ഏഷ്യാകപ്പിൽനിന്ന് പിന്മാറില്ല, ഭീഷണി ‘റദ്ദാക്കി’ പാകിസ്താൻ; യു.എ.ഇയെ നേരിടാൻ ഇന്നിറങ്ങും
text_fieldsപാകിസ്താൻ ക്രിക്കറ്റ് ടീം
ദുബൈ: ഇന്ത്യയുമായുള്ള മത്സരത്തിനിടെയുണ്ടായ കൈകൊടുക്കൽ വിവാദത്തിനു പിന്നാലെ ഏഷ്യാകപ്പിൽനിന്ന് പിന്മാറുമെന്ന ഭീഷണിയിൽ യൂ-ടേണടിച്ച് പാകിസ്താൻ. ഗ്രൂപ്പ് എയിലെ അവരുടെ അവസാന മത്സരത്തിൽ യു.എ.ഇക്കെതിരെ പാക് പട ബുധനാഴ്ചയിറങ്ങും. നേരത്തെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതോടെയാണ് എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാകിസ്താൻ രംഗത്തെത്തിയത്. അതേസമയം ഇന്നത്തെ മത്സരത്തിൽ റിച്ചി റിച്ചാഡ്സനായിരിക്കും മാച്ച് റഫറിയെന്നും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി സൽമാന് നിർദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പി.സി.ബി ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്നും അവർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ റഫറിയെ മാറ്റില്ലെന്ന നിലപാടാണ് ഐ.സി.സി സ്വീകരിച്ചത്. പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്വി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നടത്തിയ ചർച്ചക്കൊടുവിൽ ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു എന്നാണ് വിവരം.
ഇന്ത്യക്കെതിരെ തോറ്റ പാകിസ്താന് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ സൂപ്പർ ഫോറിൽ കടക്കാനാകും. നേരത്തെ ഒമാനെതിരെ അവർ 93 റൺസിന്‍റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പിൽനിന്ന് നേരത്തെ തന്നെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. പാകിസ്താൻ സൂപ്പർ ഫോറിലെത്തിയാൽ വീണ്ടും ഇന്ത്യയുമായി മത്സരമുണ്ടാകും. സമാന രീതിയിൽ വിവാദത്തിനുള്ള സാധ്യത അവിടെയുമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്താനുമായുള്ള സൗഹൃദം പൂർണമായും അവസാനിപ്പിച്ചത്. കായിക രംഗത്തുപോലും മുമ്പില്ലാത്ത വിധം അകലം പാലിക്കുന്നത് വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
ഹാൻഡ്ഷേക് വിവാദമിങ്ങനെ
ഇന്ത്യ -പാക് മത്സരത്തിന്‍റെ ടോസിങ് മുതൽ പാക് താരങ്ങളുമായി അകന്നു നിൽക്കുന്ന സമീപനമാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്വീകരിച്ചത്. ടോസിനു ശേഷമോ മത്സര ശേഷമോ പതിവായി തുടരുന്ന ‘കൈകൊടുത്തു പിരിയലി’ന് സൂര്യകുമാർ തയാറായില്ല. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെ പോലും സൂര്യ അവഗണിച്ചു. മത്സരശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിന് പുറത്താണെന്ന വിശദീകരണമാണ് സൂര്യ നൽകിയത്. ടീം ഇന്ത്യയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച പാക് ക്യാപ്റ്റൻ പോസ്റ്റ്-മാച്ച് പ്രസന്‍റേഷൻ സെറിമണി ബഹിഷ്കരിച്ചു. പരിശീലകൻ മൈക്ക് ഹെസനും ഇന്ത്യയുടെ നിലപാടിൽ നിരാശയറിയിച്ചു. മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

