പ്രൈം വോളി: കാലിക്കറ്റ് ഹീറോസിന് വീണ്ടും തോല്‍വി
text_fieldsഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗ് നാലാം സീസണില്‍ കാലിക്കറ്റ് ഹീറോസിനെതിരെ പിന്നിട്ടുനിന്ന ശേഷം മറികടന്ന് അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ നാല് സെറ്റ് പോരാട്ടത്തിലാണ് അഹ്മദാബാദ് നിലവിലെ ചാമ്പ്യന്‍മാരെ തോല്‍പ്പിച്ചത്. ബടൂര്‍ ബാട്‌സൂറിയാണ് കളിയിലെ താരം. കാലിക്കറ്റ് ഹീറോസിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. സ്കോർ: 12-15, 15-12, 15-12, 16-14.
മത്സരത്തിന്‍റെ ആദ്യസെറ്റില്‍ തന്നെ അംഗമുത്തുവിന്റെ ആക്രമണങ്ങളെ തടയാന്‍ അശോക് ബിഷ്‌ണോയിയും ഷമീമുദീനും ചേര്‍ന്ന് പ്രതിരോധം തീര്‍ത്തെങ്കിലും, അഹ്മദാബാദിന്റെ ബാക് ലൈന്‍ കൃത്യമായ പാസിങ്ങിലൂടെ കാലിക്കറ്റ് മുന്‍നിരയെ തടഞ്ഞു. ഷോണ്‍ ടി ജോണിന്റെ അഭാവത്തില്‍ ബാട്‌സൂറി അഹ്മദാബാദിന്റെ ആക്രമണച്ചുമതല ഏറ്റെടുത്തു. കാലിക്കറ്റിന് വേണ്ടി അബ്ദുല്‍ റഹീം കളത്തില്‍ എല്ലാ മേഖലയിലും സ്വാധീനമുണ്ടാക്കി. സന്തോഷ് കൂടി എത്തിയതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ആക്രമണത്തില്‍ കരുത്ത് നേടി. സമ്മര്‍ദം അഹമ്മാബാദ് നിരയിലേക്ക് വന്നു.
ക്യാപ്റ്റന്‍ കുപ്പായത്തില്‍ മിന്നുന്ന പ്രകടനവുമായി മോഹന്‍ ഉക്രപാണ്ഡ്യന്‍ കാലിക്കറ്റിന് ഒരു പോയിന്റ് നല്‍കി മുന്‍തൂക്കം സമ്മാനിച്ചു. അഹ്മദാബാദ് നന്ദഗോപാലിന്റെ കിടയറ്റ ആക്രമണങ്ങളിലൂടെയും കരുത്തുറ്റ സ്‌പൈക്കുകളിലൂടെയും അടുത്ത സെറ്റ് തുടങ്ങി. കളി പുരോഗമിക്കുംതോറും അഹ്മദാബാദ് ആത്മവിശ്വാസം നേടി. പക്ഷേ, കാലിക്കറ്റ് റഹീമിലൂടെ മത്സരത്തെ തുല്യതയില്‍ എത്തിച്ചു. ക്യാപ്റ്റന്‍ മുത്തുസ്വാമി അപ്പാവു തന്റെ നിരയെ പൂര്‍ണ സജ്ജരാക്കി.
ബാട്‌സൂറി അംഗമുത്തുവുമായി ചേര്‍ന്ന് എതിര്‍ക്കളത്തിലേക്ക് ആക്രമണങ്ങള്‍ തൊടുത്തു. ഇരു ടീമുകളും പ്രതിരോധത്തില്‍ മികച്ചപ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ സ്‌കോറിങ് അവസരങ്ങള്‍ കുറഞ്ഞു. ഒടുവില്‍ അഖിന്‍ കിടിലന്‍ സ്‌പൈക്കിലൂടെ അഹ്മദാബാദിന് ജയമൊരുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

