ടോസ് പാകിസ്താന്; ഇന്ത്യയെ ബൗളിങ്ങിനയച്ചു, സഞ്ജു കളിക്കും, പ്ലെയിങ് ഇലവനിൽ മാറ്റമില്ല
text_fieldsദുബൈ: ഏഷ്യകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. ഇരുടീമിലും മാറ്റങ്ങളൊന്നുമില്ല. ആദ്യ മത്സരത്തിൽ ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിർത്തിയത്.
ഇന്ത്യയും പാകിസ്താനും ഒരിക്കൽക്കൂടി മുഖാമുഖമെത്തുമ്പോൾ പതിവിൽക്കവിഞ്ഞ വീറും വാശിയുമുണ്ട്. അനിവാര്യതയിൽ മാത്രം സംഭവിച്ചതാണ് ഇത്തവണത്തെ കളിയെന്നതുതന്നെ അതിന് പ്രധാന കാരണം. ഇരു രാജ്യങ്ങളും തമ്മിലെ കായിക ബന്ധം നിലച്ചിട്ട് വർഷങ്ങളായെങ്കിലും ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ ഏറ്റുമുട്ടാറുണ്ട്.
പഹൽഗാം ഭീകരാക്രമണത്തോടെ ഇനി ഒരു വേദിയിലും പാകിസ്താനെതിരെ കളിക്കരുതെന്ന അഭിപ്രായം പ്രമുഖരായ പല മുൻ താരങ്ങളും ഉയർത്തിയിരുന്നു. എങ്കിലും കേന്ദ്ര സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യ ഒരിക്കൽക്കൂടി പാക് സംഘവുമായി കൊമ്പുകോർക്കുകയാണ്. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പഹൽഗാം ആക്രമണത്തിനും ഓപറേഷൻ സിന്ധൂറിനും ശേഷം നടക്കുന്ന ആദ്യ കളിയിൽ ജയം ഇരു ടീമിനും മുമ്പത്തേക്കാളധികം അഭിമാനപ്രശ്നമായിട്ടുണ്ട്. വിജയികൾക്ക് സൂപ്പർ ഫോറിലും ഇടമുറപ്പിക്കാം.
ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയും പാകിസ്താനും. സൂര്യകുമാർ യാദവിനും സംഘത്തിനും ആദ്യ കളി യു.എ.ഇക്കെതിരെയായിരുന്നു. ദുർബലരോട് വലിയ മാർജിനിൽ ജയിക്കാനായി. മറുതലക്കൽ ഒമാനെ തകർത്ത് പാകിസ്താനും തുടങ്ങി. യു.എ.ഇയെ ഇന്ത്യ വെറും 57 റൺസിനാണ് എറിഞ്ഞത്. ഒമാനാവട്ടെ പാകിസ്താനോട് 67ന് പുറത്തായി. ഇന്ന് നടക്കുന്ന കളിയിൽ ഇരു ടീമിന്റെയും ആത്മവിശ്വാസം കൂട്ടാൻ ഈ ജയങ്ങൾ സഹായിച്ചിട്ടുണ്ട്.
സൽമാൻ ആഗ നയിക്കുന്ന പാകിസ്താൻ 93 റൺസിനാണ് ഒമാനെ തോൽപിച്ചത്. ബാബർ അഅ്സം, മുഹമ്മദ് റിസ്വാൻ തുടങ്ങിയ ലോകോത്തര ബാറ്റർമാരില്ലാതെയെത്തിയ ടീം സാഇം അയ്യൂബ്, മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ളവരിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഇന്ത്യ-പാക് മത്സരങ്ങൾ സ്പിന്നർമാരുടെ പോര് കൂടിയാണ്. മുഹമ്മദ് നവാസ്, സാഇം അയ്യൂബ്, അബ്രാർ അഹ്മദ്, സുഫിയാൻ മുഖീം എന്നീ സ്പിന്നർമാരും പേസർമാരായ ഷഹീൻ ഷാ അഫ്രീദിയും ഫഹീം അഷ്റഫും ചേർന്നാണ് ഒമാനെ എറിഞ്ഞിട്ടത്.
പ്ലെയിങ് ഇലവൻ
ഇന്ത്യ : അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
പാകിസ്താൻ: സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

