ഗസ്സ വംശഹത്യയിൽ ഇറ്റലിക്കും പങ്കെന്ന് പരാതി; ‘ഇത്തരം നിയമനടപടി ലോക ചരിത്രത്തിൽ ഉണ്ടാകില്ലെന്ന്’ മെലോണി
text_fieldsറോം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് ആയുധങ്ങൾ നൽകി പിന്തുണച്ചതിലൂടെ വംശഹത്യയിൽ പങ്കാളിയാണെന്നാരോപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) പരാതി. ഇസ്രായേലിന് മാരകായുധങ്ങൾ വിതരണം ചെയ്യുന്നതിൽ ഇറ്റാലിയൻ സർക്കാരിനുള്ള പങ്കാണ് കോടതിയിൽ സമർപ്പിച്ച പരാതിയിലേക്ക് വിരൽചൂണ്ടുന്നത്.
ഇറ്റലിയിലെ ടെലിവിഷൻ കമ്പനിയായ ആർ.എ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരായ പരാതിയെക്കുറിച്ച് മെലോണി തുറന്നുപറഞ്ഞത്. താനും പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയും വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും പരാതിയിൽ ആരോപണവിധേയരാണെന്ന് മെലോണി അറിയിച്ചു.
തനിക്കെതിരായ പരാതിയെ അപലപിച്ച മെലോണി ഇത്തരം ഒരു നിയമനടപടി ലോക ചരിത്രത്തിൽ ഉണ്ടാകില്ലെന്നും ആരോപിച്ചു. എന്നാൽ ഐ.സി.സി ഈ ആരോപണങ്ങളെ സ്ഥിരീകരിച്ചിട്ടില്ല. നിയമ പ്രൊഫസർമാർ, അഭിഭാഷകർ, നിരവധി പൊതു വ്യക്തികൾ എന്നിവരുൾപ്പെടെ 50 ഓളം പേർ ഒപ്പിട്ട പരാതി കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് സമർപ്പിച്ചത്. ഫലസ്തീൻ അഭിഭാഷക സംഘമാണ് ഈ പരാതിക്ക് പിന്നിൽ.
ഇസ്രായേൽ സർക്കാരിനെ പിന്തുണക്കുന്നതിലൂടെ ഫലസ്തീൻ ജനതക്കെതിരെ നടന്ന ഗുരുതരമായ യുദ്ധക്കുറ്റങ്ങളിലും വംശഹത്യയിലും ഇറ്റാലിയൻ സർക്കാറിനും പങ്കുണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്കെതിരെ വംശഹത്യാ കുറ്റം സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിക്കുന്നതിനുള്ള സാധ്യത കോടതി വിലയിരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആർ.ഐ) റിപ്പോർട്ട് പ്രകാരം 2020 മുതൽ 2024 വരെ ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്ത മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. ലൈറ്റ് ഹെലികോപ്റ്ററുകൾ, നാവിക തോക്കുകൾ തുടങ്ങിയവയാണ് ഈ കാലയളവിൽ നൽകിയ പ്രധാന ആയുധങ്ങൾ. എങ്കിലും യു.എസും ജർമ്മനിയുമാണ് പ്രധാന കയറ്റുമതിക്കാർ.
എന്നാൽ 2023 ഒക്ടോബറിലെ കരാറുകൾ പ്രകാരം മാത്രമാണ് ഇസ്രായേലിലേക്ക് ആയുധങ്ങൾ അയക്കുന്നതെന്നും ഗസ്സയിലെ സാധാരണക്കാർക്കെതിരെ ഈ ആയുധങ്ങൾ ഉപയോഗിക്കില്ലെന്ന് ഇസ്രായേലിൽ നിന്ന് ഉറപ്പ് തേടിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പ്രതികരിച്ചു. അതേസമയം ഇസ്രായേലിലേക്കുള്ള ആയുധങ്ങൾ അയക്കുന്നത് ഇറ്റലി പൂർണമായും നിർത്തിവെച്ചതായി ഉപപ്രധാനമന്ത്രി അന്റോണിയോ തജാനി നേരത്തെ അവകാശപ്പെട്ടിരുന്നു.
ഗസ്സക്കെതിരായ ഇസ്രായേൽ വംശഹത്യക്കെതിരെ ഇറ്റലിയുടെ തെരുവുകളിൽ ലക്ഷക്കണക്കിന് ആളുകൾ ബഹുജന പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സാഹചര്യത്തിലാണ് മെലോണി ഈ പരാതി അംഗീകരിക്കുന്നത്. ഇറ്റലിയിലെ പ്രധാന തൊഴിലാളി യൂണിയനുകൾ പ്രതിഷേധങ്ങളെ സജീവമായി പിന്തുണക്കുന്നുണ്ട്. ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്ലോട്ടില്ലയെ ഇസ്രായേൽ സൈന്യം തടഞ്ഞതിൽ പ്രതിഷേധിച്ച് ഡോക്ക് തൊഴിലാളികൾ പണിമുടക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പ്രതിഷേധങ്ങളെത്തുടർന്ന് മെലോണിയുടെ സർക്കാർ ഫ്ലോട്ടില്ലക്ക് അകമ്പടിയായി ഇറ്റലിയിലെ നാവിക കപ്പലുകൾ അയച്ചിരുന്നു. പക്ഷേ ഇസ്രായേൽ സൈന്യം ബോട്ടുകൾ തടയുന്നതിന് മുമ്പ് തന്നെ ഇറ്റാലിയൻ നാവികസേന പിൻവാങ്ങുകയായിരുന്നു.
കഴിഞ്ഞ മാസമാണ് യു.എന്നിലെ സ്വതന്ത്ര അന്വേഷണ സംഘം ഗസ്സക്കെതിരായ ഇസ്രായേൽ യുദ്ധം വംശഹത്യയാണെന്ന് നിരീക്ഷിച്ചത്. യുദ്ധക്കുറ്റങ്ങൾ, പട്ടിണി, കൊലപാതകം, പീഡനം എന്നിവയുൾപ്പെടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസിനെതിരെയും ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

