Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഎങ്ങുമെത്താതെ പോയ ...

എങ്ങുമെത്താതെ പോയ ട്രംപ്-പുടിൻ ഉച്ചകോടി

text_fields
bookmark_border
എങ്ങുമെത്താതെ പോയ   ട്രംപ്-പുടിൻ ഉച്ചകോടി
cancel

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിൽ കഴിഞ്ഞ വെള്ളിയാഴ്ച അലാസ്‌കയിൽ നടന്ന ഉച്ചകോടി മുഖ്യമായും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയായിരുന്നു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ ആക്രമിച്ചു കയറിയത് മുതലുള്ള യുദ്ധാന്തരീക്ഷവും രാഷ്ട്രീയാനിശ്ചിതത്വവും ഇതുവരെ ഒഴിവായിട്ടില്ല. ലോകരാഷ്ട്രീയത്തിൽതന്നെ പലവിധത്തിലും അതിന്‍റെ പ്രതിഫലനം കാണാം. കനത്ത ആൾനാശത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കും അത് കാരണമായി. ഒട്ടേറെ രാജ്യങ്ങൾ ആശ്രയിക്കുന്ന യുക്രെയ്നിലെ ഗണ്യമായ ഭക്ഷ്യധാന്യ ഉൽപന്നങ്ങളുടെയും ധാതുസമ്പത്തിന്‍റെയും കയറ്റുമതി സ്തംഭനാവസ്ഥയിലാണ്. മുൻനിര എണ്ണ ഉൽപാദകരാഷ്ട്രമായ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കാരണം ലഭ്യത കുറഞ്ഞു. മാത്രമല്ല, ഇന്ത്യപോലുള്ള രാജ്യങ്ങൾ അമേരിക്കൻ ഉപരോധം വകവെക്കാതെ കുറഞ്ഞ വിലക്ക് എണ്ണ വാങ്ങിയത് അന്താരാഷ്ട്ര എണ്ണവിലയിൽ അലയൊലികൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ട്രംപ് അധികാരത്തിൽ വരുംമുമ്പ് യുക്രെയ്ൻ യുദ്ധം അനാവശ്യമാണ് എന്ന് ഏകപക്ഷീയമായ പരാമർശം നടത്തിയിരുന്നു. മാത്രമല്ല, പ്രസിഡന്‍റ് പുടിനെ സ്വന്തം ആളായി വിശേഷിപ്പിക്കുന്നതും പതിവായിരുന്നു. സ്വാഭാവികമായും റഷ്യക്കെതിരെ ഉറച്ചുനിൽക്കേണ്ട അമേരിക്ക, യൂറോപ്യൻ യൂനിയനും നാറ്റോ സഖ്യവും സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ സംസാരിക്കുന്നത് യൂറോപ്യൻ നേതാക്കളെ ഏറെ നിരാശപ്പെടുത്തിയിരുന്നു. യൂറോപ്പിൽ അധിനിവേശത്തിലൂടെ ഭൂമി കൈയേറി തങ്ങളുടെ അതിർത്തിക്കടുത്ത് നിലയുറപ്പിച്ച റഷ്യയെ അവർക്ക് പൊറുപ്പിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ യൂറോപ്പിന്‍റെയത്ര ശക്തമായ റഷ്യ വിരുദ്ധവികാരം ട്രംപിന് ഇല്ലായിരുന്നുവെങ്കിലും യൂറോപ്പിനെ ഒറ്റപ്പെടുത്തി റഷ്യയുമായി ഒരു ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിൽ ട്രംപിന് താൽപര്യവുമുണ്ടായിരുന്നില്ല. അതിനാൽ റഷ്യയും യുക്രെയ്നുമായി ഉണ്ടാക്കുന്ന ഏതു വെടിനിർത്തൽ കരാറിലും മതിയായ സുരക്ഷാ ഉറപ്പുകൾ ഉണ്ടായിരിക്കണം എന്നതിൽ ട്രംപ് അവരോടൊപ്പമാണ്. അതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് തന്നെയാണ് മുഖ്യ പങ്കെന്നും ട്രംപ് തറപ്പിച്ച് പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് യുക്രെയ്ൻയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമവുമായി അലാസ്‌കയിൽ രണ്ടു നേതാക്കളും ഈ മാസം 15ന് ഒത്തുചേർന്നത്. വലിയ മാധ്യമശ്രദ്ധ ആകർഷിച്ച ഈ കൂടിക്കാഴ്ച ഒരു സുപ്രധാന കാൽവെപ്പായാണ് ഭൂരിപക്ഷം നിരീക്ഷകരും കരുതിയത്. ഒരു റഷ്യൻ നേതാവിന് അമേരിക്കൻ പ്രസിഡന്‍റ് ചുവപ്പ് പരവതാനി വിരിച്ചതും അത്രതന്നെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ച ഉച്ചകോടി ചർച്ചയിൽ നിർണായകമായ ഒരു വിഷയത്തിലും യോജിപ്പിലെത്തിയിട്ടില്ല എന്നതാണ് സത്യം. ഏറ്റവും പ്രധാനമായി യുക്രെയ്ൻ സംഘർഷത്തിൽ കക്ഷിയായ പ്രസിഡന്‍റ് സെലൻസ്കിയും പുടിനുമായി കണ്ടുമുട്ടാൻ അവസരമൊരുക്കുന്ന ഒരു ത്രികക്ഷി ചർച്ച യാഥാർഥ്യമാവുന്ന ഒരു സൂചനയും ഉച്ചകോടിയെത്തുടർന്ന് ദൃശ്യമല്ല. അത്തരമൊരു ത്രികക്ഷി ചർച്ചക്ക് ശേഷമേ എന്തെങ്കിലും ധാരണയുണ്ടാക്കാൻ പറ്റൂ എന്നതായിരുന്നു യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട്. ആ ഉത്കണ്ഠ കാരണമാണ് ഉച്ചകോടി കഴിഞ്ഞ ഉടനെ ട്രംപുമായി സംസാരിക്കാൻ യൂറോപ്യൻ നേതാക്കൾ വാഷിങ്ടണിൽ ഒന്നിച്ചിറങ്ങിയത്. അതിൽ സെലൻസ്കിയോടൊപ്പം ചേരാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഫിൻലൻഡ്‌, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളും നാറ്റോ സെക്രട്ടറി ജനറൽ, യൂറോപ്യൻ കമീഷൻ പ്രസിഡന്‍റ് തുടങ്ങിയവരും പെടും. യുക്രെയ്നുള്ള അമേരിക്കൻ പിന്തുണ ഉറപ്പുവരുത്തുകയും ട്രംപിന്റെ സ്വതസിദ്ധമായ ശീഘ്രതീരുമാനങ്ങളുടെ കൂട്ടത്തിൽ മർമവിഷയങ്ങൾ റഷ്യൻ അനുകൂലമാവുന്നത് ഒഴിവാക്കുകയുമായിരുന്നു. ട്രംപിന്‍റെ അത്തരം ചില പരാമർശങ്ങൾ അവരിൽ ആശങ്ക ജനിപ്പിച്ചിരുന്നു. അതിലൊന്നാണ് റഷ്യയുടെ ഒരു മുഖ്യാവശ്യമായ ഡോണെസ്‌ക്, ലുഹാൻസ്‌ക്, സാപോറിയ, ഖെർസൺ എന്നിവിടങ്ങളിലെ റഷ്യൻ ആധിപത്യം അൽപമെങ്കിലും അംഗീകരിച്ചുകൊടുക്കുക എന്നത്. ട്രംപ്-പുടിൻ ഉച്ചകോടി നടന്നശേഷം അലാസ്‌കയിൽതന്നെ ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടപ്പോൾ പതിവ് നയതന്ത്ര ഭംഗിവാക്കുകൾക്കപ്പുറം പുടിൻ നൽകിയ സൂചനകൾ അദ്ദേഹം സെലൻസ്കിയുമായി ഒരു കീഴ്ത്തലത്തിലല്ലാതെ ഒരു ത്രികക്ഷി ചർച്ചയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും സുരക്ഷാ ഉറപ്പുകളിൽ നാറ്റോ സൈനിക സാന്നിധ്യം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ്.

എന്നാൽ, നാറ്റോ അല്ലെങ്കിലും അതിന് സമാനമായ സൈനിക സാന്നിധ്യം സുരക്ഷക്കായി യു.എസും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ യുക്രെയ്നും റഷ്യക്കും സ്വീകാര്യമായ ഒത്തുതീർപ്പുകൾക്കുള്ള സാധ്യതകൾ വിരളമാണെന്നുവേണം കരുതാൻ. മാത്രമല്ല, യുക്രെയ്ന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും കൂടുതൽ ട്രംപിന് താൽപര്യം ഒരു സമാധാനക്കരാറിൽ എങ്ങനെയെങ്കിലും ഒപ്പിടുവിച്ച് സമാധാന നൊബേൽ സമ്മാനം നേടിയെടുക്കാനാണ്. പുടിനുമുണ്ട് വ്യക്തിപരമായ ഉന്നങ്ങൾ. ഏറെക്കാലമായി റഷ്യയുടെ സഖ്യരാഷ്ട്രമല്ലാത്ത ഒരു രാജ്യത്തിന്‍റെ നേതാവും പുടിനെ സ്വീകരിച്ചിട്ടില്ല. ആ നിലക്ക് ഒരു അമേരിക്കൻ പ്രസിഡന്‍റിന്‍റെ അതിഥിയായി അലാസ്ക ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതുതന്നെ പ്രതിച്ഛായ നിർമിതിയിൽ നേട്ടമാവും അദ്ദേഹത്തിന്. അടുത്തതവണ റഷ്യയിൽ കാണാമെന്ന് മാധ്യമങ്ങളോട് പുടിൻ ആംഗലത്തിൽതന്നെ പറഞ്ഞതൊഴിച്ചാൽ കാര്യങ്ങൾ മുന്നോട്ടു പോവുന്നതിന്‍റെ മൂർത്തമായ ഒരു ലക്ഷണവും ഈ ഉഭയകക്ഷി ചർച്ചയിൽനിന്നോ ശേഷം നടന്ന യു.എസ്-യൂറോപ്പ് ചർച്ചകളിൽനിന്നോ ഉരുത്തിരിഞ്ഞിട്ടില്ല എന്നുതന്നെ പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialVladimir PutinDonald Trump
News Summary - The Trump-Putin summit that went nowhere
Next Story