Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഅശ്ഫാഖുല്ലാ ഖാൻ:...

അശ്ഫാഖുല്ലാ ഖാൻ: പടപ്പാട്ടു പാടി മരണത്തിലേക്ക് നടന്നൊരാൾ

text_fields
bookmark_border
അശ്ഫാഖുല്ലാ ഖാൻ: പടപ്പാട്ടു പാടി മരണത്തിലേക്ക് നടന്നൊരാൾ
cancel

സര്‍ഫറോശി കി തമന്നാ അബ് ഹമാരേ ദിൽ മേ ഹെ

ദേഖ്നാ ഹെ സോർ കിത്നാ ബാഹു ഏ ഖാതിൽ മേ ഹേ

(“ത്യാഗത്തിനായുള്ള അഭിവാഞ്ജ നമ്മുടെ ഉള്ളിലുണ്ട്, അതിക്രമകാരിയുടെ കൈകൾക്ക് എത്ര കരുത്തുണ്ട് എന്ന് ഞങ്ങളൊന്ന് കാണട്ടെ’’)

പൗരത്വ സമരത്തിലടക്കം സമീപകാല പൗരാവകാശ മുന്നേറ്റങ്ങളിൽ മുഴങ്ങിക്കേട്ട ഈ വരികൾ ഓർക്കുന്നില്ലേ? ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിന് ഊർജം പകർന്ന് ബിസ്മിൽ അസിമാബാദി എഴുതിയ ഈ വിപ്ലവ കവിത ഏറെയും അറിയപ്പെടുന്നത് രണ്ട് രക്തസാക്ഷികളുടെ പേരിലാണ്. രാം പ്രസാദ് ബിസ്മിലും അശ്ഫാഖുല്ലാ ഖാനും ജയിലിൽ നിത്യവും പാടി നടന്നത് ഈ പടപ്പാട്ടായിരുന്നു. അശ്ഫാഖുല്ലാ ഖാന്റെ 125ാം ജന്മവാർഷിക ദിനമാണിന്ന്.

1900 ഒക്ടോബര്‍ 22ന് ഉത്തര്‍പ്രദേശിലെ ഷാഹജഹാന്‍പൂരിലുള്ള സമ്പന്ന ജന്മി കുടുംബത്തില്‍ ശഫിഖുല്ലാ ഖാന്റെയും മസഹറുന്നീസാ ബീഗത്തിന്റെയും പുത്രനായാണ് ജനനം. ഉമ്മയുടെ സ്വാധീനത്താല്‍ സാഹിത്യ താല്‍പരനായി വളർന്ന അശ്ഫാഖുല്ല, ചെറുപ്പം മുതലേ ഉര്‍ദു കവിതകളെഴുതി. ഭരണകൂടത്തിനെതിരായ രൂക്ഷ വിമർശനങ്ങളും ജനതയുടെ വേദനയുമായിരുന്നു ആ വരികളിലേറെയും.

നാടിന്റെ മോചനത്തിനായുള്ള പോരാട്ടങ്ങളിൽ പങ്കുചേരാനുള്ള അതിയായ ആഗ്രഹമാണ് അദ്ദേഹത്തെ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (HRA) നേതാവായ രാം പ്രസാദ് ബിസ്മിലുമായി അടുപ്പിച്ചത്. ജന്മി കുടുംബത്തിൽ നിന്നുള്ള ചെറുപ്പക്കാരനെ ഉൾക്കൊള്ളാൻ ആദ്യം ബിസ്മിൽ മടിച്ചെങ്കിലും, അശ്ഫാഖുല്ലയുടെ ധീരതയും രാജ്യസ്നേഹവും സമർപ്പണബോധവും തിരിച്ചറിഞ്ഞ് അദ്ദേഹത്തെ സംഘടനയിൽ ചേർത്തു. ഇവർ തമ്മിലുള്ള ബന്ധം മത സൗഹാർദത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഉജ്ജ്വല മാതൃകയായി കണക്കാക്കപ്പെടുന്നു.

വിപ്ലവപ്രവർത്തനങ്ങൾക്കാവശ്യമായ ആയുധങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്താനായി, ബ്രിട്ടീഷ് സർക്കാറിന്റെ പണവുമായി പോകുന്ന ഒരു ട്രെയിൻ കൊള്ളയടിക്കാനുള്ള പദ്ധതി ബിസ്മിൽ ആസൂത്രണം ചെയ്തു. ഇത്തരമൊരു ഓപറേഷൻ നടത്തിയാൽ ബ്രിട്ടീഷ് സർക്കാർ കഠിനമായ പീഡനങ്ങൾ അഴിച്ചുവിടുമെന്നും അത് സമരമാർഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അശ്ഫാഖുല്ല ശക്തമായി എതിർത്തു. എങ്കിലും, സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും തീരുമാനത്തെ മാനിച്ച്, അദ്ദേഹം ആ പദ്ധതിയിൽ നിർണായക പങ്കുവഹിച്ചു.

1925 ആഗസ്റ്റ് ഒമ്പതിന്, സർക്കാർ ഖജനാവിലേക്കുള്ള പണവുമായി പോയ സഹാറൻപൂർ-ലഖ്നോ പാസഞ്ചർ ട്രെയിനിൽ, ലഖ്നോവിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കാക്കോരി ഗ്രാമത്തിൽ വെച്ച് വിപ്ലവകാരികൾ കവർച്ച നടത്തി. ബിസ്മിലിനും അശ്ഫാഖുല്ലക്കും പുറമെ രാജേന്ദ്ര ലാഹിരി, ചന്ദ്രശേഖർ ആസാദ്, സചീന്ദ്രനാഥ് ബക്ഷി, കേശബ് ചക്രവർത്തി, മൻമത് നാഥ് ഗുപ്ത, മുരാരി ശർമ, മുകുന്ദ് ലാൽ, ബൻവാരി ലാൽ എന്നിവരായിരുന്നു ഈ കൃത്യം നിർവഹിച്ചത്. 4679 രൂപ ഒരണ ആറ് പൈസയാണ് അന്ന് കവർന്നെടുത്തത്. ഞെട്ടലും നാണക്കേടും സമ്മാനിച്ച ഈ സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് സർക്കാർ നാടൊട്ടുക്ക് വ്യാപകമായ അടിച്ചമർത്തൽ അഴിച്ചുവിട്ടു. രണ്ട് മാസത്തിനുശേഷം ബിസ്മിൽ പിടിയിലായി.

സംഭവശേഷം നേപ്പാളിലേക്കും (ഇപ്പോഴത്തെ ഝാർഖണ്ഡിലെ) ഡാൽട്ടൻ ഗഞ്ചിലേക്കും പോയ അശ്ഫാഖുല്ലയെ കണ്ടെത്താൻ ബ്രിട്ടീഷുകാർ സകല തന്ത്രങ്ങളും പ്രയോഗിച്ചിട്ടും നടന്നില്ല. പക്ഷേ, ഒരു വര്‍ഷത്തിനുശേഷം ഗ്രാമവാസികളിലൊരാൾ ഒറ്റിയതുമൂലം പൊലീസ് ഡൽഹിയിൽ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

വിചാരണക്കിടെ, ബിസ്മിലിനെ രക്ഷിക്കാനായി, കവർച്ചയുടെ മുഴുവന്‍ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായി അശ്ഫാഖുല്ല പ്രഖ്യാപിച്ചു. അഭിഭാഷകന്റെ ഉപദേശങ്ങൾ ചെവിക്കൊള്ളാൻ കൂട്ടാക്കാതെ, തന്നെ കുറ്റക്കാരനായി കാണണമെന്ന് പ്രിവി കൗൺസിലിനോട് ആവശ്യപ്പെട്ടു.

ബിസ്മിൽ, അശ്ഫാഖുല്ല, രാജേന്ദ്ര ലാഹിരി, റോഷൻ സിങ് എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ചു. അഞ്ച് പ്രതികളെ കാലാപാനിയിലേക്ക് നാടുകടത്തി. ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല (പിന്നീട് അലഹബാദിലെ ആൽഫ്രഡ് പാർക്കിൽവെച്ച് പിടികൂടാൻ പൊലീസ് വളഞ്ഞ ഘട്ടത്തിൽ അദ്ദേഹം സ്വയം നിറയൊഴിച്ച് ജീവൻ വെടിയുകയായിരുന്നു).

1927 ഡിസംബർ 19ന് ഫൈസാബാദ് ജയിലിൽവെച്ചാണ് അശ്ഫാഖുല്ലാഖാനെ തൂക്കിലേറ്റിയത്. അന്ത്യാഭിലാഷം എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ച ഉദ്യോഗസ്ഥനോട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ ഒരു ആഗ്രഹവുമില്ലെന്ന് മറുപടി നൽകി സര്‍ഫറോശി കി തമന്ന ഉറക്കെപ്പാടി തലയുയർത്തിപ്പിടിച്ച് പുഞ്ചിരിയുമായാണ് അദ്ദേഹം തൂക്കുമരത്തിലേക്ക് നടന്നുപോയത്.

അധിനിവേശകർക്ക് മുന്നിൽ മാപ്പുപറയാനോ ദയ യാചിക്കാനോ കൂട്ടാക്കാതെ അശ്ഫാഖുല്ലയെപ്പോലുള്ള ധീരർ ജീവൻ നൽകി നേടിത്തന്ന വിലപ്പെട്ട സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാർക്കും കടമയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom fighterAshfaqulla Khan and Begum Hazrat Mahalashfaqulla khan
News Summary - ashfaqulla khan freedom fighter
Next Story