടെ സമീപത്തുള്ള ഇവരുടെ മകൻ മണികണ്ഠൻ ഭക്ഷണം കൊടുക്കാൻ ചെന്നപ്പോഴാണ് വീടിനകത്ത് നായ ദേവദാസിനെ ആക്രമിക്കുന്നത് കണ്ടത്. ഉടൻ നായയെ പുറത്തേക്ക് ഓടിച്ച ശേഷം ഇരുവരെയും നാട്ടുകാരും പൊലീസും ആംബുലൻസ് പ്രവർത്തകരും ചേർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുറത്തേക്ക് ഓടിയ നായ സമീപത്തെ വീട്ടിൽ കാല് കഴുകി കൊണ്ടിരുന്ന വെള്ളറക്കാട് സ്വദേശി ഉദയരാജിനെയും (37) കടിച്ചു. ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർത്ത്യായനിയുടെ മക്കൾ: ദേവദാസ്, മണികണ്ഠൻ, രമേഷ്, സതീഷ്, പ്രേമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

