‘ആ ഷോട്ട് വേണ്ടിയിരുന്നില്ല, അവിടംതൊട്ട് മത്സരം കൈവിട്ടു’; തോൽവിയുടെ ഉത്തരവാദിത്തമേറ്റ് സ്മൃതി മന്ദാന
text_fieldsഇന്ദോർ: വനിത ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അപ്രതീക്ഷിത തോൽവിയാണ് ഇന്ത്യ നേരിട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയർ, ഒരുഘട്ടത്തിൽ നിസ്സാരമായി വിജയലക്ഷ്യം ഭേദിക്കുമെന്ന തോന്നൽ ഉയർത്തിയിരുന്നു. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ചേർന്ന് 125 റൺസിന്‍റെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യക്കായി ഒരുക്കിയത്. 31-ാം ഓവറിൽ ഹർമൻപ്രീത് (70) വീണപ്പോഴും സ്മൃതിയിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ത്യ മുന്നേറിയത്.
സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സ്മൃതി അനാവശ്യ ഷോട്ടിന് ശ്രമിച്ച് 42-ാം ഓവറിലാണ് പുറത്തായത്. ബൗണ്ടറി ലക്ഷ്യമിട്ട് ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ അലിസ് ക്യാപ്സി കൈകളിലൊതുക്കുകയായിരുന്നു. 94 പന്തിൽ എട്ട് ബൗണ്ടറിയുടെ അകമ്പടിയിൽ 88 റൺസാണ് താരം നേടിയത്. പിന്നാലെ റിച്ച ഘോഷ് (എട്ട്), ദീപ്തി ശർമ (50) എന്നിവർ കൂടി വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. അമൻജോത് കൗറും (18*) സ്നേഹ് റാണയും (10*) അവസാന ഓവറുകളിൽ റൺ കണ്ടെത്താനാകാതെ ഉഴറിയതോടെ ഇംഗ്ലിഷ് സ്കോറിന്‍റെ നാല് റൺസകലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.
തോൽവിക്ക് കാരണമായത് മോശം ഷോട്ട് സെലക്ഷനായിരുന്നുവെന്നും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും മത്സരശേഷം സ്മൃതി മന്ദാന പറഞ്ഞു. “ആ സമയത്ത് എല്ലാവരുടെയും ഷോട്ട് സെലക്ഷൻ മോശമായി. കുറച്ചുകൂടി ശ്രദ്ധിച്ചു കളിക്കേണ്ടിയിരുന്നു. ഞാനാണ് തുടക്കമിട്ടത്. അതിനാൽ ഉത്തരവാദിത്തവും ഞാൻ ഏൽക്കുന്നു. ഓവറിൽ ആറ് റൺസ് വീതം മതിയായിരുന്നു ജയിക്കാൻ. ആ സമയത്ത് വലിയ ഷോട്ടിന് ശ്രമിക്കേണ്ട കാര്യമില്ലായിരുന്നു. ആ പന്ത് ബൗണ്ടറി കടത്താനാകുമെന്ന് തോന്നി. എന്നാൽ ടൈമിങ് പിഴച്ചു. കുറച്ചുകൂടി ക്ഷമ കാണിച്ചിരുന്നെങ്കിൽ അപ്പോൾ പുറത്താകില്ലായിരുന്നു. ആ സമയത്ത് മികച്ച ആത്മവിശ്വാസത്തിലായിരുന്നു ഞാൻ. കളി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാൽ ക്രിക്കറ്റിൽ ഒന്നും മുൻകൂട്ടി ചിന്തിക്കരുത്” -സ്മൃതി മന്ദാന പറഞ്ഞു.
നേരത്തെ ആസ്ട്രേലിയക്കെതിരായ മത്സരത്തിലും സമാന രീതിയിലാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. മുൻനിര ഫോമിലേക്ക് ഉയർന്നെങ്കിലും മധ്യനിര തകർന്നടിയുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും തോറ്റതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ തുലാസിലായി. ന്യൂസീലൻഡ്, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് ഇന്ത്യക്ക് ഇനി മത്സരങ്ങളുള്ളത്. നിലവിൽ പോയന്‍റ് പട്ടികയിൽ നാലാമതുള്ള ടീമിന് ഈ രണ്ട് മത്സരത്തിലും ജയം പിടിക്കാനായാൽ സെമി ബർത്ത് ഉറപ്പിക്കാം. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് നിലവിൽ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

