അതേ പ്രസ് ജാക്കറ്റണിഞ്ഞ് ദൗത്യം ധീരമായി തുടരാൻ സാലിഹ് ജഫറാവിയുടെ കുഞ്ഞനുജൻ
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ വെടിനിർത്തൽ വാർത്ത സന്തോഷത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞതിനു പിന്നാലെ ഇസ്രായേൽ സൈന്യം നിഷ്‍കരുണം കൊലപ്പെടുത്തിയ മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവിയുടെ കുഞ്ഞനുജൻ ആ ദൗത്യം ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്റെ പ്രസ് ജാക്കറ്റ് ധരിച്ച അലി ജഫറാവിയുടെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. ഗസ്സാ മണ്ണിൽ സധൈര്യം അവൻ ജേഷ്ഠ സഹോദരന്റെ പാരമ്പര്യം തുടരും.
ഗസ്സയിലെ കുട്ടികളുടെ ഇടയിൽ ഏറെ പ്രിയങ്കരനായിരുന്നു സാലിഹ്. പാട്ടുപാടാൻ ഇഷ്ടപ്പെടുന്ന, എപ്പോഴും നിറഞ്ഞു ചിരി ക്കുന്ന ഒരു ചെറുപ്പക്കാരനായിന്നു. അദ്ദേഹം കുട്ടികൾക്കൊപ്പമിരുന്ന് പാടി. ഈദ് ദിനത്തിൽ മിഠായികൾ നൽകി അവരെ സന്തോഷിപ്പിച്ചു.
തന്റെ ദൗത്യത്തിനിടെ എപ്പോൾ വേണമെങ്കിലും ജീവൻ എടുക്കപ്പെടാമെന്ന് ഉറപ്പുണ്ടായിരുന്ന സാലിഹ് കുഞ്ഞുമക്കൾക്ക് മാധ്യമപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ കൂടി പറഞ്ഞുകൊടുത്താണ് ഈ ലോകത്തുനിന്ന് മടങ്ങിയത്. അതിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മൂന്നാം ദിനം ഇസ്രായേൽ സൈന്യം പിൻമാറുന്നതിന്റെയും ബന്ദി മോചനത്തിന്റെയും വാർത്തകൾക്കിടെയാണ് രണ്ടു വർഷം നീണ്ടു നിന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകന്റെ അന്ത്യം. സബ്ര മേഖലയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ അധിനിവേശ സേനയുടെ പിന്തുണയുള്ള സായുധ സംഘം സാലിഹ് അൽ ജഫറാവിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. സംഘർഷ സ്ഥലത്തെ ട്രക്കിന് പിറകിലായി ‘പ്രസ്’ ജാക്കറ്റ് ധരിച്ച നിലയിലാണ് മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. അതേ പ്രസ് ജാക്കറ്റാണ് ഇപ്പോൾ അലിയുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

