ഗസ്സയിൽ ബന്ദികളുടെ മൃതദേഹങ്ങൾക്കായി വ്യാപക തിരച്ചിൽ; അധിനിവേശം അവസാനിപ്പിച്ചാൽ ആയുധം താഴെവെക്കാമെന്ന് ഹമാസ്
text_fieldsഗസ്സയിലെ തിരച്ചിലിനായി ഈജിപ്തിൽ നിന്നുള്ള ബുൾഡോസറുകൾ ഉൾപ്പെടെ റഫ അതിർത്തി വഴിയെത്തുന്നു
ഗസ്സ: ഗസ്സയിൽ ഹമാസ് ബന്ദിയാക്കിയിരിക്കെ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി വ്യാപക തിരച്ചിൽ.
ഈജിപ്തിൽനിന്ന് വലിയ ബുൾഡോസറുകൾ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങൾ ഇതിനായി എത്തിച്ചിട്ടുണ്ട്. തകർക്കപ്പെട്ട കെട്ടിടങ്ങൾക്കടിയിലാണ് മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയെന്നാണ് ഹമാസ് പറയുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത് കൈമാറാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
അതിനിടെ, ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ചാൻ ഫലസ്തീൻ രാഷ്ട്രത്തിന് ആയുധം കൈമാറാൻ തയാറാണെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ആവർത്തിച്ചു. ഹമാസിന്റെ ആയുധങ്ങൾ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് മറ്റു സായുധവിഭാഗങ്ങളും മധ്യസ്ഥരാജ്യങ്ങളുമായും ചർച്ച ചെയ്യും.
എന്നാൽ, അധിനിവേശം അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട ഫലസ്തീനി ഭരണസമിതിക്ക് അധികാരം കൈമാറാൻ ഹമാസ് തയാറാണ്. അതിർത്തി നിരീക്ഷിക്കാനും വെടിനിർത്തൽ ഉറപ്പുവരുത്താനും യു.എൻ സേന ഗസ്സയിലുണ്ടാകുന്നതിന് തങ്ങൾ എതിരല്ല. ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തുന്ന തോതിൽ തങ്ങൾ തൃപ്തരല്ല. പ്രതിദിനം 600 അല്ല, 6000 ട്രക്കുകളാണ് ഗസ്സക്ക് ആവശ്യം.
സഹായവസ്തുക്കൾ എത്തുന്നതിനെ ഇപ്പോഴും ഇസ്രായേൽ തടസ്സപ്പെടുത്തുകയാണെന്ന് ഖലീൽ ഹയ്യ കൂട്ടിച്ചേർത്തു. അതിനിടെ, ഗസ്സയിലെ തുരങ്കങ്ങൾ തകർക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. 60 ശതമാനം തുരങ്കങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും യു.എസ് അധികൃതരുമായി ചർച്ച നടത്തിയശേഷമാണ് ഇവ നശിപ്പിക്കാൻ നിർദേശം നൽകിയതെന്നും കാറ്റ്സ് പറഞ്ഞു.
വെടിനിർത്തൽ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

