മെസ്സിയുടെ വരവ്; വിവരങ്ങൾ പങ്കുവെക്കുന്നില്ല; അതൃപ്തിയിൽ ജില്ല ഫുട്ബാൾ അസോസിയേഷൻ
text_fieldsകൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജൻറീന ഫുട്ബാൾ ടീമും കൊച്ചിയിൽ മത്സരത്തിനെത്തുന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളില്ലാതെ എറണാകുളം ജില്ല ഫുട്ബോൾ അസോസിയേഷൻ (ഡി.എഫ്.എ). മെസ്സിയും സംഘവും സന്ദർശിക്കുന്നതു സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂടെ മാത്രമാണ് ഡി.എഫ്.എയും വിവരങ്ങൾ അറിയുന്നത്. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അസോ. എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ വലിയ വിമർശനങ്ങളുയർന്നു.
ഔദ്യോഗിക രീതിയിലല്ലാതെ നടക്കുന്ന നടപടിക്രമങ്ങളിലെ അതൃപ്തിയും പലരും യോഗത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്കകളും അവ്യക്തതകളും ചൂണ്ടിക്കാട്ടി പ്രമേയവും പാസാക്കി. കൊച്ചിയിൽ അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട സന്ദർശനവും മത്സരവും സംബന്ധിച്ച് ഒരു വിവരവും ഇതേവരെ ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് അസോ. ജില്ല സെക്രട്ടറി വിജു ചൂളയ്ക്കൽ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ ജില്ല അസോസിയേഷന് കേരള ഫുട്ബോൾ അസോസിയേഷനിൽ (കെ.എഫ്.എ) നിന്നോ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഔദ്യോഗിക അറിയിപ്പോ കത്തിടപാടുകളോ ലഭിക്കാത്തതിലെ ആശങ്കയും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം രേഖപ്പെടുത്തി. ഫിഫയുമായി ബന്ധപ്പെട്ട ഒരു ദേശീയ ടീം മറ്റൊരു രാജ്യത്ത് ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിന്, ആതിഥേയ രാജ്യത്തിന്റെ ഫുട്ബോൾ ഭരണസമിതികളുടെ അംഗീകാരം ആവശ്യമാണ്.
അർജൻറീന ടീം വരുമ്പോൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയും (എ.ഐ.എഫ്.എഫ്) കേരള ഫുട്ബോൾ അസോസിയേഷന്റെയും അറിവും അംഗീകാരവും നേടേണ്ടതുണ്ട്. എന്നാൽ ഔദ്യോഗിക ആശയവിനിമയമില്ലാത്തതിനാൽ സർക്കാർ കൊട്ടിഘോഷിച്ച് നടത്താനിരിക്കുന്ന പരിപാടിയുടെ ആധികാരികത, നിയമസാധുത, നടപടിക്രമങ്ങൾ പാലിക്കൽ എന്നിവയെക്കുറിച്ച് തങ്ങൾ ആശങ്കയിലാണെന്നും ഡി.എഫ്.എ എക്സിക്യൂട്ടിവ് യോഗത്തിൽ പലരും ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് തങ്ങളുെട സംശയങ്ങളും ആശങ്കകളും ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്ഠേന പ്രമേയം പാസാക്കി കെ.എഫ്.എയെ അറിയിക്കാൻ തീരുമാനിച്ചത്.
അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ സന്ദർശനവും കൊച്ചിയിലെ നിർദ്ദിഷ്ട മത്സരവും സംബന്ധിച്ച് എ.ഐ.എഫ്.എഫിൽ നിന്നോ സംഘാടകരിൽ നിന്നോ എന്തെങ്കിലും ആശയവിനിമയം ലഭിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുക, ഈ വിഷയത്തിൽ കെ.എഫ്.എയുടെ പങ്ക് വ്യക്തമാക്കുക, അത്തരമൊരു മത്സരം ആസൂത്രണം ചെയ്യുകയാണെങ്കിൽ ഫിഫ, എ.ഐ.എഫ്.എഫ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായ നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രമേയം പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

