Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗുരുവിൻ അറിവൊളിയുടെ...

ഗുരുവിൻ അറിവൊളിയുടെ തിളക്കവും രണ്ടാം ലങ്കൻയാത്രയുടെ ശതാബ്ദിയും

text_fields
bookmark_border
ഗുരുവിൻ അറിവൊളിയുടെ തിളക്കവും രണ്ടാം ലങ്കൻയാത്രയുടെ ശതാബ്ദിയും
cancel

2025-26 ഗുരുവിന്‍റെ രണ്ടാം ശ്രീലങ്കൻ സന്ദർശനത്തിൻ നൂറ്റാണ്ടുപിറപ്പാണ്. 1918ൽ ആദ്യ സന്ദർശനത്തിൽ തന്നെ നമ്മുടേതും ബുദ്ധമതം തന്നെ എന്നുഗുരു പ്രഖ്യാപിച്ചു. ബുദ്ധഭിക്ഷുവായ അമരസിംഹൻ രചിച്ച അമരകോശത്തിലെ 18 ബുദ്ധപര്യായങ്ങളുദ്ധരിച്ച് അദ്വയവാദിയായ വിനായകൻ ബുദ്ധന്‍റെ വഴിയിലാണുതാനെന്നു വ്യക്തമാക്കി. നാമിനി മലയാളത്തിലേക്കില്ല എന്നായിരുന്നു 1926ലെ ചരിത്രപ്രസ്താവം. അതിനുമുമ്പ് അയ്യോതിതാസരും പിന്നീട് അംബേദ്കറുമാണ് ലങ്കയിൽ രണ്ടുവട്ടം പോയി ബുദ്ധിസം പഠിച്ചത്. ആധുനിക ഇന്ത്യാചരിത്രത്തെ മാറ്റിയ ചരിത്രസന്ദർശനങ്ങളും സംസ്കാരസംവാദങ്ങളുമായിരുന്നു ഇതു മൂന്നും. ഗുരുവും ശിഷ്യഗണങ്ങളായ മൂലൂരും സഹോദരനും മിതവാദിയും സി.വിയും കൂടിയാണ് കേരളത്തിൻ ആധുനികതയുടേയും അറിവൊളിയുടേയും ആധാരമായ ആധുനികബുദ്ധവാദത്തെ സ്ഥാപിച്ചത്. മൂലൂരിൻ ധമ്മപദ കാവ്യമൊഴിമാറ്റത്തിൻ ശതാബ്ദിപോലെ ഗുരുവിൻ രണ്ടാം ഈഴം സന്ദർശനത്തിൻ നൂറ്റാണ്ടുപിറപ്പും ജനതയോർക്കേണ്ടതുണ്ട്. ജാതിഹിന്ദുസമഗ്രാധിപത്യവും ഒളിഗാർക്കിയും കേരളത്തേയും ഇന്ത്യയേയും വിഴുങ്ങുമ്പോൾ പ്രത്യേകിച്ചും.

ഓർക്കുകിലെല്ലാരുമാത്മസഹോദരങ്ങളാണെന്നും ഓർക്കുന്തോറും നിറഞ്ഞ ജനങ്ങളുടെ സൗഖ്യംതന്നെയാണ് സൗന്ദര്യമെന്നുമായിരുന്നു ഗുരുവിൻദർശനം. ഹിന്ദുമതമെന്നൊരുമതം തന്നെയില്ലല്ലോയെന്നദ്ദേഹം പറഞ്ഞു. ഹിന്ദുവെന്ന ജാതിജന്തു നമുക്കാവശ്യമില്ലയെന്നു ശിഷ്യനായ സി. കേശവനും നിവർത്തനകാലത്തുപറഞ്ഞു. 1925-26 കാലത്ത് ആർ.എസ്.എസും എൻ.എസ്.എസും ആപ്പേരുകളിൽ ഉണ്ടായിവരുന്ന സന്ദർഭത്തിൽ ഹിന്ദുമതത്തെ നിരാകരിച്ച ഗുരുവായിരുന്നു ലോകദാർശനികനായ നാരായണഗുരു. 1914ലെ സ്മൃതികൾനോക്കി ഭരിക്കുന്നവരല്ലേ ഹിന്ദുക്കളെന്ന രാമാദികളുടെ കാലത്തെ ശൂദ്രാദികളുടെ ഗതിയേക്കുറിച്ചുള്ള ശംബൂകനേയോർക്കുന്ന “നമ്മുടെ ഗുരുക്കന്മാർ” എന്ന ചരിത്രവിമർശപ്രസ്താവവും ഹൈന്ദവദേശീയവാദവും അപരവൽക്കരണഹിംസകളും ജനായത്തമതേതരറിപ്പബ്ലിക്കിനു ഭീഷണിയാകുന്നകാലത്തേറെപ്രധാനമാണ്.

നവദേശീയവിദ്യാഭ്യാസനയത്തിനാധാരമായി (എൻ.ഇ.പി. 2020) ഹിന്ദുദേശീയവാദഭരണകൂടമുയർത്തിക്കാട്ടുന്ന ഗാന്ധിതിലകപട്ടേലത്രയങ്ങളുടെ മൃദുഹിന്ദുദേശീയവാദസങ്കൽപ്പനങ്ങളും അതിനുംമുമ്പുള്ള ബങ്കിമചന്ദ്രചതോപാധ്യായയിലും ഓരബിന്ദോയിലും ബിബേകാനന്ദോയിലുമുള്ള അപരവൽക്കരണപരമായ അതിദേശീയവംഗനവോത്ഥാനവും തികച്ചും ജാതിഹൈന്ദവവും ബ്രാഹ്മണികവും വേദവേദാന്തങ്ങളെ കേന്ദ്രീകരിക്കുന്നതും സ്മൃതിശ്രുതിപുരാണേതിഹാസ അധീശപാരമ്പര്യങ്ങളെപ്പേറുന്നതും വർണാശ്രമപരവുമാണ്. അവൈദികവും ശ്രമണവും ബൌദ്ധവുമായ ബഹുജന അറിവരുളുകളേയും ജ്ഞാനോദയത്തിൻ കീഴാളതദ്ദേശീയധാരകളേയും പാശ്ചാത്യമായ ജ്ഞാനോദയാധുനികതയുടെ വിമോചനവ്യവഹാരത്തേയും സെമിറ്റിക്മതധാർമികഭാവനകളേയും സമഭാവനയിൽ ഉൾക്കൊള്ളുന്നതാണ് ഗുരുവിൻ അരുളറിവ് അഥവാ അൻപാർന്ന അറിവൊളി. സഹോദരന്‍റെ ജാതിമതദൈവവിമർശത്തേയും അതറിഞ്ഞംഗീകരിച്ചു. ധാർമികതയേയും സത്യത്തേയും നീതിയേയും ആധാരമാക്കുന്ന ബഹുജനസൗഖ്യചിന്തയാണ് ഗുരുവിൻ അറിവൊളി.

ബഹുജനങ്ങളുടെ ന്യായമായ സാമൂഹ്യരാഷ്ട്രീയ പ്രതിനിധാനത്തിനും ജനായത്തപ്രാതിനിധ്യത്തിനും നിർവാഹകത്തത്തിനും പൊതുവിടപ്രവേശനത്തിനും ഗുരു പരമപ്രാധാന്യം കൊടുത്തു. മനുഷ്യരെന്നനിലയിൽ പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം കയറണമെന്നു വൈക്കംപോരാട്ടവേളയിൽ 1924ലൂന്നിപ്പറഞ്ഞു. അപശൂദ്രാധികരണത്തിലൂടെ അപമാനവീകരിക്കപ്പെട്ട നാലാംവർണക്കാരനായ ശൂദ്രനേയും വൈദികവർണാശ്രമത്തിലെ അദമ്യകാമനയായ ബ്രാഹ്മണ്യത്തിലേക്കുസംബന്ധിയാക്കുകയും അടുത്തജന്മത്തിലെങ്കിലും ബ്രാഹ്മണപുരോഹിതനായിജനിക്കണമെന്ന് ശൂദ്രന്മാർക്കുൽക്കടമായ ആഗ്രഹാഭിനിവേശങ്ങളുണ്ടാക്കുകയും ചെയ്യുന്നയവസ്ഥയാണ് സനാതനവൈദികവർണാശ്രമം. അതിനെയാണ് മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വംഗവാംയഥാ നബ്രാഹ്മണാദിരസ്യൈവം ഹാതത്വംവേത്തികോപിന എന്ന ജാതിമീമാംസാപദ്യത്തിലൂടെ ഗുരു തിരുത്തിയത്. ഇന്ന് മനുഷ്യരെ തെരുവിലടിച്ചുകൊന്ന് പശുവിനേയുംപട്ടിയേയുംപോറ്റുന്ന ഗോശ്വാനരക്ഷകരാവുന്നു ഭാരതീയന്യായസംഹിതയുടെകാലത്തെ ജാതിഹിന്ദുക്കൾ. ഗോബ്രാഹ്മണേഭ്യശുഭമസ്തുനിത്യം ലോകാസമസ്ഥാസുഖിനോഭവന്തുവെന്ന വാക്യം സബ്ബേസത്താസുഖീഹോന്തൂ എന്ന ബൌദ്ധമായപാലിവചനത്തെ വെടക്കാക്കിത്തനിക്കാക്കിയതല്ലോ. കരയോഗങ്ങളുടേയും വീടുകളുടേയും മുന്നിലീവാക്യമിന്നെഴുതിവയ്ക്കുന്നതായുംകാണാം. നാളെയതു കലാശാലകൾക്കുമുന്നിലും എഴുതാം.


അധീശത്തത്തിൻ ഏജൻസി ഇരകളേറ്റെടുക്കുകയായി. ബ്രാഹ്മണരേക്കാൾ വലിയ ഹിന്ദുക്കളായി ശൂദ്രരും അതിശൂദ്രരും (ഫൂലേയുടെ പരികൽപ്പന) മാറുന്ന ദുരന്തമാണ് വർത്തമാനകേരളത്തെ, ഇന്ത്യയെ ഇരുട്ടിലാക്കുന്നത്. പിന്നണിയിൽ ദേവസംബോഡിലെ അമിതപ്രാതിനിധ്യമുള്ള മുന്നാക്കജാതിക്കാരുടെ മാത്രമായ സാമ്പത്തികസംവരണം പാസാക്കി അധികാരക്കുത്തക പലമടങ്ങായിരട്ടിപ്പിച്ച് രാഷ്ട്രീയപ്രാതിനിധ്യത്തിലാധാരമായിരിക്കുന്ന ഇന്ത്യയുടെ ജനായത്ത ഭരണഘടനയെ ആവർത്തിച്ചട്ടിമറിക്കുന്നു. ഒളിഗാർക്കിയുടെ കുലീനാധികാരക്കുത്തകയുടെ ഇരുട്ടുമൂടുന്ന കേരളത്തിലുമിന്ത്യയിലുമാണ് മതേതരമാനവികമായ ഗുരുവിൻ അറിവൊളിയുടെ പുതുവെട്ടം വഴിയും വെളിച്ചവുമാകുന്നത്. അടിത്തട്ടിലുള്ള ജനങ്ങളുമായി സാഹോദര്യമുറപ്പിക്കുക, മനുഷ്യരുമാത്മസോദരരുമായി മാറുക എന്ന ഗുരുവിൻ നൈതികതത്വത്തിനും ജീവിതപ്രയോഗത്തിനും അറിവൊളിയുടെ ഉൺമയ്ക്കും കടകവിരുദ്ധമാണീ വരേണ്യകുലീനബ്രാഹ്മണികകാമനകൾ. ഗുരുവിൻ നൈതിക തത്വമായ സാഹോദര്യത്തെ ജീവിതപ്രയോഗമാക്കിയത് സഹോദരനാണ്. സാഹിത്യത്തേയും സംസ്കാരത്തേയും സമൂഹത്തേയും മാറ്റാനതിനെയുപയോഗിച്ചത് മൂലൂരാണ്. കുറുപ്പനുമാശാനുമതിനെ കാവ്യമീമാംസയാക്കി.

പരിപൂർണമായ അഭിപ്രായസ്വാതന്ത്ര്യത്തേയും മതസ്വാതന്ത്ര്യത്തേയും അറിഞ്ഞംഗീകരിക്കുകയും ഗാന്ധി പൂനാപ്പട്ടിണി (സഹോദരൻറെ 1932ലെ പ്രയോഗം) നടത്തിരക്ഷിച്ച വർണാശ്രമഹിന്ദുമതത്തെ 1925ൽ സ്വയംസേവകസംഘത്തിൻ പിറപ്പിൽത്തന്നെ അങ്ങനെയൊരുമതംതന്നെയില്ലല്ലോ എന്നുപ്രഖ്യാപിച്ചു നിഷേധിച്ചയാളുമാണ് ഗുരു. 1940ൽ സവർക്കറേയും പിന്നെ ഗോൾവൾക്കറേയും കേരളത്തിലേക്കാനയിച്ചു കേരളസമൂഹത്തെ ഹിന്ദുദേശീയവാദത്തിലേക്കു നയിച്ചതാരൊക്കെയെന്നുമാരായേണ്ടതുണ്ട് നവനവോത്ഥാനനായകന്മാരുടെ സവർണജാഥാനാമജപഘോഷയാത്രകളിൽ.

മതകാര്യങ്ങളിൽ ഗാന്ധിബാലനാണെന്നു ഗുരുപറഞ്ഞു. ജാതിവ്യവസ്ഥയുടെകാര്യത്തിൽ ശങ്കരൻ ചെറിയമനസ്സായിരുന്നുവെന്നും. ജാതിസ്ഥാപിക്കാൻ ശങ്കരൻ ബുദ്ധികൊണ്ടുപറന്നെന്നും ജാതികേറിമൂത്തുപോയി അതിൽ ശങ്കരൻ തെറ്റുകാരനാണെന്നും ഗുരു വ്യക്തമാക്കി. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണെന്ന അരുളാർന്ന ഗുരുവിൻമുദ്രാവാക്യം ബൌദ്ധരേയും ജൈനരേയും ആജീവകരേയും അവൈദികചിന്തകരേയുമെല്ലാം വാദത്തിൽജയിച്ചെന്നുപ്രഖ്യാപിച്ചു വംശഹത്യചെയ്യിച്ച ബ്രാഹ്മണികപൌരോഹിത്യയാൺകോയ്മയുടെ അധീശതാർക്കികനരമേധങ്ങളെ വിമർശാത്മകമായി ഭാഷയിലും ചരിത്രത്തിലും അടയാളപ്പെടുത്തുന്നു. ‘തത്വത്തിൽ നാം ശങ്കരനെ പിൻതുടരുന്നു’ എന്ന പ്രസ്താവം ഗുരു നടത്തിയതായി ചില സ്വയംപ്രഖ്യാപിതശിഷ്യഗണ്യർ ഗുരുവിൻ സമാധിക്കുശേഷം എഴുതിവിട്ടത് ഗുരുവിനെ ശാങ്കരാദ്വൈതിയാക്കാനായി സവർണപണ്ഡിതമന്യർ ദുരുപയോഗം ചെയ്യുകയാണുണ്ടായത്.

1918ൽ ശ്രീലങ്കയിൽ അമരമുദ്ധരിച്ച് ഗുരുതന്നെ വ്യക്തമാക്കിയത് ആദിമ അദ്വയവാദിയായ വിനായകനായ ബുദ്ധന്‍റെ അദ്വയവാദമാണ് തന്‍റേതെന്ന വസ്തുതയാണ്. ബുദ്ധരുടെ അനിത്യവും സമുദയവും അനാത്മവുമായ അദ്വയവാദത്തെ നാഗാർജുന, ഗൌഢപാദ വഴിയിൽ വൈദികവേദാന്തവും ആത്മബ്രഹ്മകേന്ദ്രിതമായ അദ്വൈതവുമായി ഗതിമാറ്റി ആശയചോരണം ചെയ്തതുകൊണ്ടാണല്ലോ ശങ്കരൻ പ്രച്ഛന്നബുദ്ധൻ എന്നുവിളക്കപ്പെടുന്നത്. ഗുരു ദീക്ഷകൊടുക്കാതെ സ്വയം ശിഷ്യരെന്നവകാശപ്പെട്ടു ഗുരുവിനെക്കുറിച്ചുതട്ടിവിട്ട അന്തിക്രിസ്തുക്കളുടെ അവസ്ഥയിതിലും കഷ്ടമാണ്.

വരേണ്യവൈദികവേദാന്തസംസ്കൃതപാരായണങ്ങളിൽ നിന്നും ഗുരുവിനെ മോചിപ്പിച്ച് ജൈവീകവുംമനുഷ്യസഹജവുമായ പ്രാകൃതപാലിപഴന്തമിൾ മനുജമൊഴിവഴക്കങ്ങളുമായി ബന്ധിപ്പിക്കണം. കുലീനപാഠങ്ങളിൽനിന്നും ബ്രാഹ്മണികവൈദികവ്യാഖ്യാനങ്ങളിൽ നിന്നും വേറിട്ട് തൊട്ടുകൂടാത്തതും മ്ലേഛവും കീഴാളവുമായ അടിത്തട്ടുവഴികളിലെ താണനിലത്തെ നീരോട്ടമായി തിരിച്ചറിയണം. അടിസ്ഥാന ശ്രമണപാരമ്പര്യങ്ങളുള്ള ക്രൈസ്തവവും ഇസ്ലാമികവുമായ ബഹുജനസംസ്കാരവുമായി ഗുരുമൊഴികളെ ബന്ധിപ്പിക്കേണ്ടത് കാലത്തിൻറെ അനിവാര്യതയാണ്.

ആർഷത്തിൻറെ അമക്കിനേയും സർവോദയംജപിച്ച് വിവേചനംപഴിച്ച് ദേശീയംജയ് വിളിക്കുന്ന ജാതിഭാരതത്തേക്കുറിച്ചും സഹോദരൻ 1940കളിൽ തന്നെ കവിതകളെഴുതിയിട്ടുണ്ട്. ദൈവത്തേയും ആത്മാവിനേയും നിരാകരിച്ച അനിത്യാനാത്മവാദിയായ ബുദ്ധനെത്തന്നെ ഒരു മാതേവരും മഹാദൈവവും ആത്മീയനുമാക്കി നിരവധി ദൈവരൂപികളായ ബോധിസത്വരൂപങ്ങളും നിർമിച്ചാണ് മായാനമെന്ന മഹായാനബുദ്ധിസത്തിലൂടെ ബ്രാഹ്മണിസവും ക്ഷുദ്രരായ പാദജരും കൂടി ഭക്തിപ്രസ്ഥാനവുമായി കിടമൽസരംനടത്തി ബുദ്ധിസത്തെ ഇന്ത്യയിലില്ലാതാക്കിയത്.

1918ൽ ആദ്യ ശ്രീലങ്കൻ സന്ദർശനത്തിൽ താൻബുദ്ധമതക്കാരനാണെന്നതിനു പ്രമാണമായി ഗുരു അമരമുദ്ധരിക്കുകയായിരുന്നു. യഥാർഥ അദ്വയവാദിയായ ഗോതമബുദ്ധരെന്ന വിനായകന്‍റെ സമുദയമായ അദ്വയചിന്തയാണദ്ദേഹം തന്‍റെ സാഹോദര്യസമുദായചിന്തയുടെ ആധാരമാക്കി 1918ൽ വിശദീകരിച്ചത്. 1926 ൽ രണ്ടാമതു ലങ്കയിലേക്കു പോയപ്പോൾ താനിനി മലയാളത്തിലേക്കില്ല എന്നായിരുന്നു മലയാളന്മാരുടെ ബ്രാഹ്മണീയതയിൽ മനംനൊന്തുഗുരു പറഞ്ഞത്. ശിഷ്യർ വളരെപ്പണിപ്പെട്ടാണു തിരികെയെത്തിച്ചത്. രണ്ടുവർഷത്തിനുള്ളിൽ 1928ൽ അദ്ദേഹം യശോനിർവാണത്തെയടഞ്ഞു. ഗുരുവിൻ ലോകോത്തരമായ മതേതരമാനവികനൈതികചിന്ത കേരളത്തിൻ പുതുബോധനനയത്തിൻ ആധാരപാഠങ്ങളാകട്ടെ. ചവിട്ടിമർത്തിയിരിക്കുന്ന കേരളത്തിൻ പ്രബുദ്ധമായ അശോകൻചരിത്രവും പാഠപുത്തകങ്ങളിലൂടെ ബഹുജനങ്ങളിലെത്തണം. സഹോദരനും മൂലൂരും എഴുതിയ പ്രബുദ്ധരചനകളാകട്ടെ പാഠപുത്തകങ്ങൾ. ശ്രമണമായ ഓണവും മഹാബലിയായ ധമ്മചക്രവർത്തി അശോകരും നമ്മെ ഓർമിപ്പിക്കുന്നതതാണ്.

ലേഖകൻ: അസോസിയേറ്റ് പ്രൊഫസർ ഓഫ് ഇംഗ്ലീഷ്, കോഡിനേറ്റർ ഓഫ് സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ്, കാലടി സർവകലാശാല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana Guru
News Summary - The brilliance of the Narayana Guru's teachings and the Centenary of the second Sri Lankan pilgrimage
Next Story