ലഹരി ‘രോഗി’കളെ ചികിത്സിക്കുമ്പോൾ
text_fieldsകേരളത്തിൽ ലഹരി വ്യാപനം സംബന്ധിച്ച വാർത്തകൾക്ക് ഏറക്കുറെ പുതുമ നഷ്ടപ്പെട്ടിരിക്കുന്നു. വാഹനപ്പുകയുടെ മാലിന്യം പോലും അധികമില്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിലും സ്കൂൾ വിദ്യാർഥികളുടെ ബാഗുകളിലും ലഹരിമരുന്ന് കടന്നുകയറുന്നു. നമ്മൾ പോലുമറിയാതെയാണ് ലഹരിക്കുറ്റങ്ങൾ സാമാന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ലഹരി തീർക്കുന്ന മയക്കത്തിലേക്ക് നമ്മുടെ സംസ്കാരവും നടന്നടുക്കുന്നുവെന്നതിന്റെ തെളിവാണ് ഈ മനോഭാവ മാറ്റം. ലഹരിയിൽ വേരാഴ്ന്നുകിടക്കുന്ന സമൂഹങ്ങളിൽ പതുക്കെ സംസ്കാരിക മാറ്റവും സംഭവിക്കും. അത് നമ്മുടെ മനോഭാവത്തിലും ദൈനംദിന ജീവിതങ്ങളിലുമെല്ലാം തെളിഞ്ഞുതുടങ്ങും. അമേരിക്കയിൽ വ്യാപകമായിരുന്ന 4/20 സംസ്കാരം അങ്ങനെ രൂപപ്പെട്ടതാണ്. 1970കളിൽ കാലിഫോർണിയയിലെ വാൽഡോസ് എന്നറിയപ്പെട്ടിരുന്ന സ്കൂൾ വിദ്യാർഥിക്കൂട്ടം ദിവസേന വൈകുന്നേരം 4.20ന് കഞ്ചാവ് ഉപയോഗിക്കാൻ ഒത്തുകൂടിയിരുന്നു. പതിയെപ്പതിയെ അത് പല പ്രായക്കാർക്കിടയിലും പ്രചാരം നേടി. കഞ്ചാവ് ഉപയോഗം തെരുവിൽ പരസ്യമായി തുടങ്ങിയതോടെ ജനങ്ങൾക്കിടയിലെ മനോഭാവത്തിലും മാറ്റമുണ്ടായി. പിന്നീട് നിത്യജീവിതത്തിന്റെ ഭാഗമെന്നോണം ലഹരി വ്യാപകമായി. അതെങ്ങനെയെന്ന് എളുപ്പം മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം: നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ ഇത്തരത്തിൽ പൊതുവത്കരിക്കപ്പെട്ടുപോയ ലഹരിയാണ് പുകയില. പണ്ട് കടുത്ത ദുശ്ശീലമായാണ് പുകവലിയെ കണക്കാക്കിയിരുന്നത്. സമൂഹത്തിൽ അന്തസ്സുള്ള ആളുകളും സിനിമകളിലെ ഉശിരുള്ള താരങ്ങളും അത് ഉപയോഗിക്കുന്നുവെന്നത് ആ ദുശ്ശീലത്തെ ശീലമായിക്കാണാൻ സമൂഹത്തെ പ്രേരിപ്പിച്ചു. ഈ സാമാന്യവത്കരണം പതിയെ സംസ്കാരത്തിന്റെ ഭാഗമെന്നോണം അലിഞ്ഞുചേർന്നു. ഈയടുത്ത കാലം വരെ കല്യാണങ്ങളിലും വിശേഷ ചടങ്ങുകളിലുമെല്ലാം പുകയിലയും സിഗരറ്റും അതിഥികൾക്ക് വിളമ്പുന്നതുപോലും വ്യാപകമായിരുന്നു. ശക്തമായ ബോധവത്കരണങ്ങളുടെ ഫലമായാണ് അതിന് മാറ്റംവന്നു തുടങ്ങിയത്. പക്ഷേ, അപ്പോളേക്ക് മദ്യവും മയക്കുമരുന്നുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വ്യാപകമാവുകയും ഒരുപരിധി വരെ സാമാന്യവത്കരിക്കപ്പെടുകയും ചെയ്തു.
മയങ്ങിവീഴുന്ന മലയാളി
കേരളത്തിലെ ലഹരിക്കണക്ക് ഗൗരവമുണർത്തുന്നതാണ്. 2024ൽ മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 27,701 നാർകോട്ടിക്സ് കേസുകളാണ്. ഇന്ത്യയിലെ ലഹരി കേന്ദ്രം എന്നറിയപ്പെടുന്ന പഞ്ചാബിനേക്കാൾ മൂന്നിരട്ടി കേസുകൾ. ഇതേ വർഷം ഇന്ത്യയിലെ ലഹരി അനുബന്ധ ക്രിമിനൽ കേസുകളിലും കേരളമായിരുന്നു മുന്നിൽ. കഴിഞ്ഞ നാലുവർഷങ്ങളിൽ മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 87,101 ലഹരി അനുബന്ധ ക്രിമിനൽ കേസുകളാണ്. 130 ശതമാനത്തിന്റെ വർധനയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. ലഹരി അനുബന്ധ കേസുകളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ളതും കേരളത്തിലാണ്. നാർകോട്ടിക്സ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിയമസംവിധാനങ്ങൾ കാര്യക്ഷമമായിട്ടും സമൂഹത്തിൽ ലഹരി വളരുന്നുണ്ടെന്ന യഥാർഥ്യത്തിൽനിന്നാണ് പുതിയ ആലോചനകൾ അനിവാര്യമാകുന്നത്. നിയമ സംവിധാനങ്ങൾ മാത്രം കാര്യക്ഷമമായാൽ ലഹരിയവസാനിക്കില്ല, മറിച്ച് ലഹരിയിലേക്ക് വഴിനടത്തുന്ന നമ്മുടെ സംസ്കാരത്തിലും മനോഭാവത്തിലും മാറ്റങ്ങളുണ്ടാവണം.
ഇവരും രോഗികളാണ്
ലഹരി വിപത്തിൽനിന്ന് മുക്തി നൽകുന്ന ചികിത്സാ സംവിധാനങ്ങൾ നമ്മുടെ നാട്ടിലിന്ന് വ്യാപകമാണ്. ഇതിലൂടെ ഒരുപാട് മനുഷ്യർക്ക് ആ ചതിക്കുഴിയിൽനിന്ന് കരകയറി ജീവിതത്തിലേക്ക് തിരിച്ചുനടക്കാനും സാധിക്കുന്നുണ്ട്. എന്നാൽ, മികച്ച നിലവാരത്തിലുള്ള ചികിത്സ ലഭ്യമായിട്ടും വീണ്ടും ലഹരിയിലേക്ക് വഴുതിവീഴുന്നവർ നിരവധിയാണ്. ഈ ഇടർച്ചക്ക് പിന്നിൽ നമ്മുടെ സമീപനത്തിന് വലിയ പങ്കുണ്ട്.
സാമൂഹിക പ്രശ്നം എന്നതിനപ്പുറം ജീവിതശൈലിയുടെ ഭാഗമായി രൂപപ്പെടുന്ന അനേകം രോഗങ്ങളിൽ ഒന്നാണ് ലഹരി ഉപയോഗവും. അതിനാൽ ലഹരിക്കടിപ്പെട്ട ഒരാളെ രോഗിയായാണ് പരിഗണിക്കേണ്ടത്, സാമൂഹിക വിരോധിയായിട്ടല്ല. ഒരു രോഗി അർഹിക്കുന്ന എല്ലാ പരിഗണനയും ചികിത്സയും ലഹരിക്ക് അടിമയായവരും അർഹിക്കുന്നുണ്ട്. ഇവിടെയാണ് നമ്മുടെ മനോഭാവവും വീണ്ടുവിചാരമർഹിക്കുന്നത്. വീണുപോയ മനുഷ്യരെ ചേർത്തുനിർത്തുമ്പോൾ മാത്രമാണ് അതിജീവനം സമ്പൂർണമാകുന്നത്. ചികിത്സ വേണ്ടത് രോഗിക്ക് മാത്രമല്ല, അയാളുൾക്കൊള്ളുന്ന സമൂഹത്തിന് കൂടിയാണ്. നിലവിലെ ഡീ അഡിക്ഷൻ ചികിത്സാരീതി രോഗിയിലാണ് കൂടുതൽ കേന്ദ്രീകരിക്കുന്നത്. അപ്പോഴും അയാളുടെ ലഹരിയിലേക്ക് വഴിനടത്തുന്ന സാഹചര്യങ്ങളും വലയങ്ങളും നമ്മുടെ ചികിത്സാ പരിധിക്ക് പുറത്താണ്. Transformation psychiatry എന്ന ചികിത്സാരീതി ഇവിടെയാണ് പ്രസക്തമാകുന്നത്. രോഗിയെയും അയാളുൾക്കൊള്ളുന്ന സമൂഹത്തെയും ഒരുമിച്ച് ചികിത്സിക്കുന്ന സമീപനമാണിത്. രോഗിയിലെ ലഹരിയെ മാത്രം തടയുക എന്നതിനപ്പുറം അയാളിൽ മുഴുവനായും പരിവർത്തനം (Transformation) സാധ്യമാക്കുകയാണിതിലൂടെ. ഇതുവഴി മാത്രമേ രോഗിക്കൊപ്പം സമൂഹവും ലഹരിമുക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


