വിശ്വാസവോട്ടെടുപ്പിൽ വീണ് ഫ്രഞ്ച് പ്രധാനമന്ത്രി
text_fieldsപാരിസ്: വിശ്വാസ വോട്ടെടുപ്പിൽ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോയെ പുറത്താക്കി എം.പിമാർ. 194നെതിരെ 364 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
ചുരുങ്ങിയ കാലത്തിനിടെ, മൂന്നാം തവണയാണ് ഫ്രാൻസിൽ പ്രധാനമന്ത്രി മാറുന്നത്. ഫ്രാങ്കോയിസ് ബെയ്റോ ചുമതലയേറ്റിട്ട് ഒമ്പതുമാസമേ ആയിട്ടുള്ളൂ. കടംപെരുകൽ തടയാൻ പൊതുജനക്ഷേമ നടപടികൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കണമെന്ന നിലപാടാണ് 74കാരനായ ബെയ്റോവിന് തിരിച്ചടിയായത്.
തീരുമാനത്തിനുള്ള പിന്തുണ ഉറപ്പിക്കാൻ വിശ്വാസവോട്ടെടുപ്പ് തേടിയത് പാളുകയായിരുന്നു. ഇനി ബെയ്റോ സർക്കാർ പ്രസിഡന്റ് മുമ്പാകെ രാജി സമർപ്പിക്കേണ്ടിവരും. ഇത് ഭരണഘടനപരമായ ബാധ്യതയാണ്.
നിങ്ങൾക്ക് സർക്കാറിനെ താഴെയിറക്കാൻ അധികാരമുണ്ട്, പക്ഷേ യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ നിങ്ങൾക്കാകില്ല. യാഥാർത്ഥ്യം നിരന്തരം നിലനിൽക്കും. ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കും, ഇതിനകം താങ്ങാനാവാത്ത കടത്തിന്റെ ഭാരം കൂടുതൽ ഭാരമേറിയതും ചെലവേറിയതുമായി വളരും -വോട്ടെടുപ്പിന് മുമ്പ് ബെയ്റോ എം.പിമാരോട് പറഞ്ഞിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിയ എം.പിമാർ വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രിയെ താഴെയിറക്കുകയായിരുന്നു.
ഇതോടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടിവരും. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനുള്ള നീക്കമുണ്ടാകുമെന്ന് മാക്രോണിന്‍റെ ഓഫീസ് അറിയിച്ചു. മാക്രോണിന് കീഴിലെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു ബെയ്റോ. യുക്രെയ്ൻ യുദ്ധത്തിൽ നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സമയത്ത് ബെയ്റോവിന്‍റെ പുറത്താകൽ മാക്രോണിന് പുതിയ ആഭ്യന്തര തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാക്രോണും ഇപ്പോൾ ജനങ്ങളെ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹവും മാറേണ്ടതുണ്ടെന്നും തീവ്ര ഇടതുപക്ഷക്കാരനും ഫ്രാൻസ് അൺബോവ്ഡ് നേതാവുമായ ജീൻ-ലൂക് മെലെൻചോൺ എക്‌സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

