ഡബ്ളടിച്ച് സുബിമെൻഡി; നോട്ടിങ്ഹാമിനെ തകർത്ത് ആഴ്സനൽ; നാളെ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആഴ്സനലിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്സിന്റെ ജയം.
മാർട്ടിൻ സുബിമെൻഡി (32, 79) ഇരട്ട ഗോളുമായി തിളങ്ങി. വിക്ടർ ഗ്യോകെരസും (46) സ്കോർ ചെയ്തു. നായകൻ മാർട്ടിൻ ഒഡേഗാർഡ് തിരിച്ചെത്തിയ മത്സരത്തിൽ ഡെക്കലൻ റൈസിന് വിശ്രമമനുവദിച്ചാണ് ആർടെറ്റ ടീമിനെ കളത്തിലിറക്കിയത്. തുടക്കം മുതൽ ആഴ്സണൽ എതിരാളികളുടെ ഗോൾമുഖം വിറപ്പിച്ചു. 32ാം മിനിറ്റിൽ സുബിമെൻഡി ടീമിനെ മുന്നിലെത്തിച്ചു. നോനി മദ്വേക്കെയെടുത്ത കോർണർ ഫോറസ്റ്റ് പ്രതിരോധ നിര ക്ലിയർ ചെയ്തെങ്കിലും ചെന്ന് വീണത് ബോക്സിന് പുറത്ത് നിൽക്കുന്ന സുബിമെൻഡിയുടെ കാലിൽ. ഫസ്റ്റ് ടൈം വോളിയിൽ താരം പന്ത് വലയിലാക്കി.
ഗ്യോകെരസിന്റെ ഗോളിന് വഴിയൊരുക്കിയത് എസെയാണ്. താരം ഒരുക്കിയ നൽകിയ പാസ് ഒന്ന് വലയിലേക്ക് തിരിച്ചുവിടേണ്ട കാര്യമേ ഗ്യോകെരസിനുണ്ടായിരുന്നുള്ള. സെറ്റ് പീസിൽ നിന്നാണ് സുബിമെൻഡി മത്സരത്തിലെ രണ്ടാം ഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ ബേൺമൗത്ത് 2-1ന് ബ്രൈറ്റണെയും ഫുൾഹാം 1-0ത്തിന് ലീഡ്സിനെയും ന്യൂകാസിൽ യുനൈറ്റഡ് 1-0ത്തിന് വോൾവ്സിനെയും പരാജയപ്പെടുത്തി. ക്രിസ്റ്റൽ പാലസ്-സണ്ടർലാൻഡ്, എവർട്ടൺ-ആസ്റ്റൺ വില്ല മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഞായറാഴ്ച സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കും. സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ അങ്കം തിരിച്ചുവരവിനുള്ള അവസരം കൂടിയാണ്. വോൾവ്സിനെ അവരുടെ മൈതാനത്ത് 4-0ത്തിന് തോൽപിച്ച് തുടങ്ങിയ മുൻ ചാമ്പ്യന്മാർ പക്ഷേ, അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.
ഇത്തിഹാദിൽ സിറ്റിയെ 0-2നാണ് ടോട്ടൻഹാം തകർത്തത്. ബ്രൈറ്റന്റെ തട്ടകത്തിൽ 2-1ന്റെ തോൽവിയും ഏറ്റുവാങ്ങി. മൂന്ന് മത്സരങ്ങളിൽ ഓരോ ജയവും സമനിലയും തോൽവിയുമാണ് യുനൈറ്റഡിന്റെ സമ്പാദ്യം. ആഴ്സനലിനോട് ഒരു ഗോളിന് വീണു. ഫുൾഹാമുമായി 1-1 സമനില വഴങ്ങുകയും ബേൺലിയെ 3-2ന് പരാജയപ്പെടുത്തുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

