പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി തായ്‍ലന്‍റ് കോടതി
text_fieldsബാങ്കോക്ക്: തായ്‍ലന്‍റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പയേതുങ്താൻ ഷിനവത്രയെ ധാർമികതാ ലംഘനത്തിന്‍റെ പേരിൽ പുറത്താക്കി തായ്‍ലന്‍റ് ഭരണഘടനാ കോടതി. കംബോഡിയൻ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിന്‍റെ പേരിലാണ് പയേതുങ്താൻ ഷിനവത്രയെ പുറത്താക്കിയത്.
പ്രധാനമന്ത്രി രാജ്യത്തെക്കാൾ സ്വന്തം താൽപര്യങ്ങൾക്കാണ് പരിഗണന നൽകിയതെന്നും രാജ്യത്തിന്‍റെ അഭിമാനം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി. ജൂണിൽ പയേതുങ്താൻ ഷിനവത്ര കംബോഡിയൻ സെനറ്റ് പ്രസിഡന്‍റും മുതിർന്ന നേതാവുമായ ഹുൻ സായെനിയെ ഫോൺ സംഭാഷണത്തിനിടെ 'അങ്കിൾ' എന്നു വിളിച്ചതും തായ് സൈനിക നേതാവിനെ വിമർശിച്ചതുമാണ് വിവാദമായത്. ഫോൺ സംഭാഷണത്തിന്‍റെ ഓഡിയോ കംബോഡയൻ നേതാവ് ഹുൻ സായെൻ പുറത്തുവിട്ടതോടെ തായ്‍ലന്‍റിൽ പ്രതിഷേധം ഉയർന്നു.
അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന സമയത്ത് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ദേശീയ താൽപര്യങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് വിമർശകർ വാദിച്ചു. സൈന്യത്തെ അപമനിച്ചെന്ന് ആരോപിച്ച് ഘടകക്ഷികൾ മന്ത്രിസഭ വിട്ടതോടെ സർക്കാരിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്.
കംബോഡിയ-തായ്‍ലന്‍റ് അതിർത്തി സംഘർഷത്തിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഉയർന്നു വന്ന പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും, സംഭവിച്ച അനിഷ്ടങ്ങൾക്ക് മാപ്പു ചോദിക്കുന്നതായും പേറ്റോങ്‌ടാർൺ പറഞ്ഞു. 2024ലാണ് 38കാരിയായ പയേതുങ്താൻ ഷിനവത്ര തായ്‍ലന്‍റ് പ്രധാനമന്ത്രിയാകുന്നത്.
മുൻപ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് പയേതുങ്താൻ ഷിനവത്ര. 17 വർഷത്തിനിടെ ഭരണഘടനാ കോടതി നീക്കംചെയ്യുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് പയേതുങ്താൻ ഷിനവത്ര. അടുത്ത പ്രധാനമന്ത്രി ആരാകുമെന്നതിൽ ചർച്ച പുരോഗമിക്കുന്നുണ്ട്. പുതിയ പ്രധാനമന്ത്രിയെ സഭ തിരഞ്ഞെടുക്കുന്നതുവരെ ഉപപ്രധാനമന്ത്രി ഫുംതം വെച്ചായാചായ് ചുമതല വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

