മുനമ്പവും പള്ളുരുത്തിയും മലയാളിയോട് പറയുന്നത്
text_fieldsരാജ്യം പലവിധ വർഗീയ കാലുഷ്യങ്ങളിൽ ഞെരുങ്ങിയ ഘട്ടങ്ങളിൽപ്പോലും സൗഹാർദത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞുപോരുകയായിരുന്നു കേരള ജനത. ഇവിടത്തെ ഭൂരിപക്ഷ മതവിശ്വാസികളും ന്യൂനപക്ഷ സമൂഹങ്ങളും തമ്മിലുള്ള കെട്ടുറപ്പ് അഭിമാനകരമാംവിധം ശക്തമായിരുന്നു. അതുകൊണ്ടുതന്നെയാണ് വിവിധ സംസ്ഥാനങ്ങളിലും ഒന്നിലേറെതവണ കേന്ദ്രത്തിലും അധികാരം ലഭിച്ചപ്പോഴും കേരളത്തിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കാൻ വർഗീയ-വിദ്വേഷശക്തികൾക്ക് സാധിക്കാതെ വന്നത്. കേരളത്തിന്റെ മതസൗഹാര്‍ദ ഭൂമികയില്‍ തങ്ങളുടെ വര്‍ഗീയവിഷം കുത്തിവെക്കണമെങ്കില്, സംസ്ഥാനത്ത് നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തില്‍ വിള്ളല്‍ വീഴ്ത്തണമെന്നും ന്യൂനപക്ഷ സമൂഹങ്ങളെ തമ്മിൽ അകറ്റണമെന്നും ആര്.എസ്.എസിനും അവരുടെ ആജ്ഞാനുവര്‍ത്തികൾക്കും നന്നായി അറിയാം. അതിനുവേണ്ടി വീണുകിട്ടുന്ന എല്ലാ അവസരങ്ങളും അവർ കാര്യമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
പരസ്പര ബഹുമാനത്തോടെ സംസാരിച്ച് രമ്യമായി പരിഹരിക്കാമായിരുന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തെ വഷളാക്കി ഒരു വര്‍ഗീയ പ്രശ്നമാക്കി മാറ്റുന്നതില്‍ സംഘ്പരിവാർ വഹിച്ച പങ്ക് അതിന്റെ ശക്തമായ ഉദാഹരണമാണ്.
ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആ സ്കൂളിലെ പഠനം അവസാനിപ്പിക്കേണ്ട അവസ്ഥ ഉണ്ടായത് പ്രബുദ്ധകേരളത്തിന്റെ സാംസ്കാരിക തലയെടുപ്പിനേറ്റ താഡനമായി മാറി. ക്രൈസ്തവ മാനേജ്മെന്റ് നടത്തുന്ന മറ്റൊരു വിദ്യാലയം ശിരോവസ്ത്രം ധരിച്ചുതന്നെ ആ മകളെ സ്വാഗതം ചെയ്തുവെന്നത് ആശ്വാസം.
പള്ളുരുത്തി വിഷയത്തിലെ സംഘ്പരിവാര്‍ ഇടപെടല്‍ വ്യക്തമാക്കണമെങ്കില്‍ അൽപം പിറകിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. എന്നും അധികാരസ്ഥാനങ്ങൾക്കൊപ്പം ചേർന്നുനിന്നിരുന്ന ചുരുക്കം ചില സവര്‍ണ(കല്‍ദായ) മതമേലധ്യക്ഷരെ ഇല്ലാത്ത ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും ഹലാൽ ജിഹാദും പറഞ്ഞ് എരിപിരികേറ്റി സ്വാധീനിക്കാന്‍ സംഘ്പരിവാറിന് സാധിച്ചിട്ടുണ്ടെങ്കിലും പിന്നാക്ക ക്രൈസ്തവ സമുദായമായ ലത്തീന്‍ കത്തോലിക്കരുടെ ഇടയിലോ അവരുടെ മതമേലധ്യക്ഷര്ക്കിടയിലോ ഈ വിഷം കടത്തിവിടാന്‍ സംഘ്പരിവാറിന് കഴിഞ്ഞിരുന്നില്ല. ഈ നിരാശയില്‍ കഴിയുമ്പോഴാണ് മുനമ്പം ഭൂമി വിവാദം അവര്‍ക്ക് ഒരു ആയുധമായി വീണുകിട്ടിയത്. അറുനൂറിലേറെ കുടുംബങ്ങള്‍; പല പതിറ്റാണ്ടുകളായി അധിവസിച്ചിരുന്ന ഭൂമിയില്‍നിന്ന് അവിചാരിതമായി കുടിയിറക്കപ്പെടുമെന്ന പ്രശ്നത്തെ ഒരു മനുഷ്യാവകാശ വിഷയമായിക്കണ്ട് ഇരയാക്കപ്പെടുന്നവര്‍ ആരംഭിച്ച സമരത്തിന്റെ നേതൃത്വം ക്രമേണ സംഘ്പരിവാറിന്റെ കൈകളിലേക്ക് വഴുതി വീഴുന്നതാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിന്റെ ഇടപെടല്‍ പ്രശ്നത്തെ യാതൊരടിസ്ഥാനവുമില്ലാതെ ഒരു മുസ്ലിം-ക്രൈസ്തവ സംഘർഷവിഷയമാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍, തെറ്റിദ്ധരിക്കപ്പെട്ട സമരസമിതിയും നേതൃത്വം നല്കിയ കത്തോലിക്ക പുരോഹിതനും അതിൽ വീണുപോകുന്ന ഒരു സാഹചര്യമുണ്ടായി. അവിടത്തെ യഥാർഥ താമസക്കാരിൽ ഒരാളെപ്പോലും കുടിയിറക്കരുത് എന്ന നിലപാടാണ് പ്രധാന മുസ്ലിം സംഘടനകളും അവയുടെ നേതാക്കളും ഉയർത്തിപ്പിടിച്ചത്. എന്നാൽ, ചിലർ മുസ്ലിം പക്ഷത്തെ ന്യൂനാൽ ന്യൂനപക്ഷമായ ചിലരുടെ ബഹളംവെപ്പുകൾ സംഘ്പരിവാറിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തു. ചര്‍ച്ചകളിലൂടെ സൗഹാര്‍ദപരമായി പരിഹരിക്കപ്പെടേണ്ടണ്ട പ്രശ്നം അതിനായുള്ള എല്ലാ വാതിലുകളും അടക്കുകയായിരുന്നു ഈ രണ്ടു വര്‍ഗീയ ശക്തികളുടെയും ഇടപെടലുകളുടെ അടിസ്ഥാന ലക്ഷ്യം. ഇതില്‍ ഏതാനും ലത്തീന്‍ കത്തോലിക്ക പുരോഹിതരും അകപ്പെട്ടു. ജനങ്ങളുടെ ഇടയില്‍ അത്യാവശ്യം സ്വാധീനമുള്ള ഈ പുരോഹിതന്മാര് ആദ്യമേതന്നെ അടിസ്ഥാനപരമായി ചിന്തിക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ടായിരുന്നു. അതു മറ്റൊന്നുമല്ല; കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ സമുദായാംഗമായ ഒരാള്‍പോലും ഇല്ലാതിരുന്നിട്ടും, സിറോ മലബാര്‍ കല്‍ദായ മെത്രാന്മാര് എന്തിനാണ് ആദ്യമേതന്നെ ക്രൈസ്തവ വര്‍ഗീയത പറഞ്ഞുകൊണ്ട് പ്രശ്നത്തില്‍ കയറി ഇടപെട്ടത്? അതുവരെ പിന്നാക്ക സമുദായങ്ങളുടെ പൊതുവിലുള്ളതോ ലത്തീന്‍ ക്രൈസ്തവരുടെ തനതായുള്ള വിഷയങ്ങളിലോ ഒരിക്കലും അനുഭാവപൂര്‍വമായ നിലപാട് കൈക്കൊള്ളാത്ത അവരെ അതിനായി പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്ന് ചിന്തിക്കാനുള്ള വിവേകം ഈ വൈദികർ കാണിച്ചില്ല. ഈ മെത്രാന്മാരുടെ ഇടപെടലിനുപിന്നില്‍ സംഘപരിവാറിന്റെ കുതന്ത്രമാണെന്ന് തിരിച്ചറിയുന്നതില്‍ ഈ ആവേശക്കാരായ പുരോഹിതര്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ആദ്യഘട്ടത്തില്‍ പ്രശ്നം വഷളാക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചു. കല്‍ദായ മെത്രാന്മാരുടെ തൊട്ടുപിന്നാലെ, വിവാദ പ്രദേശം നിലനില്‍ക്കുന്ന കോട്ടപ്പുറം രൂപതയുടെ മെത്രാനും സ്വാഭാവികമായും രംഗത്തിറങ്ങേണ്ടതായിവന്നു. സ്ഥാനമേറ്റ് അധികകാലം കഴിഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന് ഇവിടത്തെ രാഷ്ട്രീയം വ്യക്തമായി മനസ്സിലായിട്ടുണ്ടാവില്ല എന്ന് കരുതാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
എന്നാല്‍, പരിണതപ്രജ്ഞനായ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപറമ്പില്‍ പ്രശ്നത്തെ വര്ഗീയവത്കരിക്കരുതെന്ന നിലപാടുമായി ശക്തമായി രംഗത്തുവന്നു. ചര്‍ച്ചകളിലൂടെ സൗഹാര്‍ദപരമായാണ് പ്രശ്നം പരിഹരിക്കപ്പെടേണ്ടതെന്നും അതിന് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നും അദ്ദേഹം നിലപാടെടുത്തതോടെയാണ് മുനമ്പം വിഷയം വര്‍ഗീയ വിഷസര്‍പ്പങ്ങളുടെ കൈകളില്‍നിന്ന് വിട്ടുകിട്ടിയതും മുസ്ലിം സമുദായ നേതൃത്വങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ചക്ക് വന്നതും.
മുനമ്പത്ത് കിട്ടാഞ്ഞത് ഇവിടെ നേടണം, മനസ്സുകളെ ധ്രുവീകരിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെ ലത്തീന്‍ ക്രൈസ്തവ-മുസ്ലിം സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമമായിരുന്നു പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം. എന്തിന്റെ പേരിലാണെങ്കിലും സ്കൂളിലെ ഒരു വിദ്യാർഥിനിയെ പ്രിൻസിപ്പൽ വഴക്കുപറഞ്ഞയുടനെ ആളുകൾ കാര്യം തിരക്കാനെത്തുന്നതും ഉടനടി ചാനൽ സ്റ്റുഡിയോയിൽ വാർത്തയെത്തുന്നതും സ്കൂൾ മാനേജ്മെന്റിനെ മറികടന്ന് പി.ടി.എ പ്രസിഡന്റ് നിലപാട് പറയുന്നതുമൊന്നും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളല്ല. പക്ഷേ, കൊച്ചിയുടെ മതസൗഹാര്‍ദത്തിന്റെ വിളഭൂമിയില്‍ ആ വിഷബീജങ്ങള്‍ക്ക് മുളച്ചുപൊങ്ങാനായില്ല. വിദ്യാഭ്യാസ വകുപ്പ് യഥാസമയം രംഗത്തുവരുകയും കര്‍ശനമായ താക്കീത് പ്രിന്‍സിപ്പലിന് നൽകിയതിനെയും കുട്ടിയെ സ്കൂളില്‍നിന്ന് മാറ്റാനാണ് കുട്ടിയുടെ പിതാവിന്റെ തീരുമാനമെങ്കിലും അദ്ദേഹത്തെ ആയുധമാക്കി വര്‍ഗീയതന്ത്രം മെനയാൻ ആഗ്രഹിച്ചവരെ നിരുത്സാഹപ്പെടുത്തിയ നിലപാടിനെയും അഭിനന്ദിക്കുന്നു.
എല്ലാം അവസാനിച്ചുവെന്ന് പറയാനാവില്ല. അവസരം പാര്‍ത്തിരിക്കുന്ന വർഗീയഛിദ്രശക്തികള് പുതിയ ആയുധങ്ങളുമായി ഇപ്പോഴും തക്കം പാർത്ത് നടക്കുന്നുണ്ട്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും ചതിക്കുഴിയിൽ വീഴാതിരിക്കാൻ നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരുമെന്ന് ഓർമപ്പെടുത്തട്ടെ.
(ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഐ.എച്ച്.ആർ.എം) സംസ്ഥാന പ്രസിഡന്റും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) മുൻ സംസ്ഥാന പ്രസിഡൻറുമാണ് ലേഖകൻ) pulludan@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

