മൃഗങ്ങളെപ്പോലെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ മൂടിക്കെട്ടിയിരിക്കുന്നു, അവയവങ്ങൾ നഷ്ടമായിരിക്കുന്നു; വികൃതമാക്കിയ 30 മൃതദേഹങ്ങൾ കൂടി ഗസ്സയിലെത്തി
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ കൈമാറിയ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയിൽ മിക്കതും പീഡനത്തിന്റെയും ക്രൂരമായ പെരുമാറ്റത്തിന്റെയും അടയാളങ്ങളോടെ വികൃതമാക്കിയ രൂപത്തിലാണ് സ്വന്തം മണ്ണിലെത്തിയത്. വെടിനിർത്തൽ കരാർ പ്രകാരം 195 ഫലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇസ്രായേൽ ഇതുരെ തിരിച്ചയച്ചത്. ഇതിൽ 57 മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിയാനായുള്ളൂ എന്നും മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് മൃതദേഹങ്ങൾ കൈമാറിയത്.
‘ഗസ്സയിലെ തടവുകാരുടെ മൃതദേഹങ്ങൾ മൃഗങ്ങളെപ്പോലെ ബന്ധിക്കപ്പെട്ടും കണ്ണുകൾ കെട്ടിയും പീഡനത്തിന്റെയും പൊള്ളലിന്റെയും ഭയാനകമായ അടയാളങ്ങൾ വഹിച്ചും ആണ് ഞങ്ങൾക്ക് തിരികെ ലഭിച്ചത്. രഹസ്യമായി നടത്തിയ അതിക്രമങ്ങളുടെ തെളിവുകളാണിത്’- ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ ബർഷ് പറഞ്ഞു. മൃതദേഹങ്ങളിലെ ദൃശ്യമായ അടയാളങ്ങളെ മറയ്ക്കാൻ കഴിയാത്ത കുറ്റകൃത്യങ്ങൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിരവധി തടവുകാരെ കൈകാലുകൾ ബന്ധിച്ചശേഷമാണ് വധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
നിരപരാധികളായ ഫലസ്തീനികളുടെ മൃതദേഹങ്ങൾ ആരാച്ചാരുടെ ക്രൂരതയുടെ സാക്ഷ്യങ്ങളായിരുന്നു. സ്വാഭാവിക മരണമല്ല മറിച്ച് ബന്ധിക്കപ്പെട്ടശേഷം അവരെ വധിച്ചുവെന്നും അൽ ബർഷ് പറഞ്ഞു. സംഭവത്തെ ഒരു പൂർണ്ണ യുദ്ധക്കുറ്റം എന്ന് വിശേഷിപ്പിച്ച അദ്ദേഹം കുറ്റവാളികളെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ഫലസ്തീൻ തടവുകാരുടെ മീഡിയ ഓഫിസ് കണ്ടെടുത്ത ചില മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ഇത് മനുഷ്യത്വത്തിന് അതീതമായ കുറ്റകൃത്യമാണെന്നും ജീവിക്കുന്നവരും മരിച്ചവരുമായ ഫലസ്തീനികൾക്കെതിരെ അധിനിവേശ സൈന്യം നടത്തുന്ന വ്യവസ്ഥാപിത ക്രിമിനൽ രീതി ഇത് വെളിപ്പെടുത്തുന്നുവെന്നും മീഡിയ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
മെഡിക്കൽ-ഫോറൻസിക് സാക്ഷ്യങ്ങളെ ഉദ്ധരിച്ച്, തിരിച്ചുനൽകിയ മൃതദേഹങ്ങളിൽ പലതും കൈകൾ വിലങ്ങുവെച്ചും കണ്ണുകൾ കെട്ടിയിട്ടും ഇസ്രായേലി കവചിത വാഹനങ്ങൾ ഉപയോഗിച്ച് ചതച്ചതിന്റെയും കഠിനമായ പീഡനത്തിന്റെയും പൊള്ളലേറ്റതിന്റെയും ലക്ഷണങ്ങൾ കാണിച്ചുവെന്നും മീഡിയ ഓഫിസ് പറഞ്ഞു. അവരുടെ മുഖങ്ങൾ പോലും വികൃതമാക്കിയതിനാൽ ഇരകളിൽ പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല.
അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നാലാം ജനീവ കൺവെൻഷന്റെയും നഗ്നമായ ലംഘനമാണിത്. ചില ഇരകളെ അറസ്റ്റ് ചെയ്ത ശേഷം ക്രൂരമായി വധിച്ചതായി തെളിവുകൾ സ്ഥിരീകരിക്കുന്നുവെന്നും കുറ്റവാളികളെ തുറന്നുകാട്ടാനും അന്താരാഷ്ട്ര നീതിന്യായത്തിന് മുന്നിൽ കൊണ്ടുവരാനും അടിയന്തരവും സ്വതന്ത്രവുമായ ഒരു അന്താരാഷ്ട്ര അന്വേഷണമെന്നും ഓഫിസ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ വർഷങ്ങളായി തുടരുന്ന ഉപരോധവും ഗസ്സയിലെ ലബോറട്ടറികളുടെ നാശവും ഫോറൻസിക് പരിശോധന അസാധ്യമാക്കിയതിനാൽ, അവശേഷിക്കുന്ന അടയാളങ്ങളുടെയോ വസ്ത്രങ്ങളുടെയോ അടിസ്ഥാനത്തിൽ കുടുംബങ്ങൾ ബന്ധുക്കളെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്. ഇസ്രായേൽ മടക്കി നൽകിയ 54 ഫലസ്തീനികളുടെ സംസ്കാര ചടങ്ങ് ഗസ്സ സർക്കാർ നടത്തി.
തെക്കൻ ഇസ്രായേലിലെ കുപ്രസിദ്ധമായ ‘സ്ഡെ ടെയ്മാൻ’ സൈനിക താവളത്തിൽ ഗസ്സയിൽ നിന്നുള്ള 1,500 റോളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം സൂക്ഷിച്ചിട്ടുണ്ടെന്ന് ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
പ്രാദേശിക, അന്താരാഷ്ട്ര മധ്യസ്ഥതയിലൂടെ ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്നു. വെടിനിർത്തലിന് മുമ്പു തന്നെ രക്തസാക്ഷികളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് ഫലസ്തീൻ ശ്രമങ്ങൾ നടത്തിയിരുന്നു.
2023 ഒക്ടോബർ മുതൽ, ഇസ്രായേൽ വംശഹത്യാ യുദ്ധത്തിൽ 68,200 ൽ അധികം ആളുകളെ കൊല്ലുകയും 170,300 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

